സര്‍ട്ടിഫിക്കറ്റിന്‍െറ ആധികാരികത: നഴ്സുമാര്‍ അറസ്റ്റ് ഭീതിയില്‍
text_fieldsറിയാദ്: സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ് പുതുക്കാനുള്ള പരിശോധനയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്‍െറ ആധികാരികത തെളിയിക്കാന്‍ കഴിയാത്തതിനാല്‍ നിയമ കുരുക്കിലായ ഇന്ത്യന്‍ നഴ്സുമാര്‍ അറസ്റ്റ് ഭീതിയില്‍. ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് അനുവദിക്കുമ്പോഴും പുതുക്കുമ്പോഴുമാണ് യോഗ്യതയുടെയും തൊഴില്‍ പരിചയത്തിന്‍െറയും രേഖകള്‍ പരിശോധനക്ക് വിധേയമാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത യൂനിവേഴ്സിറ്റികളുമായും പഠിച്ച സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജന്‍സിയായ ഡാറ്റാ ഫ്ളോ വഴിയാണ് വെരിഫിക്കേഷന്‍ നടത്തുന്നത്. സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ കോഴ്സുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ പലര്‍ക്കും തങ്ങളുടെ യോഗ്യത തെളിയിക്കാന്‍ കഴിയാതെ വരുന്നു. ഇതോടെ വ്യാജ രേഖകള്‍ കാട്ടി ലൈസന്‍സ് നേടുകയും തൊഴിലെടുക്കുകയും ചെയ്ത കുറ്റത്തിന്‍െറ പരിധിയില്‍ വരുന്നതാണ് പ്രശ്നമാകുന്നത്. ജനറല്‍ നഴ്സിങ്, ലാബ് ടെക്നീഷ്യന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഡിപ്ളോമയോ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോ പൂര്‍ത്തിയാക്കിയവരാണ് അധികവും പ്രശ്നത്തിലായിരിക്കുന്നത്. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം സ്റ്റാഫ് നഴ്സായി ജോലി ചെയ്ത യുവതി ഇപ്പോള്‍ നിയമകുരുക്കിലാണ്. ഒന്നര വര്‍ഷം മുമ്പ് ലൈസന്‍സിന്‍െറ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ കൊടുത്തപ്പോഴാണ് പ്രശ്നമായത്.
ഡാറ്റാ ഫ്ളോയുടെ അന്വേഷണത്തില്‍ ജനറല്‍ നഴ്സിങ്ങിന് പഠിച്ച സ്ഥാപനം കണ്ടത്തൊന്‍ കഴിയാതായതാണ് വിനയായത്. ഇവരെ പിരിച്ചുവിടാനാണ് ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ആശുപത്രി അധികൃതര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ജോലിയില്‍ നിന്നൊഴിവായ യുവതി റിയാദിലുള്ള ഭര്‍ത്താവിന്‍െറ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറി. ഇതിനിടയില്‍ രണ്ടുതവണ അവധിക്ക് നാട്ടില്‍ പോയി മടങ്ങുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയപ്പോഴാണ് വ്യാജ രേഖ പ്രശ്നം കേസായി മാറിയെന്ന് മനസിലായത്.
റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പൊലീസ് കേസുണ്ടെന്ന് പറഞ്ഞ് യാത്ര തുടരാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. വ്യാജ രേഖ ചമച്ച് ലൈസന്‍സ് നേടി ആരോഗ്യ മേഖലയില്‍ ജോലിയെടുത്തതിനുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നുമാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. നിയമനടപടികളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഭാര്യയെ റിയാദില്‍ നിറുത്തി ഭര്‍ത്താവും കുട്ടികളും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമവും തടയപ്പെട്ടു. എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്താണ് അതിന് തുനിഞ്ഞത്. എന്നാല്‍ തന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ രാജ്യത്തുള്ള മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം മാത്രമേ എക്സിറ്റില്‍ പോകാന്‍ നിയമം അനുവദിക്കൂ എന്ന് പറഞ്ഞാണ് അധികൃതര്‍ മടക്കിയത്. കുട്ടികളെ മാത്രം നാട്ടില്‍ അയച്ച് ഭാര്യയും ഭര്‍ത്താവും റിയാദില്‍ തുടരുകയാണ്.
പഠിച്ച സ്ഥാപനം പൂട്ടിപ്പോയത് കൊണ്ട് മാത്രമാണ് ആധികാരികത തെളിയിക്കാന്‍ കഴിയാതായതെന്നും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്കും അംബാസഡര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിനുമെല്ലാം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
