Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ കാലവും കടന്ന്...

ഈ കാലവും കടന്ന്...

text_fields
bookmark_border
ഈ കാലവും കടന്ന്...
cancel
camera_alt

ബൈജു

കോവിഡി​െൻറ ദുരിതകാലം കടന്ന്​ സ്​കൂളുകൾ സമ്പൂർണ ഹാജറി​ൽ ഉണർന്നു. ഒന്നര വർഷത്തിനുശേഷം ഖത്തറിലെ സ്​കൂളുകൾ വീണ്ടും സജീവമായതി​െൻറ ആവേശത്തിലാണ്​ അധ്യാപകരും വിദ്യാർഥികളും. ഓൺലൈനും ഓഫ്​ലൈനുമായി കടന്ന​ുപോയ ഒന്നര വർഷത്തെ പരീക്ഷണകാലം കഴിഞ്ഞ്​ കുട്ടികളെല്ലാം സ്​കൂളിലെത്തിയ പശ്ചാത്തലത്തിൽ അനുഭവം പങ്കുവെക്കുകയാണ്​ ദോഹ ഐഡിയൽ ഇന്ത്യൻ സ്​കൂൾ അധ്യാപകനായ ബൈജു .വി.പി

അവസാനത്തെ പിരീഡ് ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ ക്ലാസിലെ സ്പീക്കര്‍ ശബ്​ദിച്ചു. കുട്ടികള്‍ നിശ്ശബ്​ദരായി. 'ഇനി ഓണ്‍ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല, അടുത്ത ഞായറാഴ്ച മുതൽ മുഴുവൻ കുട്ടികള്‍ക്കും ക്ലാസിൽ വരാവുന്നതാണ്'. പിന്നെ എല്ലാ ക്ലാസുകളില്‍നിന്നും കരഘോഷത്തി‍​െൻറ കടലിരമ്പംതന്നെയായിരുന്നു. ഞാനും അറിയാതെ ​കൈയടിച്ചുപോയി. ഒന്നര വര്‍ഷത്തിലേറെയായി അനുഭവിച്ചുവന്ന സഹനങ്ങള്‍ക്ക് എല്ലാം അറുതിവന്നതുപോലെ. ആ ചരിത്രപരമായ പ്രഖ്യാപനം കേട്ടപ്പോൾ എന്തെല്ലാമാണ് മനസ്സിലൂടെ കടന്നുപോയത് എന്നറിയില്ല. നഷ്​ടപ്പെട്ടുപോയ വിദ്യാലയാന്തരീക്ഷം വീണ്ടുകിട്ടാന്‍പോവുകയാണ്. പകുതി കുട്ടികള്‍ ക്ലാസിലും പകുതി കുട്ടികള്‍ വീട്ടിലുമായി ബ്ലെന്‍ഡഡ് ലേണിങ്ങായിരുന്നു നടന്നുവന്നത്.

മുന്നൊരുക്കങ്ങള്‍

ഒന്നരവര്‍ഷം മുമ്പ്​ അധ്യയനവര്‍ഷം ആരംഭിച്ചുതുടങ്ങിയ സമയത്താണ് അതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരുരോഗം ലോകത്തെ നടുക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. സ്കൂള്‍ ഗ്രൂപ്പിൽ അറിയിപ്പ് വന്നു. ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുന്നതായിരിക്കും. അതിനുശേഷം നിരന്തരമായ മീറ്റിങ്ങുകള്‍, മുന്നൊരുക്കങ്ങള്‍, ക്ലാസ്ഗ്രൂപ് രൂപവത്​കരണം. എല്ലാവര്‍ക്കും അങ്കലാപ്പുതന്നെ. സൂം എന്ന ആപ് വഴിയാണ് ക്ലാസെടുക്കാൻ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ഞങ്ങൾ അധ്യാപകർ നന്നായി വിയര്‍ത്തു. സാങ്കേതിക പരിജ്ഞാനം കുറവായതുതന്നെ കാരണം. കുട്ടികള്‍ എല്ലാം വേഗത്തില്‍ പഠിച്ചെടുത്തു. ചില വിരുതന്മാര്‍ ഷെയര്‍ സ്ക്രീനിൽ കുത്തിവരയാൻ തുടങ്ങി. അതൊന്നു നിര്‍ത്താൻ അറിയാതെ പലരും കുഴങ്ങി. എന്നാല്‍, പെട്ടെന്നുതന്നെ എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കി സ്മാര്‍ട്ടായി. പരീക്ഷ നടത്തിപ്പായിരുന്നു വലിയ പ്രശ്നം. ആദ്യമായി ഞങ്ങൾ തിരഞ്ഞെടുത്തത് മൈക്രോസോഫ്റ്റ് ടീംസ് ആയിരുന്നു. സത്യം പറഞ്ഞാൽ അതൊരു 'ബാലികേറാമല' തന്നെയായിരുന്നു. രാത്രി വൈകിയും മീറ്റിങ്ങുകൾ. ഉറക്കിൽ പോലും കമ്പ്യൂട്ടര്‍സ്ക്രീനായിരുന്നു കണ്ടത്. പക്ഷേ, പിന്നീട് അങ്ങോട്ട് എല്ലാത്തിലും ഞങ്ങള്‍ വിജയിച്ചു. കലാമേളയും പി.ടി.എ മീറ്റിങ്ങും എല്ലാം ഓണ്‍ലൈനിൽ നടത്തി.

ഹാ വിജിഗീഷു...

"ഹാ വിജിഗീഷു മൃത്യുവിന്നാമോ,

ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍"....

വൈലോപ്പിള്ളിയുടെ ഈ വരികളില്‍ പറയുമ്പോലെ ഒരുഭാഗത്ത്​ കൊറോണ മരണം വിതച്ച് മുന്നേറുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെപ്പോലെ അധ്യാപകരും കൊറോണയെ ചെറുക്കുന്ന മുന്നണിപ്പോരാളികളായി. കുട്ടികള്‍ വീട്ടിലാണെങ്കിലും പഠനപ്രക്രിയ മുടങ്ങാതിരിക്കാനും ഫലപ്രദമാക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പഠനപ്രക്രിയ അനവരതം തുടര്‍ന്നു. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരേ മനസ്സോടെ മുന്നോട്ടുപോയി.

അധ്യാപനത്തി‍​െൻറ പുതിയ തലങ്ങള്‍

ഖത്തറില്‍ വന്നപ്പോളാണ് ഒരു ലാപ്ടോപ് സ്വന്തമാക്കിയത്. അത് ഒരു അവശ്യഘടകമായിരുന്നു. പക്ഷേ, ആകെ അറിയാവുന്നത് എക്സലും വേര്‍ഡും മാത്രം. അതായിരുന്നു ഞങ്ങളിൽ പലരുടെയും കമ്പ്യൂട്ടര്‍സാക്ഷരത. പിന്നെ കൊറോണ ലോകത്തെ പലതും പഠിപ്പിച്ച കൂട്ടത്തിൽ ഞങ്ങളെയും നൂതന രീതികൾ പഠിപ്പിച്ചു. പരമ്പരാഗത രീതികള്‍ വിട്ട് പഠനം കൂടുതൽ ശിശുകേന്ദ്രീകൃതമായി. സെമിനാറുകള്‍ വെബിനാറുകളായി. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ ചിന്തകരുടെ ക്ലാസുകള്‍, സി.ബി.എസ്.ഇയുടെ തന്നെ നിരവധി വെബിനാറുകള്‍. എല്ലാം പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അങ്ങനെ പവര്‍ പോയൻറ്​ പ്രസ​േൻറഷന്‍ അത്ഭുതത്തോടെ കണ്ടിരുന്ന ഞങ്ങൾ അതും അതുക്കും മേലെയും പഠിച്ചു.

ലോകം കൊറോണക്ക്​ മുമ്പും ശേഷവും

കൊറോണ ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. കരുതലുകള്‍ തുടരണം. ഈ രോഗം ഒരുപാട് നഷ്​ടങ്ങള്‍ നമുക്ക് വരുത്തി. പ്രിയപ്പെട്ടവര്‍ പലരും നമ്മളെ വിട്ടുപോയി. ഇതിലും ഭയാനകമായ വ്യാധികൾ നേരിട്ടതാണ് മാനവകുലം. അതുകൊണ്ടാണ് ഇവിടെ ഗുണവശങ്ങൾ എടുത്തുപറഞ്ഞത്. വീട്ടിനുള്ളില്‍തന്നെ ഒതുങ്ങിയിരുന്ന കുട്ടികളുടെ മാനസികാരോഗ്യം നഷ്​ടമായിത്തുടങ്ങിയ സമയത്ത് ഈ പ്രഖ്യാപനം ഏറെ സ്വാഗതാര്‍ഹാമാണ്. നമ്മുടെ നാട്ടിലും സ്കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് എന്ന വാര്‍ത്തയും സന്തോഷം പകരുന്നു. ഇനി ലോകം അറിയപ്പെടുക കൊറോണക്ക് മുമ്പും ശേഷവും എന്നായിരിക്കും.

Show Full Article
TAGS:covid experince 
News Summary - covid experince
Next Story