You are here

‘പപ്പാ വീട്ടിലേക്ക്​ വാ, കയറിൽ കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...’

  • പ്രവാസത്തിൽ നിന്നുള്ള ഈ തിരിച്ചുപോക്കിൽ അയാൾ ഒരുപാട്​ ജീവിതപാഠങ്ങളാണ്​ പഠിച്ചുതീർത്തത്​   

ഒ. മുസ്​തഫ
21:20 PM
30/06/2020
expat

ദോഹ: പണവും പ്രതാപവും ഏറെയുണ്ടായിരുന്നു അയാൾക്ക്​. പലവിധ പ്രതിസന്ധികളാൽ എല്ലാം നഷ്​ടപ്പെട്ട്​ ഒടുവിൽ  ഖത്തറിൽ പ്രവാസിയാണ്​ ആ പത്തനംതിട്ട സ്വദേശി ഇന്ന്​. ഇപ്പോൾ കോവിഡും അതിജീവിതത്തിന്​ മുന്നിൽ തടസ്സമായി നിന്നു. 

നിത്യജീവിതത്തിന്​ പോലും പണമില്ല. നാട്ടിൽ സാമ്പത്തികപ്രയാസങ്ങൾ ഒരുപാട്​. നാട്ടിലേക്ക്​ വിളിക്കു​േമ്പാൾ  കുഞ്ഞുമകൻ അയാളോട്​ എന്നും പറയും ‘പപ്പാ, പപ്പ ഗൾഫിൽ നിന്നാൽ കൊറോണ പിടിക്കും, വീട്ടിലേക്ക്​ വാ... കയറിൽ  കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...’ തിരിച്ചെത്തുന്ന പ്രവാസിയെ നാട്ടിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾക്കിടയിലും  ഇത്തരം സ്​നേഹകഥകൾ കൂടി പങ്കുവെക്കുന്നുണ്ട്​ പ്രവാസലോകം. 

അയാളുടെ കഥയറിഞ്ഞ ഗൾഫ്​ മാധ്യമം - മീഡിയവൺ  മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ പദ്ധതി കമ്മിറ്റി അംഗം നാസർ ആലുവ ഇടപെട്ട്​​ നാട്ടിലേക്കുള്ള സൗജന്യ വിമാനടിക്കറ്റ്​ പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയുടെ ചാർ​ട്ടേർഡ്​ വിമാനത്തിൽ ഏർപ്പാടാക്കിക്കൊടുത്തു. 

ബുധനാഴ്​ച രാവിലെയുള്ള വിമാനത്തിൽ അയാൾ കൊച്ചിയിലേക്ക്​ യാത്ര തിരിക്കും. പ്രതിസന്ധി തീർന്ന്​ ഉടൻ  തിരിച്ചുവരാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രവാസം നൽകിയ നന്മകൾ അയാൾ മനസ്സിലെന്നും താലോലിക്കും.  പ്രിയപ്പെട്ട മകൻെറ വാക്കുകളാണ്​ നാട്ടിലേക്ക്​ തിരിക്കാൻ അയാൾക്ക്​ കൂടുതൽ കരുത്തുപകരുന്നത്​. 

പ്രവാസ ലോകത്തുനിന്ന്​ റബർ ടാപ്പിങ്ങിലേക്ക്​
പത്തനംതിട്ട കോന്നി സ്വദേശിയാണ്​ ഈ 58കാരൻ. വർഷങ്ങൾക്കുമുമ്പ്​ ദുബൈയിലും പിന്നീട്​ ഖത്തറിലും  കെട്ടിടനിർമാണമേഖലയിലെ അറിയപ്പെടുന്ന കമ്പനിയിലെ ഉദ്യോഗസ്​ഥനായിരുന്നു. മികച്ച ശമ്പളവും മെച്ചപ്പെട്ട  സൗകര്യങ്ങളുമായി കഴിഞ്ഞുവന്ന അദ്ദേഹത്തിൻെറ ജീവിതം പി​െന്ന താളംതെറ്റി. സഹായം  ചോദിച്ചുവരുന്നവരെയൊന്നും അയാൾ മടക്കിവിട്ടില്ല. 

ചോദിക്കുന്നതിൻെറ ഇരട്ടി കൊടുത്തു. ഇതിനിടയിൽ നാട്ടിലും വിവിധ  സന്നദ്ധസ്​ഥാപനങ്ങളുമായി സഹകരിച്ച്​ സാമ്പത്തിക സഹായങ്ങൾ ചെയ്​തു. വലിയ കുടുംബത്തിലെ അംഗമായിരുന്ന  അദ്ദേഹം സഹോദരങ്ങളെയും ഇഷ്​ടം പോലെ സഹായിച്ചു. അയാളുടെ ഭൂ സ്വത്തിൽ നിന്നുള്ള ആദായങ്ങളടക്കം  സഹോദരങ്ങൾ ഉപയോഗിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ഇതിനിടയിൽ കല്യാണം കഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല.  ഒരാൺകുട്ടിയെ ദത്തെടുത്തുവളർത്തി. സാമ്പത്തിക​വിഷയത്തിൽ സൂക്ഷ്​മത വേണമെന്ന്​ ഭാര്യ പലകുറി മുന്നറിയിപ്പ്​  നൽകിയെങ്കിലും അയാൾ കേട്ടില്ല. ഒടുവിൽ വിവാഹമോചനത്തിലെത്തി. 

നാട്ടിലുള്ള സ്വത്തുവകകളെല്ലാം അപ്പോഴേക്കും കേസും നിയമനടപടികൾക്കും മറ്റുമായി നഷ്​ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വത്തുക്കൾ നശിച്ചതോടെ സഹോദരങ്ങളടക്കം തിരിഞ്ഞുനോക്കാതെയായി. ഒടുവിൽ നാട്ടിൽ തിരിച്ചെത്തി റബർ ടാപ്പിങ്ങടക്കമുള്ള പണികൾക്കിറങ്ങി. മുൻഭാര്യ മറ്റൊരു  വിവാഹം കഴിച്ചതോടെ ഇയാളും മറ്റൊരു സ്​ത്രീയെ വിവാഹം ചെയ്​തു. അതിൽ രണ്ട്​ ആൺകുട്ടികളുണ്ടായി. ദത്തെടുത്ത കുട്ടിയും ഇവർക്കൊപ്പമുണ്ട്​. 

കടബാധ്യതയാൽ നാട്ടിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ഖത്തറിലേക്ക്​ ത​െന്ന  മടങ്ങേണ്ടിവന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി സംഘടിപ്പിച്ച്​ പതിയെ നാട്ടിലുള്ള ബാധ്യതകൾ തീർക്കാനുള്ള  ശ്രമം തുടങ്ങിയപ്പോഴേക്കും കോവിഡ്​ എന്ന കുരുക്കുമുണ്ടായി. ശാരീരിക പ്രശ്​നമടക്കമുള്ളതിനാലും ഓഫിസിൽ കോവിഡ്​  ഭീഷണി ഉള്ളതിനാലും പിന്നെ ജോലിക്ക്​ പോകാനായില്ല. 

കിടക്കു​േമ്പാൾ ശ്വാസതടസ്സം ഇല്ലാതിരിക്കാൻ പ്രത്യേക  ഉപകരണം ശരീരത്തിൽ ഘടിപ്പിക്കണം. ഇ​െല്ലങ്കിൽ ഉറക്കത്തിനി​െട ശ്വാസംകിട്ടാത്ത അവസ്​ഥ വരും. മാസങ്ങളായി  സന്നദ്ധസംഘടനകളുടെ ഭക്ഷണക്കിറ്റിനെ ആശ്രയിച്ചാണ്​ ജീവിതം. ചെലവിന്​ പണം പോലുമില്ല. പ്രവാസത്തിൽ നിന്ന്​  തൽക്കാലത്തേക്കെങ്കിലുമുള്ള ഈ തിരിച്ചുപോക്കിനിടയിൽ അയാൾ ഒരുപാട്​ ജീവിതപാഠങ്ങളാണ്​ പഠിച്ചുതീർത്തത്​.
 

Loading...
COMMENTS