You are here

ഖത്തറിൽനിന്ന്​ ചാർട്ടർ വിമാനത്തിന്​ ശ്രമവുമായി കെ.എം.സി.സി 

  • അനുമതിക്കായി കേന്ദ്ര സർക്കാറിന്​ അപേക്ഷ നൽകി

ദോഹ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഖത്തറിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഖത്തറിൽനിന്ന്​ ചാർട്ടർ  വിമാനത്തിനായി ശ്രമങ്ങളുമായി കെ.എം.സി.സി. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേകം ചാർട്ടർ വിമാനം  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ഖത്തർ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമാരൻ എന്നിവർക്ക് അപേക്ഷ നൽകി. 

ശ്രമങ്ങൾക്ക്​ പിന്തുണ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി സംസ്​ഥാന പ്രസിഡൻറ്​ എസ്​.എ.എം. ബഷീർ അറിയിച്ചു.
 വിവിധ രോഗങ്ങളാൽ കഷ്​ടപ്പെടുന്നവർ, ചികിത്സ മുടങ്ങിയവർ, ഗർഭിണികൾ, തൊഴിൽ നഷ്​ടപ്പെട്ടു താമസിക്കാൻ സ്​ഥലവും ഭക്ഷണവും ഇല്ലാത്തവർ, തൊഴിലന്വേഷകരായി വന്ന് തിരികെപോകാൻ സാധിക്കാത്തവർ അടക്കം നിരവധി പേരാണ്  ഖത്തറിൽ ഉള്ളത്​. ഇവർ ഇന്ത്യൻ എംബസിയിൽ പേര് രജിസ്​റ്റർ ചെയ്ത് കാത്തിരിക്കുകയാണ്​. എന്നാൽ പരിമിതമായ ആളുകളെ മാത്രമേ നിലവിലെ വിമാനങ്ങളിൽ കൊണ്ടുപോകാൻ കഴിയുന്നുള്ളൂ. 

ഇത്രയധികം ആളുകളെ നാട്ടിലയക്കുക കാലതാമസമെടുക്കുന്ന പ്രക്രിയ ആണ്​. ഇതിനാൽ പ്രത്യേക ചാർട്ടർ വിമാനത്തിന് അനുമതി ലഭിച്ചാൽ മിതമായ നിരക്കിൽ ആളുകളെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി സജ്ജമാണെന്നും കത്തിൽ പറയുന്നു. നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഖത്തറിൽനിന്നും കൂടുതൽ വിമാനം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര മന്ത്രിമാർക്ക് കത്തയച്ചിരുന്നു. ദുരിതത്തിലായി ഖത്തറിൽനിന്ന്​ മടങ്ങാനാഗ്രഹിക്കുന്ന അടിയന്തര സാഹചര്യങ്ങളിലുള്ള മലയാളികൾ മാത്രം പതിനായിരത്തിലധികമാണെന്ന്​ നേരത്തേ ‘ഗൾഫ്​ മാധ്യമം’ വാർത്ത നൽകിയിരുന്നു. 

ഖത്തറിലേക്ക്​ കൂടുതൽ വിമാനം വേണമെന്ന്​ ആവശ്യപ്പെട്ട്​ ‘ഗൾഫ്​ മാധ്യമം’ മേയ്​ 15ന്​ പ്രസിദ്ധീകരിച്ച വാർത്ത
 

ആഴ്​ചയിൽ കേരളത്തിലേക്ക്​ രണ്ട്​ വിമാനങ്ങൾ എന്ന തോതിൽ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ. ഇതിനാൽ ഇത്രയധികം ആളുകളെ നിലവി​െല സാഹചര്യത്തിൽ നാട്ടി​െലത്തിക്കണമെങ്കിൽ ഏഴ്​ മാസമെങ്കിലും വേണ്ടിവരും. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ  മടങ്ങാനാഗ്രഹിച്ച്​ രജിസ്​റ്റർ ചെയ്​ത നാൽപതിനായിരത്തിലധികം പേരിൽ 28,000ത്തിലധികം മലയാളികളാണ്​. ഖത്തറിൽ  കോവിഡ്​ ബാധിച്ചവരിലധികവും ഇന്ത്യക്കാരും അതിൽ ന​െല്ലാരുശതമാനം മലയാളികളുമാ​ണ്​. 

വളരെ ചെറിയ രാജ്യമെന്ന നിലയിൽ കോവിഡ് ബാധിതരുടെ എണ്ണം മേഖലയിൽ തന്നെ ഉയർന്ന നിലയിലാണ് ഖത്തറിൽ. രോഗബാധ രാജ്യത്ത്​ ഏറ്റവും ഉയർന്നനിലയിലാണെന്നും അത്​ വരുംദിവസങ്ങളിൽ തുടരുമെന്നും പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു. തൊഴിൽ നഷ്​ടപ്പെട്ടവരും കോവിഡ്​ പ്രതിസന്ധിയിൽ വരുമാനം നഷ്​ടപ്പെട്ട ഡ്രൈവർമാരടക്കമുള്ള ദിവസക്കൂലിക്കാരുമാണ് മടങ്ങാന​ ാഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനവും. 

നിലവിൽ ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ, ജോലി നഷ്​ടപ്പെട്ട്​ ദുരിതമനുഭവിക്കുന്നവർ എന്നിവരെയാണ്​ ഇന്ത്യൻ എംബസി പരിഗണിക്കുന്നത്​. ഇതിനാൽ തന്നെ അടിയന്തര ആവശ്യങ്ങൾ ഉള്ള മറ്റുള്ളവർക്ക്​ മടങ്ങാനാകില്ല. 181 യാത്രക്കാരെയാണ്​ നിലവിൽ ഒരു വിമാനത്തിൽ അനുവദിക്കുന്നത്​. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഴ്ചയിൽ നാല് വിമാന സർവിസുകൾ കേരളത്തിലേക്ക് അനുവദിച്ച് കിട്ടണമെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു.

Loading...
COMMENTS