മാതൃരാജ്യത്ത് തന്നെ തൊഴിൽനടപടികൾ പൂർത്തിയാക്കാം
text_fieldsകേരളത്തിലടക്കം ഖത്തർ വിസ സെൻററുകൾ
ഖത്തറിൽ ജോലി ലഭിക്കുന്നവർക്ക് എല്ലാ നടപടിക്രമങ്ങളും നാട്ടിൽനിന്നുതന്നെ പൂർത്തീകരിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസ സെൻററുകൾ അഥവാ ക്യു.വി.സികൾ. കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളും ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കൊച്ചി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണിവ.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിലാണ് കൊച്ചിയിലെ വിസ കേന്ദ്രം. ഏഴു കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തിക്കുക. 00914461331333 എന്ന ടെലിഫോണ്‍ നമ്പര്‍ മുഖേനയും info.ind@qatarvisacenter.com എന്ന ഇ-മെയില്‍ മുഖേനയും കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡൻറ്സ് പെര്‍മിറ്റ്(ആർ.പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ.
ഇന്ത്യക്കുപുറമെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുനീഷ്യ എന്നീ രാജ്യങ്ങളിലായി 20 വിസ കേന്ദ്രങ്ങള്‍ തുറക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഇതില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്, ഇന്ത്യ എന്നിവിടങ്ങളില്‍ വിസ കേന്ദ്രങ്ങള്‍ തുറന്നുകഴിഞ്ഞു.
തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ ഖത്തർ വിസാകേന്ദ്രങ്ങളിൽ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. റിക്രൂട്ട്മെൻറുകള്‍ സുതാര്യവും വേഗത്തിലുമാകും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാം. പണച്ചെലവും അധ്വാനവും കുറയും. മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും ലഭിക്കും. തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് കിട്ടും. ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം. അടുത്ത ഘട്ടമെന്ന നിലയില്‍ ഖത്തര്‍ വിസ കേന്ദ്രങ്ങളില്വെച്ചുതന്നെ ഹെല്‍ത്ത് കാര്‍ഡുകളും ബാങ്ക് കാര്‍ഡുകളും അനുവദിക്കും.
മുമ്പു മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം എന്നിവ ഖത്തറിലാണ് നടത്തിയിരുന്നത്. അതിനാണിപ്പോള്‍ മാതൃരാജ്യത്തുതന്നെ സൗകര്യമൊരുക്കിയിരിക്കുന്നത്. തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കി ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പുവെക്കാനാകും. നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഖത്തറിലേക്ക് പുറപ്പെടുംമുമ്പ് സൗജന്യമായി സിംകാര്‍ഡുകള്‍ നല്‍കും. 30 ഖത്തര്‍ റിയാല്‍ ബാലന്സോടെയായിരിക്കും ഇത്. ഖത്തര്‍ വിസ സെൻററിൽ ഒപ്പുവെക്കുന്ന തൊഴില്‍കരാര്‍ രേഖകള്‍ക്കൊപ്പം സിംകാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തും.
കരാറിെൻറ പകര്‍പ്പ് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിനും തൊഴിലുടമക്കും ലഭ്യമാകുന്നതോടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും. തൊഴിലാളിയുടെ പേരിലായിരിക്കും സിംകാര്‍ഡ്. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ ഇരുകൂട്ടരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രക്ത പരിശോധനകള്‍, എക്സ് റേ, കാഴ്ച വിലയിരുത്തല്‍, ശാരീരിക പരിശോധന തുടങ്ങിയ സുപ്രധാന മെഡിക്കല്‍ പരിശോധനകള്‍ കേന്ദ്രങ്ങള്‍ മുഖേന നടത്തും.
മിനിമം വേതനനിയമം
തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്ന മിഡിലീസ്റ്റിലെ ആദ്യ രാജ്യമായി ഖത്തർ മാറി. ഗാർഹികതൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതലാണ് പ്രാബല്യത്തിൽവന്നത്. 2020ലെ 17ാം നിയമമാണിത്. ഈ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമേ നൽകാനും നിയമം അനുശാസിക്കുന്നു.
നിയമത്തിന് നേരത്തേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതെന്ന് തൊഴിൽ സാമൂഹിക ഭരണകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ആറുമാസക്കാലം പുതിയ നിയമം നടപ്പാക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ നടത്താൻ കമ്പനികൾക്ക് മന്ത്രാലയം സമയം അനുവദിച്ചിരുന്നു. നിലവിലുള്ള തൊഴിൽകരാർ പുതുക്കലടക്കം ചെയ്യാനായിരുന്നു ഇത്. ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയ നിയമമനുസരിച്ച് പുതുക്കണം. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുന്നുണ്ട്. നിയമം സംബന്ധിച്ച സംശയങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ തുടങ്ങിയവക്ക് 16008 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

