3-2-1 മ്യൂസിയം കൺതുറന്നു
text_fields3-2-1 ഖത്തർ ഒളിമ്പിക് ആന്റ് സ്പോർട്സ് മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒളിമ്പിക്സ് ചാമ്പ്യന്മാരായ മുഅതസ് ബർഷിം, ജിയാൻമാർകോ ടംബെരി, ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാഹ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർക്കും
വിവിധ കായിക താരങ്ങൾക്കുമൊപ്പം
ദോഹ: ലോക കായിക ചരിത്രവും അസുലഭ നിമിഷങ്ങളുമെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയ ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകത്തിനായി കൺതുറന്നു. ബുധനാഴ്ച വൈകീട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ലോകത്തിന്റെ കായിക ചരിത്രവും നേട്ടങ്ങളും സൂപ്പർതാരങ്ങളെയും അവരുടെ മികവുകളും അടയാളപ്പെടുത്തിയ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
പഴയ ടെന്നിസ് ചാമ്പ്യൻകൂടിയായ അമീർ ടെന്നീസ് ബാൾ തട്ടിക്കൊണ്ടായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി ചടങ്ങിൽ സംബന്ധിച്ചു.
ഖത്തറിന്റെ ഒളിമ്പിക്സ് മെഡൽ ജേതാവ് മുഅതസ് ബർഷിമും, ടോക്യോ ഒളിമ്പിക്സിൽ ബർഷിമിനൊപ്പം സ്വർണം പങ്കിട്ട ഇറ്റലിയുടെ ജിയാൻമാർകോ ടംബെരി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് ആൽഥാനി, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാഹ്, ശൈഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ലോകകപ്പിനൊരുങ്ങുന്ന ഖത്തറിലെത്തുന്ന സന്ദർശകർക്ക് അപൂർവമായ ദൃശ്യവിരുന്നുകൾ സമ്മാനിക്കുന്നതാണ് 3-2-1 ഒളിമ്പിക് സ്പോർട്സ് മ്യൂസിയം. ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ ഗ്ലൗ, ലയണൽ മെസ്സിയുടെ ബാലൻഡി ഓർ പുരസ്കാരം, സചിൻ ടെണ്ടുൽകറുടെ കൈയൊപ്പോടുകൂടിയ ക്രിക്കറ്റ് ബാറ്റ്, മേരികോമിന്റെ മെഡലും ജഴ്സിയും, വിവിധ കാലങ്ങളിലെ ഒളിമ്പിക് ടോർച്ചുകൾ തുടങ്ങി വിവിധകാല കായിക മേഖലയുടെ പ്രദർശനം കൂടിയാണ് മ്യൂസിയം.