പ്രവാചക കവിതോത്സവത്തിന് ഉജ്ജ്വല തുടക്കം
text_fieldsദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രവാചക കവിതോത്സവത്തിന് തുടക്കമായി. കതാറ ഓപറ ഹൗസില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കവിതാ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 30 മത്സരാര്‍ഥികളടക്കം നിരവധി പേര്‍ ഒത്തുകൂടി. അവസാന റൗണ്ടിലേക്കുള്ള അഞ്ച് പേരെ കവിത മത്സരത്തിന്‍െറ ജൂറി തെരെഞ്ഞെടുക്കും.
അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക- സാംസ്കാരിക പരിപാടിയായിരിക്കും കതാറ സംഘടിപ്പിക്കുന്ന പ്രവാചക കവിതോത്സവമെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. നിരവധി ആളുകളുടെ മനസ്സുകളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ നിറഞ്ഞുനില്‍ക്കും വിധം കവിതകളെ പുനരുജ്ജീവിപ്പിക്കുകയും അറബ് പൈതൃകത്തെ സംരക്ഷിക്കുകയും ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹം യുവമനസ്സുകളില്‍ സൃഷ്ടിക്കുകയും തെറ്റായ വഴികളിലേക്കുള്ള അവരുടെ സഞ്ചാരം തടഞ്ഞ് നേര്‍വഴിക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൂടി ഈ മഹത്തായ പരിപാടിക്കുണ്ടെന്നും കതാറ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. ശൈഖ് മുഹമ്മദ് അല്‍ അരീഫി, പ്രസിദ്ധ കവി ഡോ. അബ്ദുറഹ്മാന്‍ അശ്മാവി, അഹ്മദ് അബ്ദുല്‍ ഹകീം അല്‍ സദ്ദി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാചക കവിതോത്സവത്തിന്‍െറ ഭാഗമായി വിവിധ പരിപാടികളും പ്രദര്‍ശനങ്ങളും കതാറയില്‍ ആരംഭിച്ചു. പ്രവാചകന്‍െറ ഗുണങ്ങള്‍ പ്രതിപാദിക്കുന്ന ഖുര്‍ആനിക വചനങ്ങളുടെ 50 പെയിന്‍റിങ്ങുകളും അറബ് കാലിഗ്രഫിയും കാവ്യമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. 30 കവികള്‍ പങ്കെടുക്കുന്ന സെമിനാറും നടക്കും. പരിപാടി നടക്കുന്ന അഞ്ച് ദിവസങ്ങളില്‍ മഗ്രിബ് നമസ്കാരനന്തരം പ്രവാചകനെ സംബന്ധിച്ച പ്രത്യേക പഠന ക്ളാസും നടക്കും. പരിപാടികളില്‍പങ്കെടുക്കുന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
അറബ് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കവിതകളാണ് മത്സരത്തിനായി സമര്‍പ്പിച്ചത്. ഇറാഖിന്‍റയും സമീപപ്രദേശങ്ങളില്‍ നിന്നുമായി 250 കവിതകള്‍ കമ്മിറ്റിക്ക് മുമ്പാകെ എത്തിയപ്പോള്‍ ഈജിപ്ത്, സുഡാന്‍ എന്നീ രാങ്ങളില്‍ നിന്ന് മാത്രം 236 കവിതകള്‍ സമര്‍പ്പിച്ചു.
ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 184 കവിതകളും ജി.സി.സി, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 145 കവിതകളും മത്സരവിഭാഗത്തില്‍ സമിതിക്ക് മുമ്പാകെ എത്തി. അറബ് ഇതര രാജ്യങ്ങളില്‍ നിന്ന് 13 കവിതകളാണ് എത്തിയത്.
മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളറാണ് കവിത മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് ലഭിക്കുന്നത്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, 50000, 25000 അമേരിക്കന്‍ ഡോളറും സമ്മാനമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
