ഒമാനിൽ ചിത്രീകരിച്ച 'കടലാഴം' ശ്രദ്ധനേടുന്നു
text_fieldsമസ്കത്ത്: പൂർണമായും ഒമാനിൽ ചിത്രീകരിച്ച 'കടലാഴം'എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പ്രശസ്ത സംവിധായകൻ അക്കു അക്ബർ സംവിധാനംചെയ്ത ചിത്രത്തിൽ കാമറക്കു മുന്നിലും പിന്നിലും ഒമാനിലെ കലാകാരന്മാരാണ് പ്രവർത്തിച്ചിട്ടുള്ളത്.
നടൻ ദിലീപും സംവിധായകൻ ലാൽ ജോസും ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തിയ 30 മിനിറ്റുള്ള സിനിമ, സാധാരണക്കാരനായ പ്രവാസിയുടെ മുഖം ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്നതാണ്. പതിനായിരക്കണക്കിന് ആളുകളാണ് രണ്ടു ദിവസത്തിനകം ഈ സിനിമ കണ്ടത്.
ഇതിനോടകംതന്നെ പ്രഥമ ഐ.വി. ശശി പുരസ്കാരം ഉൾപ്പെടെ ഒരു ഡസനോളം വിവിധ ബഹുമതികളും ഈ സിനിമയെത്തേടിയെത്തി.
എ.എ പ്രൊഡക്ഷൻസിെൻറ ബാനറിൽ ദുഫൈൽ അന്തിക്കാട് നിർമിച്ച 'കടലാഴം' മസ്കത്തിലും സൂറിലുമായാണ് ചിത്രീകരിച്ചത്.
സിനിമയുടെ ആദ്യ പ്രദർശനം, കഴിഞ്ഞ വർഷം ഒമാൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഏഷ്യാനെറ്റ് റേഡിയോവിൽ പ്രക്ഷേപണംചെയ്ത സൈനുദ്ദീൻ ഖുറൈശിയുടെ 'ഞാൻ പ്രവാസിയുടെ മകൻ' എന്ന ചെറുകഥയെ ആസ്പദമാക്കി അക്കു അക്ബർ തന്നെയാണ് ഇതിെൻറ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
സാധാരണയിൽനിന്ന് വ്യത്യസ്തമായി പ്രവാസജീവിതത്തിെൻറ സമസ്യകൾ വരച്ചു കാട്ടുന്ന ചിത്രമാണ് കടലാഴം. പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും അവരുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാനും ബോധപൂർവം ശ്രമിക്കാതിരിക്കുന്ന കുടുംബങ്ങൾക്കും യാഥാർഥ്യത്തിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ ജീവിതം നാട്ടുകാർക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രവാസികൾക്കും ഉള്ള ഒരു ഉണർത്തുപാട്ടാണ് കടലാഴം എന്ന് ദുഫൈൽ അന്തിക്കാട് പറഞ്ഞു. നാളിതുവരെ പ്രവാസികളിലെ നല്ലൊരു വിഭാഗം കൊണ്ടു നടന്നിരുന്ന ദുരഭിമാനത്തിനേൽക്കുന്ന കനത്ത പ്രഹരമാണ് സിനിമയെന്ന് സംവിധായകൻ അക്കു അക്ബറും പറഞ്ഞു. പ്രവാസി കലാകാരന്മാരായ വിനോദ് മഞ്ചേരി, കബീർ യൂസുഫ്, ആഷിഖ് റഹ്മാൻ എന്നിവർ അഭിനയിച്ച സിനിമയുടെ ഛായാഗ്രഹണം, കസബ സിനിമയുടെ ഛായാഗ്രാഹകൻ സമീർ ഹഖ് ആണ്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: അഖീഷ് (സെക്കൻഡ് കാമറമാൻ), സത്യദാസ് കിടങ്ങൂർ, സുധീർ.ടി.ജി, നൗഷാദ് ചക്കാലയിൽ, മീരാജ് കിഴുത്താനി മഹേഷ്, സലീഷ് വാളയാർ, പ്രകാശ് വിജയൻ (അസോ.സംവിധായകൻ), ഷാഫി ഷാ (സഹ സംവിധായകൻ), ടി.ജി സുധീർ (നിർമാണ നിർവഹണം), ഉണ്ണി ആർട്സ് (കല, ചമയം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

