സുരക്ഷിത ഡ്രൈവിങ്ങിന് ആര്‍.ഒ.പി കാമ്പയിന്‍ തുടങ്ങി
text_fieldsമസ്കത്ത്: സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് കാമ്പയിന്‍ ആരംഭിച്ചു. ഗതാഗത സുരക്ഷ സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായങ്ങളും ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരമുള്ള വസ്തുതകളും ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിക്കുകയാണ് ‘വാട്ട് ഡിഡ് ദേ സേ’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ 21 മുതല്‍ ആരംഭിച്ച കാമ്പയിനില്‍ നടത്തുന്നത്.
വാഹനം പ്രവര്‍ത്തിപ്പിക്കേണ്ട ശരിയായ രീതി, അപകടമൊഴിവാക്കിയുള്ള ഡ്രൈവിങ്, അത്യാവശ്യ വിവരങ്ങള്‍ എന്നിവയാണ് ഒരു മാസം നീളുന്ന കാമ്പയിനിന്‍െറ ഭാഗമായി ട്വീറ്റ് ചെയ്യുക. മൊബൈല്‍ ഉപയോഗത്തിന്‍െറ ദൂഷ്യവശങ്ങളെ കുറിച്ചായിരുന്ന ആദ്യദിവസത്തെ ട്വീറ്റ്.
മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വാഹനത്തിലിരുന്ന് രണ്ടു സെക്കന്‍ഡ് മൊബൈല്‍ ഫോണിലേക്ക് നോക്കുന്നത് 60 മീറ്റര്‍ കണ്ണുകെട്ടി വാഹനമോടിക്കുന്നതിന് തുല്യമാണെന്ന ജനറല്‍ ജര്‍മന്‍ ഓട്ടോമൊബൈല്‍ ക്ളബിന്‍െറ ട്വീറ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ഉപയോഗത്തിന്‍െറ പ്രാധാന്യമായിരുന്നു രണ്ടാം ദിനത്തിലെ വിഷയം. വാഹനങ്ങളില്‍ അപകടത്തില്‍പെടുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ മുന്‍സീറ്റില്‍ യാത്രചെയ്യുന്നവരുടെ മരണസാധ്യത 40 മുതല്‍ 50 ശതമാനം വരെയും പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരുടെ മരണസാധ്യത 25 മുതല്‍ 75 ശതമാനം വരെയും കുറയുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടായിരുന്നു രണ്ടാംദിനത്തില്‍ ട്വീറ്റ് ചെയ്തത്. ഹെഡ് റെസ്റ്റില്‍ തല ചേര്‍ത്തുവെച്ച് ഒരിക്കലും വാഹനമോടിക്കരുതെന്ന ജര്‍മന്‍ അതോറിറ്റി ഫോര്‍ ക്വാളിറ്റി മോണിറ്ററിങ്ങിന്‍െറ ട്വീറ്റ് പലര്‍ക്കും പുതിയ അറിവാകും.
ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്നതിനാണ് ഹെഡ്റെസ്റ്റ്. വാഹനമോടിക്കുമ്പോള്‍ തല ഇതില്‍നിന്ന് നാലു സെ.മീറ്ററെങ്കിലും അകലെയായിരിക്കണം. വാഹനമോടിക്കുമ്പോള്‍ മെസേജ് അയക്കുന്നതും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഒമാനിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണമെന്ന് സൈക്കോളജിസ്റ്റായ പീറ്റര്‍ കീഗ്ലന്‍റ് പറയുന്നു.
എല്ലാ മനുഷ്യര്‍ക്കും രണ്ടു കാര്യങ്ങളില്‍ ഒരേസമയം ശ്രദ്ധയൂന്നാന്‍ സാധിക്കില്ളെന്ന് അദ്ദേഹം പറയുന്നു. ഡ്രൈവര്‍ ഫോണില്‍ ശ്രദ്ധയൂന്നുമ്പോള്‍ റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ഇത് സ്വന്തം ജീവനും ചുറ്റുപാടുമുള്ള ജീവനും അപകടത്തിലാക്കുന്നതായും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. വേനലില്‍ പെട്രോള്‍ പമ്പുകളിലും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും തീപിടിക്കുന്നത് പതിവ് സംഭവമാണ്. ടാങ്ക് നിറയെ പെട്രോള്‍ അടിക്കുന്നത് തീപിടിക്കുന്നതിന് ഒരു കാരണമാണെന്ന് ജര്‍മന്‍ കാര്‍ ക്ളബ് ഉപദേശിക്കുന്നു.
വേനലില്‍ ടാങ്ക് നിറയെ പെട്രോള്‍ അടിക്കേണ്ടെന്നാണ് ഇവരുടെ സന്ദേശം. വാഹനത്തില്‍ അമിതവേഗം എടുക്കുന്നവരെ ഒമാന്‍ ഗ്രാന്‍റ് മുഫ്തിയും ആര്‍.ഒ.പിയും ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉപദേശിക്കുന്നുണ്ട്.
അമിതവേഗമെടുക്കുന്നത് ആത്മഹത്യാശ്രമത്തേക്കാളും മോശമാണ്. ആത്മഹത്യ ചെയ്യുന്നയാള്‍ സ്വന്തം ജീവന്‍ മാത്രമാണ് അപകടത്തിലാക്കുന്നത്. എന്നാല്‍, അമിതവേഗമെടുക്കുന്നവര്‍ മറ്റുള്ളവരുടെ ജീവിതംകൂടി അപകടത്തിലാക്കുന്നു. അതിനാല്‍, ഇത് ഒരു കുറ്റകൃത്യവുമാണെന്ന് ഗ്രാന്‍റ് മുഫ്തിയുടേതായ സന്ദേശത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
