Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹസ്​ബുല്ല...

ഹസ്​ബുല്ല കുവൈത്തിലെത്തിയതൊരു അതിശയ കഥ

text_fields
bookmark_border
ഹസ്​ബുല്ല കുവൈത്തിലെത്തിയതൊരു അതിശയ കഥ
cancel

കുവൈത്ത്​ സിറ്റി: ആദ്യകാല കുവൈത്ത്​ പ്രവാസി ഹസ്​ബുല്ല നിര്യാതനായപ്പോൾ കുവൈത്ത്​ ഒാർമ്മിക്കുന്നത്​ ഒരു സാഹസിക യാത്രയുടെ കഥ.1954ൽ മുംബൈയിൽനിന്ന്​ പുറപ്പെട്ട്​ 121ാം ദിവസമാണ്​ തൃശൂർ കാട്ടൂർ സ്വദേശി കൊരട്ടിപ്പറമ്പിൽ മക്കാർ ഹാജിയുടെ മകൻ ഹസ്​ബുല്ല കുവൈത്തിലെതുന്നത്​. കറാച്ചിയിലെത്തിയാൽ കുവൈത്തിലെത്താമെന്ന കേട്ടറിവ്​ വെച്ച്​ നാട്ടുകാരനായ ഹബീബുല്ലയുമൊത്ത്​ ഗുജറാത്ത്​ അതിർത്തിയിലെത്തി. അതുവഴി കറാച്ചിയിലെത്തി കേരള മുസ്​ലിം ജമാഅത്ത്​ എന്ന സംഘടനക്കാരോട്​ അന്വേഷിച്ചപ്പോളാണ്​ അവിടെ കുവൈത്ത്​ എന്നൊരു സ്ഥലമുണ്ടെന്നറിയുന്നത്​. അത്​ വേറെ കുവൈത്ത്​.

കറാച്ചി തുറമുഖം വഴി ഇറാഖിലെ ബസറയിലേക്ക്​ പോവുന്ന ദാരസ എന്ന കപ്പലിൽ തുടർയാത്ര. അക്കാലത്ത്​ തുറമുഖം പോലുമില്ലാത്തതിനാൽ കുവൈത്തിൽ കപ്പൽ നങ്കൂരമിട്ടത്​ കടലിൽ. യാത്രാരേഖകൾ ഉള്ളവരെ ബോട്ടിൽ കപ്പലിൽനിന്ന്​ കുവൈത്ത്​ തീരത്തേക്ക്​ കൊണ്ടുപോയി. രേഖകളൊന്നുമില്ലാത്ത ഹസ്​ബുല്ലയും ഹബീബുല്ലയും പെട്ടു. അടുത്ത സ്​റ്റോപ്പ്​ ഇറാഖിലെ ബസറ. കപ്പൽ രാത്രിയാണ്​ ബസറ തീരത്തെത്തിയത്​. ​യാത്രരേഖകൾ ഉള്ളവർ തുറമുഖത്തിറങ്ങി. പാതിരാത്രയോടടുത്തപ്പോൾ കപ്പലിലെ മലയാളി ജീവനക്കാര​െൻറ സഹായത്തോടെ ഇവരും ഇറങ്ങി. നേരം വെളുക്കുവോളം സമീപത്തെ റെയിൽവേ സ്​റ്റേഷനിൽ ഇറങ്ങി. തയ്യൽ ജോലി കണ്ടെത്താനായിരുന്നു പിറ്റേന്നത്തെ ശ്രമം. കുവൈത്ത്​ തന്നെയായിരുന്നു ലക്ഷ്യം.

അവിടെ പെ​ട്രോളിയം കണ്ടെത്തിയിട്ടുണ്ടെന്ന്​ ആരോ പറഞ്ഞിരുന്നു. അങ്ങനെ തീരത്തെ ചളി ഉറച്ച നടപ്പാതയിലൂടെ നടന്നു. വല്ലാത്ത വിശപ്പും ദാഹവും. കുറേ മുന്നോട്ടു നടന്നപ്പോൾ വെള്ളം ഒലിച്ചുവരുന്നൊരു നീർച്ചാൽ കണ്ടു. ചളിവെള്ളം കോരിയെടുത്ത്​ കുടിച്ചത്​ നിവൃത്തികേട്​ കൊണ്ടാണ്​. ഇൗന്തപ്പനച്ചുവട്ടിൽ അന്തിയുറക്കം. നേരം വെളുത്തപ്പോൾ പിന്നെയും നടത്തം. ഇടക്കൊരു പള്ളി കണ്ടു. മൂന്നുദിവസം അവിടെ താമസിച്ച്​ ഫ്രെഷായി തുടർയാത്രക്ക്​ തയാറെടുക്കുന്നതി​നിടെ കടലിൽ പായ്​ക്കപ്പലിൽ പോയി മീൻ പിടിക്കുന്നവരെ കണ്ടു. പിന്നീട്​ യാത്ര മീൻപിടിത്തക്കാരോടൊപ്പം പായ്​വഞ്ചിയിൽ. അങ്ങനെ കുവൈത്ത്​ കസ്​റ്റംസിന്​ സമീപത്തെ ജെട്ടിയിലെത്തി. സമീപത്തെ പൊലീസ്​ സ്​റ്റേഷനിലേക്കാണ്​ കസ്​റ്റംസ്​ ഉദ്യോഗസ്ഥർ ​കൊണ്ടുപോയത്​.

നേരത്തെ കുവൈത്തിലെത്തിയ ബന്ധു അബ്​ദുല്ലയെ കാണാൻ അവർ സഹായിച്ചു. യാത്രാ രേഖകൾ ഇല്ലാത്തവർക്ക്​ ഒരു കുവൈത്ത്​ പൗരൻ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിൽ വന്ന ബോട്ടിൽ മടങ്ങണമായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതെ നിരാശയോടെ മത്സ്യ​ബന്ധന ബോട്ടിൽ മടക്കം. വീണ്ടും ബസറയിൽനിന്ന്​ രണ്ടാം സാഹസിക നടത്തം. ചെരിപ്പ്​ തേഞ്ഞ്​ ദ്വാരം വീണിട്ടും ലക്ഷ്യം കാണുമെന്ന്​ മനസ്സിലുറച്ചു. വാറുകൾ ഇടക്കിടെ വിട്ടുപോവുന്ന ചെരിപ്പ്​ ഉപേക്ഷിച്ച്​ നഗ്​നപാദനായും മരുമണലിലൂടെ നടന്നു. ബസറയിൽനിന്ന്​ രാത്രിയും പകലും നടന്ന്​ ഒമ്പതാം ദിവസം ജഹ്​റ അതിർത്തിയിലെത്തി. ഇതിനിടക്ക്​ വെള്ളവും ഭക്ഷണവും തന്ന്​ പലരും സഹായിച്ചില്ലായിരുന്നെങ്കിൽ മരുഭൂമിയിൽ മരിച്ചുവീണേനെ.

ആടിനെ കൊണ്ടുപോവുന്ന വണ്ടിയിൽ ആടുകൾക്കിടയിൽ കൂനിയിരുന്ന്​ ആളുകാണാതെ അതിർത്തി കടന്നു. ബന്ധു അബ്​ദുല്ലയുടെ കാലിക്കറ്റ്​ ഹോട്ടലിൽ എത്തിയപ്പോൾ ധൈര്യമായി. അബ്​ദുല്ലയാണ്​ ആട്ടിടയനുള്ള 400 രൂപ പ്രതിഫലം നൽകിയത്​. തൃശൂർ ജില്ലയിൽനിന്ന്​ പോക്കാക്കില്ലത്ത്​ അബ്​ദുല്ലയും പാടൂർ സ്വദേശി അബ്​ദുറഹ്​മാനുമായിരുന്നു അക്കാലത്ത്​ കുവൈത്തിലുണ്ടായിരുന്നത്​. മൂന്നാമനും നാലാമനുമായി ഹസ്​ബുല്ലയും ഹബീബുല്ലയും. മറ്റു ജില്ലക്കാർ ഉൾപ്പെടെ മലയാളികൾ 12 പേർ മാത്രം. 1957ൽ കപ്പലിൽ നാട്ടിലേക്ക്​ പോയി.

പാസ്​പോർട്ട്​ എടുത്ത്​ യാത്രാ രേഖകളോടെയാണ്​ പിന്നീട്​ തിരിച്ചുവന്നത്​. 20ാം വയസ്സിൽ സാഹസികമായി കുവൈത്തിലെത്തിയ ആ ഹസ്​ബുല്ലയാണ്​ ചൊവ്വാഴ്​ച 88ാം വയസ്സിൽ നിര്യാതനായത്​. പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ ഭാര്യ സാബിറ ഹസ്​ബുല്ലയുടെ മൂത്ത മകളാണ്​. ഷാഹിദ രണ്ടാമത്തെ മകളും ഷെബീർ ഇളയ മകനുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story