പുറം തൊഴിൽ നിയന്ത്രണം; നിയമം ലംഘിച്ചാൽ കർശന നടപടിയുമായി മാൻപവർ പബ്ലിക് അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള പുറം തൊഴിൽ നിയന്ത്രണ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകി മാൻപവർ പബ്ലിക് അതോറിറ്റി. കനത്ത ചൂട് കണക്കിലെടുത്ത് ഈ മാസം ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിൽ രാജ്യത്ത് പുറം തൊഴിലുകൾക്ക് നിയന്ത്രണം ഉണ്ട്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിക്കെടുക്കുന്നത് നിരീക്ഷിക്കാൻ പരിശോധനാ സംഘത്തെ അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24936192 എന്ന നമ്പറിൽ പരിശോധനാ സംഘവുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമം ഫലപ്രദമാക്കാൻ പൊതുജന സഹകരണം അനിവാര്യമാണെന്നും ഉണർത്തി.
ഉച്ചസമയ ജോലി നിരോധന ലംഘനങ്ങൾക്ക് 2010 ലെ നിയമം നമ്പർ 6 പ്രകാരമുള്ള പിഴകൾ ലഭിക്കുമെന്ന് അതോറിറ്റി തൊഴിലുടമകളെ ഓർമ്മിപ്പിച്ചു. മറ്റ് നിയമപരമായ നടപടികൾക്ക് പുറമേ, ലംഘനം തിരുത്തുന്നതുവരെ തൊഴിലുടമയുടെ ഫയൽ താൽക്കാലികമായി നിർത്തിവെക്കും.വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തൊഴിലാളികൾക്ക് ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കൽ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ ജോലിസ്ഥലങ്ങളിലും നിയമം പാലിക്കൽ ഉറപ്പാക്കുന്നതിന് തുടർച്ചയായ ഫീൽഡ് പരിശോധനകൾ നടത്തുമെന്നും അതോറിറ്റി ആവർത്തിച്ചു. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം. പൊടിക്കാറ്റ്, കനത്ത മഴ, ഉയർന്ന താപനില, ഉയർന്ന ഹ്യുമിഡിറ്റി, പ്രകൃതി ദുരന്തങ്ങൾ, കുറഞ്ഞ താപനില എന്നീ ഘട്ടങ്ങളിലും തൊഴിൽ മേഖലയിൽ കർശന നിയന്ത്രണം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

