സർക്കാർ പങ്കെടുത്തില്ല, കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി
text_fieldsകുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം ദിവസത്തിലും ദേശീയ അസംബ്ലി സമ്മേളനത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കിരീടാവകാശിക്ക് മന്ത്രി സഭയുടെ രാജിക്കത്ത് സമർപ്പിച്ചതിന് പിറകെയാണ് സർക്കാറിന്റെ പിന്മാറ്റം.
ഇതോടെ സഭ സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് ദിവസങ്ങളിലേക്ക് മാറ്റിവെച്ചതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിച്ചു. സമ്മേളനത്തിന് ക്വാറം പൂർത്തിയായെങ്കിലും, സർക്കാർ വരില്ലെന്ന് ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും ഭവന, നഗര വികസന മന്ത്രിയുമായ അമ്മാർ അൽ അജ്മി അറിയിച്ചതായി സ്പീക്കർ വ്യക്തമാക്കി. തുടർന്നാണ് ഫെബ്രുവരിയിലേക്ക് സഭാസമ്മേളനം മാറ്റിയത്. സർക്കാർ ഭാഗത്തുനിന്ന് ആരും പങ്കെടുക്കാത്തതിനാൽ ദേശീയ അസംബ്ലിയുടെ പതിവ് സമ്മേളനം സ്പീക്കർ ചൊവ്വാഴ്ചയും നിർത്തിവെച്ചിരുന്നു.
ധനമന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാർ അറിയിച്ചതിന് പിറകെയാണ് പ്രധാനമന്ത്രി രാജിവെക്കാനുള്ള നിലപാട് സ്വീകരിച്ചത്. തുടർന്ന് സർക്കാറിന്റെ രാജിക്കത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചു.
അതേസമയം, സർക്കാറിന്റെ രാജികാര്യത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ പ്രതികരണങ്ങൾ വന്നിട്ടില്ല.
അമീർ അംഗീകരിക്കുന്ന മുറക്കാകും രാജി ഔദ്യോഗികമായി നിലവിൽവരുക. വൈകാതെ ഇതിൽ വ്യക്തത വരുമെന്നാണ് സൂചന. രാജിസന്നദ്ധതയുമായി മുന്നോട്ടുപോകാൻ തന്നെയാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.