കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില വർധിക്കുന്നു. ഒറ്റ ദിവസം 3.30 ഡോളർ വർധിച്ചാണ് ബാരലിന് 121.61 ഡോളർ രേഖപ്പെടുത്തിയത്. ഏഴുവർഷത്തിനിടെ ലഭിക്കുന്ന ഉയർന്ന വിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വില 2.03 ഡോളർ ഉയർന്ന് 119.43 ഡോളറിലെത്തി. റഷ്യ, യുക്രെയ്ൻ യുദ്ധമാണ് എണ്ണവില കുതിച്ചുയരാൻ ഇടയാക്കുന്നത്. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്. കോവിഡ് പ്രതിസന്ധിയിൽ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതും വില വർധനക്ക് കാരണമായിട്ടുണ്ട്.
2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടക്കുന്നത് 2022ലാണ്. മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്. കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറി വരികയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ക്രമേണ വർധിച്ചാണ് ഈ നിലയിലെത്തിയത്.