ലോക്​ഡൗൺ  തുടരുന്നു; നിരാശയിൽ ജലീബ്​, മഹബൂല, ഫർവാനിയ നിവാസികൾ

08:24 AM
26/06/2020

കുവൈത്ത്​ സിറ്റി: രണ്ടര മാസമായി ലോക്​ഡൗൺ തുടരുന്നത്​ ജലീബ്​ അൽ ശുയൂഖ്​, മഹബൂല നിവാസികളെ നിരാശരാക്കുന്നു. പുറത്ത്​ കമ്പനികളിൽ ജോലിയെടുക്കുന്ന, ഇൗ പ്രദേശങ്ങളിലെ താമസക്കാരാണ്​ ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തിലുള്ളത്​. സമീപ ദിവസങ്ങളിലെ കോവിഡ്​ കേസുകൾ വിലയിരുത്തി മഹബൂലയിലെ ലോക്​ഡൗൺ നീക്കുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വ്യാഴാഴ്​ചത്തെ മന്ത്രിസഭ യോഗം ആ ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും കോവിഡ്​ വ്യാപനം തടയാൻ ഇനിയും നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്നുമാണ്​ തീരുമാനിച്ചത്​. ഫർവാനിയയിലും ​െഎസൊലേഷൻ തുടരാൻ തീരുമാനിച്ചു. ഇവിടെയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. 

സമീപ ദിവസങ്ങളിൽ പുതിയ കോവിഡ്​ കേസുകൾ ധാരാളം റിപ്പോർട്ട്​ ചെയ്​തതാണ്​ മന്ത്രിസഭയെ നിയന്ത്രണങ്ങൾ തുടരാൻ പ്രേരിപ്പിച്ചത്​. മഹബൂലയിലെ ലോക്​ഡൗൺ നീക്കുമെന്ന്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​ ആളുകളിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. നിരവധി കമ്പനികളുടെ ജീവനക്കാർ ജലീബ്​ അൽ ശുയൂഖ്​, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിൽ താമസിക്കുന്നുണ്ട്​. കുവൈത്തിൽ മലയാളികളുടെ പ്രധാന താവളമാണ്​ ജലീബ്​ അൽ ശുയൂഖ്​. ഫർവാനിയയിലും മഹബൂലയിലും മലയാളികൾ ഒട്ടും കുറവല്ല.

ചില കമ്പനികൾ ലോക്​ഡൗൺ സൂചനകൾ ലഭിച്ചതനുസരിച്ച്​ ജീവനക്കാരെ നേരത്തേതന്നെ മറ്റു സ്ഥലങ്ങളിലേക്ക്​ മാറ്റിപ്പാർപ്പിച്ചിരുന്നു. ഹവല്ലി, നുഗ്​റ, മൈദാൻ ഹവല്ലി, ഖൈത്താൻ എന്നീ പ്രദേശങ്ങളിലെ ​െഎസൊലേഷൻ കഴിഞ്ഞ ആഴ്​ച നീക്കി. അടുത്ത ഘട്ടത്തിലെങ്കിലും ​െഎസൊലേഷൻ നീക്കുമെന്ന പ്രതീക്ഷയിലാണ്​ ജലീബ്​ അൽ ശുയൂഖ്​, മഹബൂല, ഫർവാനിയ നിവാസികൾ. ദീർഘകാല ലോക്​ഡൗൺ മൂലം കോവിഡിനൊപ്പം ജീവിക്കാമെന്ന മാനസികാവസ്ഥയിലെത്തിയിട്ടുണ്ട്​ ആളുകൾ. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതായവർ മറ്റുള്ളവരുടെ സഹായത്താലാണ്​ ഭക്ഷണത്തിനും വാടക കൊടുക്കാനും വക കണ്ടെത്തുന്നത്​.

Loading...
COMMENTS