മിശ്രിഫിൽ വിദേശികളുടെ മെഡിക്കൽ സെന്റർ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മിശ്രിഫിൽ വിദേശികൾ വിസ നടപടികളുടെ ഭാഗമായി വിദേശികളുടെ ആരോഗ്യ പരിശോധന നടത്തുന്ന കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം നിർവഹിച്ചു. പ്രതിദിനം 1000 പേർക്ക് ഇവിടെ മെഡിക്കൽ എടുക്കാം. ശുവൈഖിലെ വിദേശികളുടെ മെഡിക്കൽ സെന്ററിൽ തിരക്ക് കുറക്കാൻ മിശ്രിഫ് കേന്ദ്രം സഹായിക്കും.
ശുവൈഖിൽ പരിശോധനക്കെത്തുന്നവർ കനത്ത ചൂടിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ ചർച്ചയായതിനെ തുടർന്ന് ആരോഗ്യ മന്ത്രി കേന്ദ്രം സന്ദർശിക്കുകയും മിശ്രിഫിൽ സൗകര്യമൊരുക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ശുവൈഖിൽ കോവിഡിന് മുമ്പ് പ്രതിദിനം 1600 പേർ എത്തിയിരുന്നത് ഇപ്പോൾ 3000ത്തിന് മേലെയാണ്. ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്കരിച്ചിട്ടും തിരക്ക് തുടരുകയായിരുന്നു.
ജനങ്ങൾ മുൻകൂട്ടി അപ്പോയന്റ്മെന്റ് എടുക്കാതെയും വരുന്നതും അപ്പോയന്റ്മെന്റ് സമയം പാലിക്കാത്തതും തിരക്കിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി, സന്ദർശകരോട് അവരുടെ മുൻകൂർ റിസർവേഷൻ അനുസരിച്ച് നിശ്ചിത സമയത്ത് തന്നെ പരിശോധനക്ക് എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. മിശ്രിഫ് കൂടാതെ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.