Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതിയ തീരുമാനങ്ങള്‍ ...

പുതിയ തീരുമാനങ്ങള്‍  വിദേശികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു

text_fields
bookmark_border
പുതിയ തീരുമാനങ്ങള്‍  വിദേശികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു
cancel
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍. അടുത്തൊന്നും ഇത്രയധികം പ്രതികൂല തീരുമാനങ്ങള്‍ അടുപ്പിച്ച് വന്നിട്ടില്ല. ഇന്ധനവില 41 മുതല്‍ 80 ശതമാനം വര്‍ധിച്ചത് സാധാരണ പ്രവാസികളുടെ ജീവിതച്ചെലവുയരാന്‍ കാരണമായി. 
ഇതോടനുബന്ധിച്ച് ബസ്, ടാക്സി നിരക്കുകളും പൊതുവില്‍ സാധനവിലയും വര്‍ധിച്ചു. ഇന്ധന വിലവര്‍ധനയുടെ ആഘാതം കുറക്കാന്‍ സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജ്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഭാരം വിദേശികള്‍ തനിച്ചുപേറേണ്ട അവസ്ഥ വന്നു. അതേസമയം, ടാക്സി നിരക്ക് വര്‍ധിച്ചത് രണ്ടായിരത്തോളം മലയാളികളടക്കം 18,000 വിദേശി ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുഗ്രഹമായി. കുടുംബ വിസക്കും സന്ദര്‍ശക വിസക്കുമുള്ള കുറഞ്ഞ ശമ്പളപരിധി ഉയര്‍ത്തിയത് നല്ളൊരു ശതമാനം വിദേശികള്‍ക്ക് ദോഷകരമാണ്. 
കുടുംബ വിസക്കുള്ള ശമ്പളപരിധി 250 ദീനാറില്‍നിന്ന് ഒറ്റയടിക്ക് 450 ആയാണ് വര്‍ധിപ്പിച്ചത്. ശരാശരി വരുമാനക്കാരായ വിദേശികളില്‍ കുടുംബത്തോടൊത്ത് താമസിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇത് തിരിച്ചടിയായി. രാജ്യത്ത് ഫ്ളാറ്റ് വാടക കുറയുന്ന പ്രവണതയുടെ നേട്ടം അനുഭവിക്കാന്‍ ഇതുമൂലം കഴിയാതെവരുന്നു. കുടുംബ വിസ അനുവദിക്കുന്നതില്‍ സ്പോണ്‍സര്‍ പിതാവാണെങ്കില്‍ അദ്ദേഹത്തിന്‍െറ ശമ്പളം മാത്രമാണ് പരിഗണിക്കുക. 
മാതാവാണെങ്കില്‍ അവരുടേത് മാത്രം പരിഗണിക്കും. രണ്ടുപേരുടെയും ഒരുമിച്ച് ചേര്‍ത്ത് മിനിമം പരിധി കടന്നാല്‍ പോരാ. രാജ്യത്തെ വിദേശികളുടെ എണ്ണം 26 ലക്ഷം കടന്നതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തല്‍ അനിവാര്യമായതിനാലാണ് സന്ദര്‍ശക, കുടുംബ വിസ അനുവദിക്കുന്നതിനുള്ള മിനിമം വേതനം ഉയര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുടുംബവിസ അനുവദിക്കണമെങ്കില്‍ കുടുംബനാഥനായ പിതാവ് കുവൈത്തില്‍ താമസിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണെന്നും പ്രഖ്യാപനമുണ്ടായി. 
സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം 150ല്‍നിന്ന് 200 ദീനാര്‍ ആക്കി. ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 200 ദീനാര്‍ മാസശമ്പളം വേണം. 
സഹോദരങ്ങളെയോ ബന്ധുക്കളെയോ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള പരിധി 300 ദീനാറാണ്. 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതിലും നിയന്ത്രണമുണ്ടാവുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഈ മാസം വിദേശ അധ്യാപകരുടെ താമസ അലവന്‍സ് 150 ദീനാറില്‍നിന്ന് ഒറ്റയടിക്ക് 60 ദീനാറാക്കി കുറച്ച് സിവില്‍ സര്‍വിസ് കമീഷന്‍ ഉത്തരവിറങ്ങി. നവംബര്‍ മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. പ്രതിഷേധിച്ച അധ്യാപകരോട് താല്‍പര്യമില്ളെങ്കില്‍ രാജ്യം വിട്ടോളാനാണ് മന്ത്രി പറഞ്ഞത്. 
വിദേശികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ദീനാറില്‍നിന്ന് 130ലേക്ക് ഉയര്‍ത്താനുള്ള തീരുമാനമാണ് ഒടുവിലത്തെ അടി. 
രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. പൊതുആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കുമ്പോള്‍ പകരമായി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായും സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് ഇന്‍ഷുറന്‍സ് സംവിധാനം പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുവേണ്ടി സര്‍ക്കാര്‍ മുന്‍കൈയടുത്ത് ഷെയര്‍ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. കമ്പനിയുടെ കീഴില്‍ രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്നു വന്‍ ആശുപത്രികള്‍ നിര്‍മിക്കാനാണ് നീക്കം. 
ഇതുവഴി രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പദ്ധതി രണ്ടുഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം 2017 ആദ്യപാദത്തില്‍ ആരംഭിക്കും. രണ്ടാംഘട്ടം 2019ലാണ് നടപ്പാക്കുക. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ 20 ലക്ഷം വിദേശികളാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. 
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യവത്കരിക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ പൊതുആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നിര്‍ത്തലാക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം വിദേശികള്‍ക്ക് അന്യമാവും. ലഭിക്കുന്ന സേവനത്തിന്‍െറ മൂല്യമനുസരിച്ച് ഇത് വലിയ തുകയല്ളെങ്കിലും ഇപ്പോള്‍ കൊടുക്കുന്നതിന്‍െറ ഇരട്ടിയിലധികം നല്‍കേണ്ടിവരും. 
ഗാര്‍ഹിക തൊഴിലാളികള്‍ ഇഖാമ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കിയതാണ് മറ്റൊരു പ്രതികൂല തീരുമാനം. ഇതനുസരിച്ച് വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ 20ാം നമ്പര്‍ ഖാദിം വിസക്കാര്‍ ഓരോ തവണയും ഇഖാമ പുതുക്കുമ്പോള്‍ മെഡിക്കല്‍ എടുക്കണം. 
രാജ്യത്തുനിന്ന് പുറത്തുപോയിട്ടില്ളെങ്കിലും ഇത് നിര്‍ബന്ധമാണ്. മാരകമായ രോഗങ്ങളില്‍നിന്ന് മുക്തരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇഖാമ പുതുക്കിക്കൊടുക്കുക. ഇന്ത്യ, ശ്രീലങ്ക, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, നേപ്പാള്‍, സോമാലിയ ഉള്‍പ്പെടെ 40 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിരിക്കും ആരോഗ്യമന്ത്രാലയത്തിന്‍െറ പുതിയ ഉത്തരവ് ബാധകമാവുക. 18ാം നമ്പര്‍ ശുഊന്‍ ഇഖാമ, 17ാം നമ്പര്‍ സര്‍ക്കാര്‍ വിസ, 22ാം നമ്പര്‍ ആശ്രിത വിസ എന്നിവയിലുള്ളവരെയെല്ലാം ഈ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം. 
സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20ാം നമ്പര്‍ ഗാര്‍ഹിക വിസക്കാരെയും അവധിക്ക് പോയിവരുമ്പോള്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഭാവിയില്‍ പരിഗണിക്കാനും നീക്കമുണ്ട്. 
ആശ്രിത, സന്ദര്‍ശക വിസകള്‍ക്കും താമസാനുമതിക്കുമുള്ള നിരക്കുകള്‍ അടുത്തവര്‍ഷം തുടക്കത്തില്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളും രാജ്യത്തെ വിദേശികള്‍ക്ക് സന്തോഷം പകരുന്നതല്ല. ആഭ്യന്തരമന്ത്രാലയം നിയമിച്ച പ്രത്യേക സമിതിയുടെ ശിപാര്‍ശ പ്രകാരം സന്ദര്‍ശക വിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെ വര്‍ധിപ്പിക്കും. ആശ്രിത വിസക്ക് നിലവിലെ 100 ദീനാറില്‍നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 
മാതാപിതാക്കള്‍ക്ക് 300 ദീനാര്‍, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് വര്‍ധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാര്‍ നല്‍കണം. താല്‍ക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ. ഇഖാമ കാലാവധി കഴിഞ്ഞാല്‍ നിലവില്‍ ദിവസം രണ്ടു ദീനാര്‍ വീതമുള്ള പിഴ നാലു ദീനാറായും സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള 10 ദീനാര്‍ പിഴ 20 ദീനാറായും വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story