ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് കമ്പനി നിയമം ഉടന്‍ നടപ്പാക്കണമെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് കമ്പനി സ്ഥാപിക്കാന്‍ പാര്‍ലമെന്‍റ് അംഗീകരിച്ച നിയമം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് പാര്‍ലമെന്‍റ് അംഗം കാമില്‍ അല്‍അവദി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇനിയും താമസം വരുത്തില്ളെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് കമ്പനി സ്ഥാപിക്കുന്നതിലൂടെ തൊഴില്‍രംഗത്ത് വലിയ മാറ്റമാണ് സംഭവിക്കുക. വീട്ടുവേലക്കാരികള്‍ക്ക് റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ സ്വദേശികളില്‍നിന്നും വലിയ ഫീസാണ് ഈടാക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ സ്ഥാപിക്കുമെന്നത് രാജ്യത്തെ സ്വദേശികളും വിദേശികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് -അവദി പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ കമ്പനി രൂപവത്കരിക്കുന്ന സുപ്രധാന ബില്ലിന് പാര്‍ലമെന്‍റ് കഴിഞ്ഞവര്‍ഷം അംഗീകാരം നല്‍കിയിരുന്നു. രണ്ടര ലക്ഷം കുവൈത്തി കുടുംബങ്ങളുടെ കീഴില്‍ അതിന്‍െറ മൂന്നിരട്ടിയോളം ഗാര്‍ഹികത്തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
രാജ്യത്തെ തൊഴില്‍നിയമത്തിന്‍െറ പരിധിയില്‍പെടാത്ത ഗാര്‍ഹികജോലിക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കും അവകാശനിഷേധങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാവുന്നതാണ് ഗാര്‍ഹിക തൊഴിലാളി ബില്‍. ഗാര്‍ഹിക തൊഴിലാളികളുടെ പ്രായം 20നും 50നും ഇടയിലായിരിക്കണം, മിനിമം വേതനം 45 ദീനാറായിരിക്കണം, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഏജന്‍സികള്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം, പൊതുഅവധികളും വാരാന്ത്യ അവധിയും വാര്‍ഷിക അവധിയും അനുവദിക്കണം, പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചുവെക്കാന്‍ പാടില്ല തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.