ഇറാന്‍ അംബാസഡറെ കുവൈത്ത് തിരിച്ചുവിളിച്ചു
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യക്കും ബഹ്റൈനും പിന്നാലെ ഇറാനെതിരെ കുവൈത്തും കടുത്ത നടപടിക്ക് തുടക്കമിട്ടു. ഇറാനില്‍ പ്രക്ഷോഭകര്‍ സൗദി എംബസി കെട്ടിടം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ അംബാസഡറെ കുവൈത്ത് തിരിച്ചുവിളിച്ചു. അംബാസഡര്‍ മജ്ദി അഹ്മദി അല്‍ദഫീരിയോട് ഉടന്‍ കുവൈത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
‘ഇറാനില്‍ സൗദി എംബസിക്കു നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങള്‍ക്ക് നിരക്കാത്തതും അതുകൊണ്ടുതന്നെ പ്രതിഷേധാര്‍ഹവുമാണ്. വിദേശരാജ്യങ്ങളുടെ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം ഓരോ രാജ്യത്തിനുമുണ്ട്. എന്നാല്‍, മശ്ഹദിലെ സൗദി എംബസി കെട്ടിടത്തിനുനേരെ ആക്രമണം നടന്നപ്പോള്‍ ഇറാന്‍ അധികാരികള്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍നിന്ന് ബോധപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു’ -കുവൈത്ത് ആരോപിച്ചു.
അതിനിടെ, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജാറുല്ല കുവൈത്തിലെ ഇറാന്‍ അംബാസഡര്‍ അലി റിദാ ഇനായത്തിയെ തന്‍െറ ഓഫിസില്‍ വിളിപ്പിച്ച് സൗദി എംബസി കൈയേറുകയും കെട്ടിടത്തിന് തീവെക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധമറിയിച്ചുള്ള കത്ത് കൈമാറി. നയതന്ത്ര വിഷയത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇറാന്‍ കാറ്റില്‍ പറത്തുകയാണെന്ന് സുലൈമാന്‍ ജാറുല്ല ഇറാന്‍ അംബാസഡറെ അറിയിച്ചു.
നടപടി ശക്തമാക്കുന്നതിന്‍െറ ഭാഗമായി ഇറാനുമായുള്ള വ്യോമ, വ്യാപാര ബന്ധം സൗദി അറേബ്യ നിര്‍ത്തി. നയതന്ത്ര പ്രതിനിധിയെ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു. സൗദിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ളെന്നും പ്രതിസന്ധി കനക്കുന്നതിന് ഇറാന്‍ മാത്രമാണ് ഉത്തരവാദിയെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വ്യക്തമാക്കി. സൗദിയില്‍നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വ്യോമ സര്‍വിസുകളും അവസാനിപ്പിച്ചിട്ടുണ്ട്. പ്രശ്നമവസാനിപ്പിക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടു. സൗദി നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ വിദേശകാര്യ നയ മേധാവി ഫ്രെഡറിക മുഗ്രിനിയും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയും അമേരിക്കയും അപലപിച്ചു
ഭീകരവാദക്കേസില്‍ ശിയ പുരോഹിതനെ സൗദി വധിച്ചതില്‍ പ്രതിഷേധിച്ച് ഇറാനില്‍ സൗദി എംബസിയും കോണ്‍സുലേറ്റും ആക്രമിച്ച് തീയിട്ട സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ പ്രതിഷേധം തുടരുന്നു. ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭ കടുത്ത ആശങ്ക രേഖപ്പെടുത്തി. നയതന്ത്ര സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കേണ്ടത് ഇറാന്‍െറ ബാധ്യതയാണെന്നും അതില്‍ വീഴ്ച വരുത്തുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സമിതി വിലയിരുത്തി. മേഖലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും ചര്‍ച്ചകളുടെ വഴിയിലേക്ക് തിരിച്ചുവരാനും എല്ലാവരും തയാറാകണമെന്നും യു.എന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇറാന്‍െറ നടപടികളെ ശക്തമായി അപലപിച്ച അമേരിക്ക സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റു ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണ്. നയതന്ത്ര കേന്ദ്രങ്ങളെ പൂര്‍ണമായി സംരക്ഷിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിക്കു നേരെയുള്ള ഇറാന്‍െറ പ്രകോപനപരമായ സമീപനങ്ങളില്‍ അറബ് ആഭ്യന്തര മന്ത്രിമാരുടെ സമിതിയും ശക്തമായി പ്രതിഷേധിച്ചു. അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തുന്ന സമീപനമാണ് ഇറാന്‍േറതെന്നും അയല്‍പക്ക ബന്ധങ്ങളില്‍ പാലിക്കേണ്ട ഇസ്ലാമിക മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും സമിതി കുറ്റപ്പെടുത്തി.
അറബ് രാജ്യങ്ങളില്‍ വിഭാഗീയത വളര്‍ത്തി തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന സമീപനമാണ് ഇറാന്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സൗദിയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി പിന്തുണക്കുമെന്നും ആഭ്യന്തര മന്ത്രിമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ മൊറോക്കോയും പ്രതിഷേധം രേഖപ്പെടുത്തി. സൗദിയുടെ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രി സ്വലാഹുദ്ദീന്‍ മിസൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
