ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവ് തേടുന്നു
text_fieldsകുവൈത്ത് സിറ്റി: രോഗിയും നിരാലംബനുമായ കോഴിക്കോട് സ്വദേശി സുമനസ്സുള്ളവരുടെ സഹായം തേടുന്നു. പെരുവണ്ണാമുഴി പരവന്തറയില്‍ കരുണാകരന്‍ ചന്ദ്രന്‍ (62) ആണ് ഹൃദ്രോഗം മൂര്‍ച്ഛിച്ച് ഫര്‍വാനിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
നേരത്തേ ഒരുവട്ടം ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ഇയാള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനായി ഏറെനാള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. നാട്ടില്‍പോയി ശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തികാവസ്ഥയുമില്ലാത്തതിനാല്‍ കനിവുള്ളവരുടെ സഹായം കാത്തിരിക്കുകയാണിയാള്‍. 16 വര്‍ഷത്തോളമായി കുവൈത്തിലുള്ള ചന്ദ്രന്‍ സ്വദേശിവീട്ടില്‍ ജോലിക്കാരനായിരുന്നു. 2010ല്‍ ഹൃദ്രോഗംബാധിച്ചതിനെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായി. പിന്നീടും അസുഖം വന്നതിനെ തുടര്‍ന്ന് രണ്ടുവട്ടം ആന്‍ജിയോപ്ളാസ്റ്റി നടത്തി സ്റ്റഡ് ഇടുകയും ചെയ്തു.
തുടര്‍ന്ന്, കാര്‍ വാടകക്കെടുത്ത് ഹോം കെയര്‍ സ്ഥാപനങ്ങളിലേക്ക് ആളെ എത്തിക്കുന്ന ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞമാസം വീണ്ടും വേദന വന്നതിനെ തുടര്‍ന്നാണ് ആദ്യം ഫര്‍വാനിയ ആശുപത്രിയിലും പിന്നീട് സബാഹ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇനിയും സ്റ്റഡ് ഇടുന്നതുകൊണ്ട് പ്രയോജനമില്ളെന്നും ശസ്ത്രക്രിയതന്നെ വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതിനായി ഏറെ നാള്‍ കാത്തുനില്‍ക്കേണ്ടതിനാല്‍ അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. ചൊവ്വാഴ്ച രാത്രി വീണ്ടും വേദന വന്നതിനെ തുടര്‍ന്നാണ് ഫര്‍വാനിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സുഹൃത്ത് ജെറാര്‍ഡ് മാത്രമാണ് ഇദ്ദേഹത്തെ സഹായിക്കാനുള്ളത്. ശസ്ത്രക്രിയക്കായി നാട്ടിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും എന്നാല്‍ അതിനുള്ള സാമ്പത്തികാവസ്ഥ ചന്ദ്രനില്ളെന്നും ഇയാള്‍ പറഞ്ഞു. നാട്ടില്‍ രോഗിയായ ഭാര്യയും രണ്ടു പെണ്‍മക്കളുമാണുള്ളത്. ചെറിയ വീടും സ്ഥലവുമുണ്ടെങ്കിലും അതും പണയത്തിലാണ്. ഇയാളെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 60322321 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജെറാര്‍ഡ് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
