രണ്ടുമാസത്തേക്ക് വാഹനം കണ്ടുകെട്ടും –ഗതാഗത വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിലെ എമര്‍ജന്‍സി ലൈനുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കി ഗതാഗത വകുപ്പ്.
അനുവദനീയമായ സമയത്തും വേഗത്തിലുമല്ലാതെ എമര്‍ജന്‍സി ലൈനുകള്‍ ഉപയോഗിച്ചാല്‍ രണ്ടുമാസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിനുകിഴിലെ ഗതാഗത വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്ന മുന്നറിയിപ്പ് നല്‍കി. പൊലീസ്, ആംബുലന്‍സ്, ഫയര്‍ സര്‍വിസ് തുടങ്ങിയവക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് എമര്‍ജന്‍സി ലൈന്‍.
റോഡുകളുടെ വലതുഭാഗത്തുള്ള എമര്‍ജന്‍സി ലൈനുകള്‍ ഒരു സാഹചര്യത്തിലും ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. ഇടതുഭാഗത്തെ എമര്‍ജന്‍സി ലൈനുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക സമയവും പരമാവധി വേഗവും ഗതാഗത വകുപ്പ് നിര്‍ണയിച്ചുനല്‍കിയിട്ടുണ്ട്. തിരക്കേറിയ ചില റോഡുകളില്‍ സ്കൂള്‍, ഓഫിസ് സമയമായതിനാല്‍ ഗതാഗതക്കുരുക്കുണ്ടാവുന്ന രാവിലെ ആറുമുതല്‍ ഒമ്പതുവരെയും ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെയുമാണ് ഇടതുഭാഗത്തെ എമര്‍ജന്‍സി ലൈനുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്.
ഇങ്ങനെ ഇളവുള്ള റോഡുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലെ നിര്‍ദേശമനുസരിച്ച് മാത്രമേ ഇതുപയോഗിക്കാവൂ. നിയമം ലംഘിക്കുന്നവരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും വാഹനം രണ്ടുമാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.