മന്ത്രിസഭ യോഗം:  എണ്ണ പൈപ്പ്​ലൈന്‍ സ്​ഫോടനം:  ഇറാൻ പങ്ക്​ ഉൗന്നിപ്പറഞ്ഞ്​ മന്ത്രിസഭ 

08:22 AM
14/11/2017
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം

മനാമ: ബൂരി എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌േഫാടനം ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷനായിരുന്നു. ‘ബാപ്‌കോ’യുടെ എണ്ണ പൈപ്പിന് നേരെയുണ്ടായ ഭീകരാക്രമണം നിസാരമായി കാണാനാകില്ല. ഇറാനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. ബഹ്‌റൈനടക്കമുള്ള മേഖലയിലെ രാജ്യങ്ങളില്‍ അസ്ഥിരതയും അശാന്തിയും വിതക്കാനുള്ള ശ്രമം ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്ന ഇറാ​​െൻറ നിലപാട് ഏറെ അപകടകരമാണെന്നും കാബിനറ്റ് വിലയിരുത്തി. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ഇറാന്‍ അവസാനിപ്പിക്കണം.

ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ റിയാദിന്​ നേരെ മിസൈല്‍ തൊടുത്തതും അവരുടെ അക്രമ നയത്തിന്​ ഉദാഹരണമാണ്. എണ്ണ പൈപ്പ് ലൈന്‍ തകര്‍ക്കുന്നതിന് ശ്രമിച്ച തീവ്രവാദികളെ പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന മുഴുവന്‍ നടപടികള്‍ക്കും മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സ്‌ഫോടനത്തെക്കുറിച്ചും തുടർന്ന്​ സ്വീകരിച്ച നടപടികളെക്കുറിച്ചും ആഭ്യന്തര മന്ത്രാലയം മന്ത്രിസഭയില്‍ വിശദീകരണം നല്‍കി. തീഅണക്കുന്നതിനും കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനും സ്വദേശികളും വിദേശികളും നല്‍കിയ സഹകരണം  പ്രശംസനീയമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളിൽ അടിയന്തിര നടപടിക്ക് ഉത്തരവ് നല്‍കിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സഭ നന്ദി അറിയിച്ചു. എത്രയും വേഗം പൈപ്പ്​ലൈന്‍ പൂര്‍വസ്ഥിതിയിലാക്കാനാവശ്യമായ നീക്കങ്ങളുണ്ടാകുമെന്ന്​ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബഹ്‌റൈന് പിന്തുണയുമായി മുന്നോട്ടുവന്ന മുഴുവന്‍ അയല്‍രാജ്യങ്ങള്‍ക്കും ദേശീയ, അന്താരാഷ്​ട്ര സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കാബിനറ്റ് നന്ദി അറിയിച്ചു. 

ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സല്‍മാബാദ് പാര്‍പ്പിട പദ്ധതി, ദേര്‍, ജിദ്ഹഫ്‌സ് റോഡ് വികസനം എന്നിവക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ അറിയിച്ചു. മുഹറഖില്‍ പേള്‍ മ്യൂസിയത്തിനായി ഭൂമി അക്വയര്‍ ചെയ്യാൻ തീരുമാനിച്ചു. പ്രവര്‍ത്തന ചെലവ് കുറക്കുന്നതി​​െൻറ ഭാഗമായി  വിദേശ കരാറുള്ള ബഹ്‌റൈനികളല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രവാസ അലവന്‍സ് നിര്‍ത്തലാക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സര്‍വീസ് ബ്യൂറോയെ ചുമതലപ്പെടുത്തി. ഹോങ്‌കോങ് സര്‍ക്കാറും ബഹ്‌റൈനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കാനും കള്ളപ്പണമൊഴുക്ക് തടയാനുമുള്ള കരാറിലൊപ്പുവെക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

മൂലധനത്തി​​െൻറ വരവ്​ ശക്തിപ്പെടുത്താനും പരസ്പര നിക്ഷേപ സംരംഭങ്ങള്‍ക്ക് തുടക്കമിടാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ കരാറില്‍ ഒപ്പുവെക്കാന്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച് ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ചില ആശുപത്രികളോടനുബന്ധിച്ച് മള്‍ട്ടി കാര്‍പാര്‍ക്കിങ് ബില്‍ഡിങ് ആരംഭിക്കുന്നതിന് പാര്‍ലമ​െൻറ്​ മുന്നോട്ടു വെച്ച നിര്‍ദേശം സഭ ചര്‍ച്ച ചെയ്തു. ദുബൈ എയര്‍ഷോ 2017ലെയും വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് എക്‌സിബിഷനിലെയും ഈജിപ്തിലെ ശറമുശ്ശൈഖില്‍ സംഘടിപ്പിച്ച അന്താരാഷ്​ട്ര യൂത്ത് േഫാറത്തിലെയും ബഹ്‌റൈന്‍ പങ്കാളിത്തത്തെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

COMMENTS