ഹമദ് രാജാവി​െൻറ യു.കെ സന്ദര്‍ശനം വിജയകരമെന്ന് വിലയിരുത്തല്‍ 

  • രണ്ടാം എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്​ചയും നോര്‍ത്ത് അയര്‍ലൻറ്​ സന്ദര്‍ശനവൂം വിവിധ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇടയാക്കും

11:51 AM
15/05/2018
ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിക്കുന്നു

മനാമ: ഹമദ് രാജാവി​​െൻറ ബ്രിട്ടണ്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷതയിലായിരുന്നു. രണ്ടാം എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും നോര്‍ത്ത് അയര്‍ലൻറ്​സന്ദര്‍ശനവും വിവിധ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇടയാക്കുമെന്ന് വിലയിരുത്തി. റമദാന്‍ അടുത്തെത്തിയ സന്ദര്‍ഭത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും മുഴുവന്‍ രാജ്യ നിവാസികള്‍ക്കും അറബ്-ഇസ്​ലാമിക സമൂഹത്തിനും മന്ത്രിസഭ റമദാന്‍ ആശംസകള്‍ നേര്‍ന്നു. സമാധാനവും സന്തോഷവും നിറഞ്ഞ റമദാനായിരിക്കട്ടെയെന്ന് ആശംസയില്‍ വ്യക്തമാക്കി. 
വിവിധ പ്രദേശങ്ങളില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ അവിടങ്ങളിലെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും ഉതകുന്നതാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. 

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഹിദ്ദ് പാര്‍പ്പിട പദ്ധതിയും സമാനമായ മറ്റ് സേവന പദ്ധതികളും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് സന്ദര്‍ശനത്തില്‍ വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കുന്നതിനും അവ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ശ്രമിക്കുകയും വേണം. ജനങ്ങളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുമ്പോഴാണ് സര്‍ക്കാറില്‍ വിശ്വാസം വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴി ഉയരുന്ന ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. 

ബുഹൈര്‍ പ്രദേശത്തെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാന്‍ അദ്ദേഹം ഉണര്‍ത്തി. ഗുണനിലവാരമുള്ള ഒൗഷധങ്ങള്‍ രാജ്യത്ത് കൊണ്ടുവരുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സിലിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില വ്യക്തികളെയും സംഘടനകളെയും തീവ്രവാദ ലിസ്​റ്റില്‍ പെടുത്താന്‍ കാബിനറ്റ് തീരുമാനിച്ചു. വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള പ്രസ്തുത തീരുമാനം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ മന്ത്രിസഭ ചുമതലപ്പെടുത്തി. കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Loading...
COMMENTS