പ്രവാസികളെ ചേർത്തുപിടിച്ച സർക്കാർ
text_fieldsഡി. സലീം
കേരളത്തിൽ വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പ് സമാഗതമാവുകയാണ്. നാട്ടിൽനിന്നും ജീവിതമാർഗം തേടി പ്രവാസം തിരഞ്ഞെടുത്ത മലയാളികൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ താൽപര്യത്തോടെയാണ് ഇപ്പോൾ രാഷ്ട്രീയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ ഇത്തരം കാര്യങ്ങളിലുള്ള പ്രവാസികളുടെ ഇടപെടലുകളും ഗണ്യമായ തോതിൽ വർധിച്ചു. ആദ്യഘട്ടങ്ങളിൽ പ്രവാസികളെ ജനവിഭാഗമായിപ്പോലും പരിഗണിച്ചിരുന്നില്ല. കാലാന്തരത്തിൽ അതിനു കാതലായ മാറ്റം വന്നുചേർന്നു.
പ്രവാസികൾ അയക്കുന്ന പണം നാട്ടിലെ സാമ്പത്തികവ്യവസ്ഥയെ തന്നെ ഗണ്യമായി സ്വാധീനിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് ഇത്തരം ഒരു മാറ്റം പ്രകടമായി തുടങ്ങിയത്. അത് കാലാന്തരത്തിൽ വികസിച്ചു പ്രവാസി കാര്യ വകുപ്പ് തന്നെ രൂപവത്കരിക്കുന്നതിലേക്ക് എത്തിച്ചേർന്നു.
നോർക്ക, പ്രവാസി കമീഷൻ, പ്രവാസി ക്ഷേമനിധി ബോർഡ്, ലോക കേരളസഭ തുടങ്ങിയ നിരവധി സർക്കാർ സംവിധാനങ്ങൾ ഇന്ന് പ്രവാസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. എന്നിരുന്നാലും സർക്കാറുകളുടെ താൽപര്യവും ഇച്ഛാശക്തിയും അനുസരിച്ച് അവയുടെ പ്രവർത്തനം ഏറിയും കുറഞ്ഞും നടന്നുവരുകയായിരുന്നു.
പ്രവാസിക്ഷേമത്തിന് മുൻഗണന
1996ൽ സ്ഥാപിതമായ നോർക്ക ആയിരുന്നു പ്രവാസിരംഗത്തെ ഒരു സുപ്രധാന ചുവടുവെപ്പ്. എന്നാൽ, വേണ്ടത്ര പരിഗണന കിട്ടാതെ ഇതൊരു കേവല വകുപ്പ് മാത്രമായി അവശേഷിക്കുകയായിരുന്നു കുറേക്കാലം. ഇന്ന് സ്ഥിതിഗതികളിൽ ഗണ്യമായ മാറ്റം വന്നിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും ചെലുത്തിയ സവിശേഷ ശ്രദ്ധയെ തുടർന്ന് ഇന്ന് പ്രവാസികളുടെ ഹൃദയത്തുടിപ്പ് അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു വകുപ്പായി അത് മാറിയിരിക്കുന്നു.
പ്രവാസി ഐഡി കാർഡ്, പ്രവാസി ഇൻഷുറൻസ്, തൊഴിൽ വൈദഗ്ധ്യവും പരിശീലനവും, ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവക്ക് ധനസഹായം നൽകുന്ന സാന്ത്വനം പദ്ധതി, മരണമടയുന്ന പ്രവാസികളുടെ ഭൗതികദേഹം നാട്ടിൽ എത്തിക്കുവാൻ സഹായിക്കുന്ന കാരുണ്യം പദ്ധതി, സൗജന്യ ആംബുലൻസ്, മടങ്ങിയെത്തിയ പ്രവാസികൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാൻ നോർക്ക റൂട്ട്സിെൻറ സമഗ്ര പുനരധിവാസ പദ്ധതി, എൻ.ഡി.പി.ആർ.ഇ.എം തുടങ്ങിയ നിരവധി പദ്ധതികളാണ് നോർക്ക പ്രവാസികൾക്കായി നടപ്പിലാക്കുന്നത്.
എൻ.ഡി.പി.ആർ.ഇ.എം വഴി 30 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡിയോട് കൂടിയ വായ്പ ലഭിക്കുന്നു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന വിവിധ ആനുകൂല്യങ്ങളും പ്രവാസി പെൻഷൻ പദ്ധതിയും സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു ആശ്വാസം ആണ്. ഇക്കഴിഞ്ഞ ബജറ്റോടു കൂടി പ്രവാസി പെൻഷൻ 3500 രൂപയായി വർധിപ്പിച്ചു. അത് കൂടാതെ നിരവധി ആനുകൂല്യങ്ങളാണ് പ്രവാസി ക്ഷേമത്തിനായി ബജറ്റിെൻറ ഭാഗമായി നിലവിൽ വന്നത്.
ഒന്നും ചെയ്യാതെ കേന്ദ്രസർക്കാർ
എന്നാൽ, കേന്ദ്രസർക്കാർ ആകട്ടെ സാധാരണക്കാരായ പ്രവാസികളോട് മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. കോവിഡ് കാലത്തും കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് കടുത്ത അവഗണനയാണുണ്ടായത്. സാധാരണക്കാരായ പ്രവാസികൾക്ക് പ്രയോജനകരമായ ഒരു പദ്ധതിയും കേന്ദ്ര ബജറ്റ് മുന്നോട്ട് വെച്ചില്ല.
കോവിഡിനെ തുടർന്ന് കഴിഞ്ഞ മേയ് മാസം മുതൽ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി 10 ലക്ഷത്തോളം ഇന്ത്യക്കാർ തിരിച്ചുപോയിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗവും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരാണെന്നാണ് ഇന്ത്യൻ എംബസികൾ നൽകുന്ന വിവരം. ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും കുറഞ്ഞ ശമ്പളക്കാരും ഇടത്തരക്കാരുമാണ്. ഇവർക്കായി വിപുലമായ പുനരധിവാസ പദ്ധതികളാണ് ആവശ്യം. സംസ്ഥാനങ്ങൾ മാത്രം വിചാരിച്ചാൽ പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കാനാവില്ല.
ഇവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി നാടിെൻറ തൊഴിൽമേഖലയിലേക്ക് കൂട്ടിച്ചേർക്കാൻ ക്രിയാത്മകമായ പദ്ധതികൾ ഒന്നുപോലും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആദ്യ ബജറ്റ് മുതൽ തന്നെ പ്രവാസികളുടെ ആനുകൂല്യങ്ങൾ പടി പടിയായി ഉയർത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ച അഞ്ച് വർഷംകൊണ്ട് പ്രവാസികൾക്കായി ചെലവഴിച്ചത് 82 കോടി രൂപ ആയിരുന്നു. എന്നാൽ, തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഒരു വർഷത്തേക്ക് മാത്രം വിലയിരുത്തിയത് 90 കോടി രൂപയാണ്.
ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി പ്രവാസികളും
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ നടപ്പിലാക്കിയ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കേരളത്തിലെ മൊത്തം ജനവിഭാഗങ്ങളോടൊപ്പം പ്രവാസികളും ഗുണഭോക്താക്കൾ ആകുകയാണ്. കൃഷിയും ചെറുകിട വ്യവസായ സ്ഥാപനങ്ങളും വിവിധ സ്റ്റാർട്ടപ്പുകളും കുടുംബശ്രീയും തുടങ്ങി എല്ലാ സംരംഭങ്ങളുടെയും ഗുണഭോക്താക്കളായി തിരികെ എത്തുന്ന പ്രവാസികളും പ്രവാസി കുടുംബങ്ങളും മാറുകയാണ്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ ഉണ്ടായ മുന്നേറ്റം പ്രവാസികളെ നല്ലനിലയിലാണ് സഹായിക്കുന്നത്.
പ്രവാസികളെ എക്കാലവും അലട്ടിയിരുന്ന ഒന്നായിരുന്നു മക്കളുടെ വിദ്യാഭ്യാസം. പ്രാഥമിക തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കേരളത്തിലെ വിദ്യാഭ്യാസം സർക്കാർ തലത്തിൽ ലോകോത്തര നിലവാരത്തിൽ എത്തി എന്നത് ഇന്ന് ലോകം തന്നെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗം കൂടി സ്കൂൾ വിദ്യാഭ്യാസം പോലെ കുറ്റമറ്റതായാൽ അതിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുന്നതും പ്രവാസികൾ ആയിരിക്കും.
കേരളം ഇപ്പോൾ ആർജിച്ച ഭൗതിക നേട്ടങ്ങളും അടിസ്ഥാന സൗകര്യരംഗത്ത് വന്ന മാറ്റങ്ങളും തിരികെ എത്തുന്ന പ്രവാസികൾക്ക് തികഞ്ഞ ആത്മവിശ്വാസം പകരുന്നവയാണ്. അതിനാലാണ് ''ഒന്നാണ് കേരളം ഒന്നാമതാണ് കേരളം, തുടരണം ഈ ഭരണം''എന്ന് മുദ്രാവാക്യം പ്രവാസികൾ ഉയർത്തുന്നത്. അതിനായി എല്ലാ പ്രവാസികളും അണിചേരുക തന്നെ ചെയ്യും.
(ഡി. സലീം- പ്രതിഭ രക്ഷാധികാരി അംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

