മുഹറഖ്-മനാമ നാലാമത് പാലം: രണ്ടാംഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും
text_fieldsമനാമ: മുഹറഖിനെ മനാമയുമായി ബന്ധിപ്പിക്കുന്ന നാലാമത് പാലത്തിന്‍െറ രണ്ടാം ഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും. മുഹറഖ് റിങ് റോഡ് നിര്‍മ്മാണവും ഉടന്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് നോര്‍ത് ബുസൈത്തീനും ബഹ്റൈന്‍ ബേയുമായി ബന്ധിപ്പിക്കുന്ന കോസ്വേ നിര്‍മിക്കാന്‍ ഉത്തരവിട്ടത്. 4.918 ദശലക്ഷം ദിനാറാണ് രണ്ടാം ഘട്ട പദ്ധതിയുടെ ചെലവ്. എയ്കോം മിഡില്‍ ഈസ്റ്റ് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. ഏറ്റവും കുറഞ്ഞ തുകക്ക് ടെണ്ടര്‍ നല്‍കിയ കമ്പനിയെന്ന നിലക്കാണ് ഇവര്‍ക്ക് പ്രവൃത്തിയുടെ ചുമതല നല്‍കിയതെന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
തന്ത്രപ്രധാനമായ നിര്‍മ്മാണമാണ് നടക്കാനിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എയര്‍പോര്‍ട് ഹൈവേ, ഘൗസ് അവന്യൂ, ഖലീഫ അല്‍ കബീര്‍ ഹൈവേ എന്നിവിടങ്ങളിലെ തിരക്ക് കുറയാന്‍ പുതിയ റോഡ് കാരണമാകും. നോര്‍ത് മുഹറഖ് മേഖലയിലേക്കുള്ള ഗതാഗതം സുഗമമാകുകയും വിമാനത്താവളത്തിലേക്കും ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തിലേക്കുമുള്ള യാത്ര എളുപ്പമാവുകയും ചെയ്യും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. കടല്‍ നികത്തല്‍, ലെവലിങ് ജോലികള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട പഠനങ്ങള്‍, രണ്ടാം ഘട്ട നിര്‍മ്മാണത്തിന്‍െറ രേഖകള്‍ ശരിയാക്കല്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നടന്നത്. സിവില്‍ ജോലികളും റോഡിന്‍െറ അഴുക്കുചാല്‍ നിര്‍മാണവും മറ്റുമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മൊത്തം 7.8 കിലോ മീറ്ററാണ് റോഡിന്‍െറ ദൈര്‍ഘ്യം. ഇതില്‍ 4.2 കിലോ മീറ്റര്‍ റിങ് ലെയ്നിന്‍േറതാണ്. ഗലാലി, ദെയ്ര്‍, സമാഹീജ്, ബുസൈതീന്‍, ദിയാറല്‍ മുഹറഖ്, അംവാജ് ഐലന്‍റ്സ്, ദില്‍മുനിയ, സായ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും പുതിയ പാലം ഉപകരിക്കും. മുഹറഖിന് ചുറ്റുമായി വരുന്ന റിങ്റോഡ് നോര്‍ത് ബഹ്റൈന്‍ റിങ് റോഡുമായി ബന്ധിപ്പിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, മുഹറഖില്‍ നിന്ന് ഡിപ്ളോമാറ്റിക് ഏരിയ, ബഹ്റൈന്‍ ബെ, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാകും. ഗലാലിയില്‍ നിന്ന് തുടങ്ങുന്ന റിങ്റോഡ് സമാഹീജ്, ദെയ്ര്‍ വഴി ദിയാറല്‍ മുഹറഖിലാണ് അവസാനിക്കുന്നത്. ഇവിടെയുള്ള സിംഗ്ള്‍ വണ്‍വെ റോഡുകള്‍ ഓരോ ഭാഗത്തേക്കും മൂന്ന് വീതം ലെയ്നുകളുള്ള ഡബ്ള്‍ റോഡുകളാക്കും. നാലാമത് ഒരു ലെയ്ന്‍ കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യതയും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.