പ്രധാനമന്ത്രി സൽമാൻ രാജാവുമായി ചർച്ച നടത്തി മടങ്ങി
text_fieldsമനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ കഴിഞ്ഞ ദിവസം സൗദിയിലെത്തി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സഹകരണം വിപുലപ്പെടുത്താനും സന്ദർശനം ഉപകരിക്കുമെന്ന് ഉന്നത കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു.റിയാദിലെത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ആൽസൗദിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സൗദി നൽകുന്ന പിന്തുണക്ക് ബഹ്റൈൻ ഭരണകൂടവും ജനതയും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അറബ്, ഇസ്ലാമിക ഐക്യം സാധ്യമാക്കാനും മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാനും സൗദി നേതൃത്വം കാണിക്കുന്ന ജാഗ്രത അഭിമാനകരമാണ്. അറബ് രാഷ്ട്രങ്ങളിലേക്കുള്ള ചില വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ ചെറുക്കാൻ സൗദി നേതൃത്വത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറബ്, ഇസ്ലാമിക സമൂഹത്തെ ഐക്യപ്പെടുത്തുന്നതിനുള്ള സൽമാൻ രാജാവിെൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ഇന്നലെ തന്നെ ബഹ്റൈനിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
