പി.പി.എ കണ്‍വീനറെ പുറത്താക്കിയെന്ന്
text_fieldsമനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി കൂട്ടായ്മയായ ‘പ്രോഗ്രസീവ് പാരന്‍റ്സ് അലയന്‍സ്’ (പി.പി.എ) കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ശ്രീധര്‍ തേറമ്പിലിനെ നീക്കിയതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ മാസം എട്ടിന് ചേര്‍ന്ന ലെയ്സണ്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിരന്തരം പി.പി.എയുടെ നയസമീപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാലാണ് നടപടി. ലെയ്സണ്‍ കമ്മറ്റിയില്‍നിന്നും ശ്രീധറിനെ ഒഴിവാക്കിയിട്ടുണ്ട്. കണ്‍വീനറുടെ താല്‍കാലിക ചുമതല പി.പി.എ ജനറല്‍ കോഓഡിനേറ്റര്‍ വിപിന്‍ കുമാറിനായിരിക്കും. പി.പി.എ പേട്രണ്‍ മുഹമ്മദ് മാലിമും വിപിനുമാണ് ഇക്കാര്യം അറിയിച്ചത്.
ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ അഭിമാനമായ ഇന്ത്യന്‍ സ്കൂളിനെ അക്കാദമികമായും, സാമ്പത്തികമായും തകര്‍ത്ത പഴയ ഭരണസമിതിക്കെതിരായ രക്ഷാകര്‍തൃസമൂഹത്തിന്‍െറയും അഭ്യുദയകാംക്ഷികളുടെയും ശക്തമായ പ്രതിഷേധത്തിന്‍െറ പ്രതിഫലനമായിരുന്നു പി.പി.എയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായ ജനവിധി. അതുകൊണ്ടുതന്നെ സ്കൂളിന്‍െറ നില മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിരാശ പൂണ്ട ചിലയാളുകളാണ് സ്കൂളിനും ഭരണസമിതിക്കുമെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. ഭരണസമിതിയെയും, സ്കൂളിനെയും, പി.പി.എ നേതൃത്വത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ അതുചെയ്യാതെ മറ്റുതാല്‍പര്യങ്ങളുടെ പിറകെപോകുന്നത് ഗുണകരമല്ല.
പി.പി.എ ലെയ്സണ്‍ കമ്മറ്റി വിളിക്കണമെന്ന നിര്‍ദേശത്തെ അവഗണിക്കുന്ന സമീപനമാണ് കണ്‍വീനര്‍ അനുവര്‍ത്തിച്ചുവന്നത്. കഴിഞ്ഞ സ്കൂള്‍ ജനറല്‍ബോഡിയിലും, അതിന് ശേഷം സ്കൂളിന്‍െറ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി നടത്തിയ മെഗാഫെയറിലും നിസഹകരിക്കുകയും പി.പി.എ നിലപാടിന് എതിരായ സമീപനമെടുക്കുകയും ചെയ്തു. ഈയടുത്ത് നേതൃത്വവുമായി കൂടിയാലോചിക്കാതെയും, അവരുടെസമ്മതം തേടാതെയും സ്കൂള്‍ ഭരണസമിതിയില്‍ നിന്നും പി.പി.എ അകലുകയാണ് എന്ന പ്രസ്താവന സ്വന്തം താല്‍പര്യപ്രകാരം പത്രങ്ങളില്‍ നല്‍കാനും കണ്‍വീനര്‍ തയാറായി.
സ്കൂള്‍ ചെയര്‍മാന്‍, സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിക്കെതിരെയും വാസ്തവവിരുദ്ധമായ ആരോപണങ്ങളും ഈ കുറിപ്പിലൂടെ അദ്ദേഹം പുറപ്പെടുവിച്ചു. ഇതിനു ശേഷവും ലെയ്സണ്‍ കമ്മിറ്റി വിളിക്കാന്‍ അദ്ദേഹം തയാറാവുകയോ, നേതൃത്വം അഭ്യര്‍ഥിച്ചിട്ടും ആരോപണം പിന്‍വലിക്കുകയോ ചെയ്തില്ല.
ജനാധിപത്യപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന പി.പി.എയും അതിന് നേതൃത്വം കൊടുക്കുന്ന ലെയ്സണ്‍ കമ്മിറ്റിയും ഒരുതരത്തിലുള്ള ഏകാധിപത്യ പ്രവണതയും വെച്ച് പൊറുപ്പിക്കില്ല.
പി.പി.എയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കനുസരിച്ച് അഴിമതി രഹിതവും, സുതാര്യവുമായ ഭരണം, സാമ്പത്തിക ഭദ്രത കൈവരുന്നതിനും, അക്കാദമികനിലവാരം ഉയര്‍ത്തുന്നതിനുമുള്ള നടപടികള്‍ എന്നിവയുമായി മുന്നോട്ട് പോകുന്ന സ്കൂള്‍ ഭരണസമിതിക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, ഭരണസമിതിയെ ദുര്‍ബലപെടുത്താന്‍ ശ്രമിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ചെറുക്കാന്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍െറയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
തന്നെ പുറത്താക്കിയിട്ടില്ളെന്ന് ശ്രീധര്‍ തേറമ്പില്‍
മനാമ: പി.പി.എ ഒറ്റക്കെട്ടാണെന്നും തന്നെ ആരും കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ളെന്നും ശ്രീധര്‍ തേറമ്പില്‍ പ്രസ്താവനയില്‍ പറഞ്ഞു. നാളിതുവരെ പി.പി.എക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവരാണ് ആരോപണങ്ങള്‍ക്കുപിന്നിലുള്ളത്. പാട്രണ്‍മാരും കണ്‍വീനറും മുതിര്‍ന്ന നേതാക്കളും എക്സിക്യൂട്ടിവ് അംഗങ്ങളും അറിയാതെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നുള്ള തീരുമാനങ്ങള്‍ അംഗീകരിക്കില്ല.
തന്‍െറ നേതൃത്വത്തിലുള്ളവര്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ചതായും ശ്രീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ചെറുവിരല്‍ അനക്കാത്തവര്‍ ഇനിയെങ്കിലും ഇന്ത്യന്‍ സ്കൂളിന് വേണ്ടി എന്തെങ്കിലും ചെയ്യണം. സ്വന്തമായി ജയിക്കാന്‍ കഴിവില്ലാതെ പി.പി.എയുടെ സഹായത്താല്‍ അധികാരത്തിലത്തെിയപ്പോള്‍ കൂടെ നിന്നിരുന്നവരെ തള്ളിപ്പറയുന്ന പ്രവണത ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. അനധികൃതമായി പി.പി.എയുടെ പേരില്‍ തെരഞ്ഞെടുക്കുന്ന ഒരു കമ്മിറ്റിയെയും അംഗീകരിക്കില്ല. അടുത്ത ആഴ്ച തന്നെ പി.പി.എയുടെ വിശാലസമ്മേളനം വിളിച്ചുചേര്‍ക്കും. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും ലെയ്സണ്‍ കമ്മിറ്റിയും ഇതില്‍ തീരുമാനിക്കും.
പി.പി.എയുടെ ലക്ഷ്യം ഇന്ത്യന്‍ സ്കൂളിന്‍െറ പുരോഗതി മാത്രമാണ്. ഇതിനായി സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായസഹകരണങ്ങളുണ്ടാകണമെന്നും ശ്രീധര്‍ തേറമ്പില്‍ അഭ്യര്‍ഥിച്ചു. സ്കൂള്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍െറയും പിന്തുണ തനിക്കാണെന്നും ഇത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
