മന്ത്രിസഭാ യോഗം: ഗതാഗത-ടെലികോം മന്ത്രാലയം പുന:സംഘടിപ്പിക്കും
text_fieldsമനാമ: ഗതാഗത-ടെലികോം മന്ത്രാലയം പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് നാല് ഡയറക്ടറേറ്റുകള്‍ ഒഴിവാക്കും. ഒരു ഡയറക്ടറേറ്റ് നവീകരിക്കുകയും മറ്റ് ചിലതിന്‍െറ പേര് മാറ്റുകയും ചെയ്യും. ഉപപ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബഹ്റൈന്‍ ഓഹരി വിപണിയുടെ മേല്‍നോട്ടം ധനമന്ത്രാലയത്തില്‍ നിന്ന് വ്യാപാര-വാണിജ്യ-ടൂറിസം മന്ത്രാലയത്തിലേക്ക് മാറ്റാനും കാബിനറ്റ് അംഗീകാരം നല്‍കി.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നടത്തിയ ജനഹിതപരിശോധന രാജ്യത്തെ പുതിയ ഉയരങ്ങളിലത്തെിച്ചതായി യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. ജനഹിതപരിശോധന നടന്ന ഫെബ്രുവരി 14 അവിസ്മരണീയ ദിനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും ബഹ്റൈന്‍ ജനതക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. ഹിതപരിശോധനയില്‍ ഒപ്പുവെച്ച ജനങ്ങളുടെ ആത്മാര്‍ഥതയും നിലപാടും ഏറെ ശ്രദ്ധേയമാണ്. 98.4 ശതമാനം വോട്ടാണ് റഫറണ്ടത്തിന് അനുകൂലമായി ലഭിച്ചത്.
ആധുനിക ബഹ്റൈന്‍ രൂപപ്പെടുത്തുന്നതില്‍ ജനഹിതത്തിന് വലിയ പങ്കുണ്ട്. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മേഖലകളില്‍ വളര്‍ച്ച നേടാന്‍ ഇതുവഴി സാധിച്ചു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനും രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും ഒരിക്കല്‍ കൂടി പ്രതിജ്ഞയെടുക്കാന്‍ ദേശീയ ജനഹിത ദിനത്തില്‍ സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ഡി.എഫ് 48ാം സ്ഥാപക ദിനത്തെയും കാബിനറ്റ് അനുസ്മരിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിനാണ് ബി.ഡി.എഫ് സ്ഥാപക ദിനമായി ആചരിക്കുന്നത്. രാജ്യത്ത് സുരക്ഷയും സമാധാനവും ഒരുക്കുന്നതില്‍ ബി.ഡി.എഫ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈനിക മേഖലയുടെ ആധുനികവത്കരണത്തിന് പ്രത്യേകം ശ്രദ്ധയൂന്നിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും ബി.ഡി.എഫ് സുപ്രീം കമാന്‍ററും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫക്കും മുഴുവന്‍ സൈനികര്‍ക്കും കാബിനറ്റ് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. മേഖലയിലെ തന്നെ കരുത്തുറ്റ സൈന്യമായി ബി.ഡി.എഫ് മാറിയിട്ടുണ്ടെന്നും അറബ് സഖ്യസേനയിലെ അവരുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹറഖിലെ അഞ്ച് വികസന പദ്ധതികള്‍ വൈകിയതിന്‍െറ കാരണങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റ്, മുഹറഖ് കുബ്റ പാര്‍ക്ക്, ഗലാലി, ബുസൈതീന്‍ തീരദേശ പദ്ധതി, ഖൈസരിയ്യ സൂഖ് നവീകരണ പദ്ധതി തുടങ്ങിയവയ പ്രവൃത്തികളാണ് വൈകിയത്. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം പദ്ധതി വൈകാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.
തടസങ്ങള്‍ നീക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തി. ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആധുനിക കൃഷിരീതികള്‍ അവലംബിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. വില വര്‍ധിക്കാതിരിക്കാന്‍ മത്സ്യകൃഷിയടക്കമുള്ളവക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് മന്ത്രിസഭ വ്യക്തമാക്കി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് അഭിപ്രായമുയര്‍ന്നു.
ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15വരെ അയക്കൂറ ട്രോളിങും മാര്‍ച്ച് 15 മുതല്‍ ജൂലൈ 15 വരെ ചെമ്മീന്‍ ട്രോളിങും മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ ഞണ്ട് ട്രോളിങും നിരോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് ചെമ്മീന്‍ പിടിക്കുന്നത് നിരോധിക്കുന്നതിനും തീരുമാനമുണ്ട്. കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.