കേരളീയ സമാജം തെരഞ്ഞെടുപ്പ് : അഭ്യര്‍ഥനയുമായി ഇരുപക്ഷവും
text_fieldsമനാമ: ബഹ്റൈനിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളീയ സമാജത്തില്‍ പുതിയ ഭരണസമിതി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായതോടെ, ഇരുപക്ഷവും പ്രചാരണം തുടങ്ങി. മത്സരം ആസന്നമാണെന്ന് ഏതാനും ആഴ്ചകള്‍ മുമ്പുതന്നെ വ്യക്തമായിരുന്നു. എങ്കിലും അവസാനഘട്ടത്തിലെങ്കിലും അനുരഞ്ജനമുണ്ടാകുമെന്ന് അംഗങ്ങള്‍ കരുതിയെങ്കിലും അതുണ്ടായില്ല. ഇന്‍ഡോര്‍ ഗെയിസ് സെക്രട്ടറി സ്ഥാനത്തുള്ള നൗഷാദ് മാത്രമാണ് എതിരില്ലാത്ത സ്ഥാനാര്‍ഥി.
സോഷ്യല്‍ മീഡിയയില്‍ ഇതിനകം പ്രചാരണം കൊഴുത്തിട്ടുണ്ട്. പലരും ഫോണ്‍വിളിച്ചുള്ള സഹായ അഭ്യര്‍ഥനയും തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ,സാമുദായിക സംഘടനകളുടെ പിന്‍ബലം ഇരുപക്ഷത്തിനുമുള്ളതിനാല്‍, ആ നിലക്കും വോട്ടുപിടുത്തമുണ്ട്. പി.വി.രാധാകൃഷ്ണപിള്ള നയിക്കുന്ന പാനലിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ കക്ഷികളുടെ എതിര്‍സ്ഥാനത്തുള്ളവരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം കെ.ജനാര്‍ദ്ദനന്‍െറ പാനലും തുടങ്ങി. ഇതിനിടയില്‍, യുനൈറ്റഡ് പാനലിനകത്തുതന്നെയുണ്ടായ പിളര്‍പ്പിന്‍െറ ആന്തരാര്‍ഥങ്ങള്‍ പിടികിട്ടാതെ നില്‍ക്കുകയാണ് സാധാരണ അംഗങ്ങള്‍. സമാജത്തിലെ പരിപാടികളില്‍ പങ്കെടുക്കുക എന്നതിലപ്പുറമുള്ള ഇടപെടലുകളില്‍ താല്‍പര്യമില്ലാത്ത ഇവര്‍, മത്സരം ഒഴിവാക്കണം എന്ന അഭിപ്രായമുള്ളവരായിരുന്നു.
കേരളീയ സമാജം പതിറ്റാണ്ടുകളായി നിലനിര്‍ത്തി വരുന്ന ഐക്യവും ഒത്തൊരുമയും കാത്തുസൂക്ഷിക്കാന്‍ പി.വി.രാധാകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന പാനലിനെ വിജയിപ്പിക്കണമെന്ന് പാനല്‍ ചെയര്‍മാന്‍ എം.പി രഘു അഭ്യര്‍ഥിച്ചു. ഒന്നര പതിറ്റാണ്ടായി സമാജത്തിന്‍െറ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് യുനൈറ്റെഡ് പാനലെന്നും രാധാകൃഷ്ണപിള്ള യുടെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ സീനിയര്‍ അംഗങ്ങളും പുതുതലമുറയും ഒത്തുചേര്‍ന്നാണ് സമാജം ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൈവരിച്ചതെന്നും രഘു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനു പുറമെ, ഓഫീസ് സമുച്ചയം, സമാജം സാഹിത്യ അവാര്‍ഡ്, മലയാളം പഠശാലയുടെ വിപുലീകരണം, സാഹിത്യ ക്യാമ്പുകള്‍ , ലൈബ്രറി വിപുലീകരണം, ഓണം-ക്രിസ്മസ്-പെരുന്നാള്‍ ആഘോഷങ്ങള്‍,അംഗങ്ങള്‍ക്കുള്ള വെല്‍ഫെയര്‍ഫണ്ട്, നോര്‍ക കേന്ദ്രം,സംഗീത നാടക അക്കാദമി നാടക മത്സരം, റേഡിയോ നാടക മത്സരം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാധാകൃഷ്ണപിള്ള നേതൃത്വം നല്‍കിയ യുനൈറ്റെഡ് പാനല്‍ സാരഥികള്‍ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഐക്യത്തിന് ഊന്നല്‍ നല്‍കിയ നേതൃത്വം ആണ് വര്‍ഷങ്ങളായി തുടരുന്നത്. എന്നാല്‍ ഈയടുത്തായി ചിലര്‍ തുടരുന്ന ഉപജാപങ്ങള്‍ സമാജത്തിന്‍െറ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണ്. ഭൂരിപക്ഷം കൈകൊള്ളുന്ന തീരുമാനം ഉപജാപങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് വിമത പാനലുമായി വന്നത്. 28 പേരോളം വരുന്ന യുണൈറ്റെഡ് പാനല്‍ കോര്‍ കമ്മിറ്റിയില്‍ ആറുപേര്‍ പറഞ്ഞതനുസരിച്ച് തീരുമാനം എടുത്തില്ല എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ച്ചയായി അധികാരത്തില്‍ തുടരുക, തങ്ങള്‍ ലക്ഷ്യം വെച്ച ചില സീനിയര്‍ അംഗങ്ങളെ പൊതുധാരയില്‍ നിന്നും അകറ്റുക തുടങ്ങിയ നിഗൂഢ അജണ്ടയാണ് ഇവര്‍ക്കുള്ളതെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
എന്നാല്‍, തങ്ങളുടെ പോരാട്ടം ഏതെങ്കിലും വ്യക്തിക്കെതിരല്ളെന്നും ആദര്‍ശങ്ങള്‍ക്കുവേണ്ടിയാണെന്നും കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു. അധികാരം വ്യക്തികേന്ദ്രീകൃതമാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നത്. സമാജം പോലുള്ള മലയാളികളുടെ പൊതുവേദിയിലേക്ക് മറ്റു താല്‍പര്യങ്ങള്‍ കൊണ്ടുവരാനും ശ്രമം നടന്നു. ഇതിനെതിരായാണ് തങ്ങള്‍ മത്സരിക്കുന്നത്-ജനാര്‍ദ്ദനനന്‍ വ്യക്തമാക്കി. സമാജം അംഗങ്ങളുടെ വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.