You are here

വീട്ടിലൊരു ശലഭോദ്യാനം 

  • മുറ്റത്ത് പൂന്തോട്ടമൊരുക്കുമ്പോൾ പുതിയ ട്രെൻഡായ ബട്ടർഫ്ലൈ ഗാർഡൻ പരീക്ഷിക്കാം 

17:02 PM
20/09/2017
garden

ചിത്രശലഭങ്ങളെ നമ്മുടെ ഉദ്യാനത്തിലെ സ്ഥിരം അന്തേവാസികളാക്കി മാറ്റുന്ന പുതിയ ലാന്‍ഡ്സ്കേപ്പിങ്​ ട്രെന്‍ഡാണ് ബട്ടർ​ൈഫ്ല ഗാര്‍ഡനിങ്​. അല്‍പം ക്ഷമയും സമയവും കലാബോധവും പ്രകൃതിസ്നേഹവും ഉണ്ടെങ്കില്‍ മികച്ച ബട്ടർ​ൈഫ്ല ഗാര്‍ഡന്‍ വീട്ടുമുറ്റത്ത് തീര്‍ക്കാം. 
ഗാര്‍ഡന്‍ ഒരുക്കുന്നതിന് മുമ്പായി ആ പ്രദേശത്തെയും അവിടെയുള്ള ശലഭങ്ങളെയും പറ്റി ധാരണ വേണം. മുട്ട, ലാര്‍വ, പ്യൂപ്പ, അഡള്‍ട്ട് എന്നീ ഘട്ടങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച് എത്തുന്ന ശലഭങ്ങള്‍ക്ക് ഒരാഴ്ച മുതല്‍ ഒരു മാസംവരെയേ ആയുസ്സ് കാണൂ.

കാഴ്ചശക്തി കുറഞ്ഞ ഇവ കൂട്ടമായി നില്‍ക്കുന്ന, ബ്രൈറ്റായ പൂക്കളില്‍ വന്നിരിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട
ചെടികള്‍ നടണം. നുകരാന്‍ ധാരാളം തേനുള്ള തെച്ചി, പെന്‍റസ്, ലെന്‍റന, ചെമ്പരത്തി, ലില്ലി, സിന്യാ, കോസ്മസ്, ജമന്തി മുതലായവ ഉള്‍പ്പെടുത്താം. വിശ്രമത്തിനും മറ്റു ജീവികളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാനുമായി വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്ന് വളരുന്ന ചെടികളും പരിസരത്ത് നടാവുന്നതാണ്. വള്ളി മുല്ല, കിളിമരം, ഫൈക്കസ്, ചെമ്പരത്തി എന്നിവ ഇതിന് ഉത്തമമാണ്.

ജലം കണികരൂപത്തില്‍ പാനംചെയ്യുന്ന ഇവക്ക് അവിടവിടെ വെള്ളത്തില്‍ മണ്ണ് കുഴച്ചുവെക്കാവുന്നതാണ്. ഏറ്റവും പ്രധാനം ഇവക്ക് മുട്ടയിട്ട് വംശവര്‍ധന ചെയ്യാനുള്ള ഇടം സജ്ജമാക്കുകയാണ്. കറകുറഞ്ഞതും ഇളം തളിരുള്ളതുമായ സസ്യങ്ങളാണ് മുട്ടവിരിഞ്ഞ് വരുന്ന പുഴുക്കള്‍ക്ക് ഏറെ ഇഷ്ടം. ഇതിനായി ഹോസ്റ്റ, ചാമ്പ, പേരക്ക, നാരകം, മള്‍ബറി എന്നിവയും വേണം. പ്യൂപ്പ ആകുന്നതുവരെ തീറ്റഭ്രാന്തന്മാരായ പുഴുക്കള്‍ ഈ കാലയളവില്‍ ഇലകളും തണ്ടുകളും തിന്ന് നശിപ്പിക്കും. അതിനാല്‍, ഇത്തരം ചെടികള്‍ ഗാര്‍ഡനില്‍ പൂച്ചെടികള്‍ക്ക് പിന്നിലായി ദൃഷ്ടി അധികം പതിക്കാത്ത സ്ഥലങ്ങളില്‍
ക്രമീകരിക്കാം.

butterfly in flower

പ്രത്യേകം ശ്രദ്ധിക്കാൻ 

ദിവസവും 5-6 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന ഇളംചൂടുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ശീതരക്തമുള്ള ശലഭങ്ങള്‍ക്ക് തണുത്ത അന്തരീക്ഷത്തില്‍ പറക്കാന്‍ കഴിയില്ല. 

അധികം കാറ്റുള്ള ഇടങ്ങളും വേണ്ട.കാറ്റിനെ തടുക്കുന്ന ചെടികളും നടാം (ഉദാ: മുള, പന).

കീടനാശിനികള്‍ പാടില്ല. അത് ശലഭങ്ങളെ അകറ്റും. കൂടാതെ പുഴുക്കള്‍ നശിക്കുകയും ചെയ്യും. അനിവാര്യമാണെങ്കില്‍ നാടന്‍രീതിയില്‍ ശര്‍ക്കര കെണിപോലുള്ളവ പരീക്ഷിക്കാം.

വര്‍ഷത്തിലുടനീളം തോട്ടത്തില്‍ പൂക്കളുണ്ടെങ്കിലേ ശലഭങ്ങള്‍ വരൂ. നല്ല പൂക്കള്‍ ഉണ്ടാകാന്‍ ഇടക്കിടക്ക് സസ്യങ്ങള്‍ക്ക് വളപ്രയോഗം ചെയ്യാം. ജൈവവളമാണ് ഉത്തമം.
പുഴുക്കള്‍ ആഹാരമാക്കിയ ഇലകളും തണ്ടുകളും അപ്പപ്പോള്‍ മുറിച്ചുമാറ്റിയാലേ കൂടുതല്‍ തളിരിലകള്‍ വരൂ. ചുരുക്കത്തില്‍, ചിത്രശലഭത്തിന്‍െറ ജീവിതചക്രം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ ശലഭങ്ങള്‍ പാറിനടക്കുന്ന ഒരു സ്വര്‍ഗീയാരാമം വീട്ടുമുറ്റത്ത് ഒരുക്കാം.


 

Loading...
COMMENTS