രജിനികാന്തിന്റെ 'ജയിലർ 2' ഹിന്ദിയിൽ റിലീസ് ചെയ്യില്ല; ഒ.ടി.ടി നയം തിരിച്ചടിയാകുന്നു
text_fieldsനെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജിനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജയിലർ 2' ഹിന്ദി പതിപ്പ് തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട പുതിയ തീരുമാനമാണ് ചിത്രത്തിന് ഹിന്ദിയിൽ ഈ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ എത്തി വെറും നാല് ആഴ്ചകൾക്കുള്ളിൽ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതോടെയാണ് നാഷണൽ മൾട്ടിപ്ലക്സ് ശൃംഖലകൾ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പ് പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ദസറ അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പ് ഒക്ടോബർ 15-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്. വൻ ഹൈപ്പിൽ എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നെങ്കിലും ഹിന്ദി പതിപ്പിനായി കാത്തിരുന്ന ആരാധകർക്ക് ഈ തീരുമാനം വലിയൊരു നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. പി.വി.ആർ ഐനോക്സ്, സിനെപോളിസ് തുടങ്ങിയ മുൻനിര മൾട്ടിപ്ലേക്സുകളിലൊന്നും ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പ് തിയറ്ററുകളിൽ കാണാൻ സാധിക്കില്ല.
ഒരു പാൻ-ഇന്ത്യൻ ചിത്രമായി ഒരുങ്ങേണ്ടിയിരുന്ന 'ജയിലർ 2'-ൽ രജിനികാന്തിനൊപ്പം പ്രമുഖരായ നിരവധി ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന പ്രശസ്ത നടി വിദ്യാ ബാലൻ, ആദ്യ ഭാഗത്തിൽ അഭിനയിച്ച മിഥുൻ ചക്രവർത്തി എന്നിവരുടെ സാന്നിധ്യം ഹിന്ദി പ്രേക്ഷകർക്കിടയിലും ചിത്രത്തിന് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ തിയറ്റർ റിലീസിനും ഒ.ടി.ടി റിലീസിനുമിടയിലെ നാല് ആഴ്ചത്തെ ഇടവേള കർശനമാക്കിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്.
തിയറ്റർ ഉടമകളുടെയും മൾട്ടിപ്ലേക്സുകളുടെയും ബിസിനസ്സ് താൽപ്പര്യങ്ങളെ ഇത് ബാധിക്കുമെന്നതിനാലാണ് പി.വി.ആർ ഐനോക്സ് ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ തയാറാകാത്തത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം വലിയ രീതിയിൽ തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും ബോളിവുഡ് ബോക്സ് ഓഫീസിൽ ചിത്രം റിലീസ് ചെയ്യാത്തത് കലക്ഷനെ എത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

