You are here

സച്ചി... നീ എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗമാണ് -fb post

02:26 AM
20/06/2020
0 Comments
Lijeesh Kumar ''ഞാനൊരുപാട് ശ്രമിച്ചെങ്കിലും, നീയെനിക്ക് ആരായിരുന്നുവെന്ന് നിന്നോട് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗമാണ്. നീ മറ്റൊരാളല്ലാത്തതുകൊണ്ടാവും നിന്നെയൊന്നു തൊടാൻ പോലുമാകാതെ ഞാൻ വിങ്ങുന്നത്. വേദനിച്ച് വേദനിച്ച് ഒരായിരം തവണ ഞാൻ മരിച്ചിരിക്കുന്നു. പക്ഷേ എനിക്കറിയാം, എനിക്ക് നീ ഉണ്ട്. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീയെനിക്ക് ചുറ്റുമുണ്ട്. നിന്നെ എനിക്ക് ഫീൽ ചെയ്യുന്നുണ്ട് !!'' ഇത് സേതു സച്ചിക്കെഴുതിയതല്ല, ചീരുവിന് മേഘ്നയെഴുതിയ കത്താണ്. ചിരഞ്ജീവി സർജയുടെ ജീവനില്ലാത്ത ഉടലിനോടൊട്ടി മേഘ്ന രാജ് കരഞ്ഞ കാഴ്ചയാണ്, ഇന്ന് സച്ചിയെക്കാണാൻ വന്ന സേതുവിനെ കണ്ടപ്പോൾ ഞാനോർത്തത്. ഒരാളായി ജീവിച്ച മനുഷ്യർക്ക്, അതിലൊരാളുടെ മരണത്തെ എങ്ങനെയാവും നോക്കിക്കാണാനാവുക ? ഒരവയവം മരിച്ചു പോയതു പോലെയാവുമോ !! സച്ചിയുടെ സർനെയിമായിരുന്നു എനിക്ക് സേതു. ഒരിക്കലതു വേർപ്പെട്ടപ്പോൾ സത്യത്തിൽ സന്തോഷമായിരുന്നു തോന്നിയത്. സച്ചിയിൽ നിന്ന് റൺ ബേബി റണ്ണും സേതുവിൽ നിന്ന് മല്ലൂസിംഗും വന്നതു കൊണ്ടായിരുന്നു അത്. പക്ഷേ, ഇന്നലെ മുതൽ വീണ്ടും സേതുവിൻ്റെ ഒരു കഷ്ണമായി തോന്നി സച്ചി. പഴയ പോലെയല്ല, ഇന്നവർ പിരിയുമ്പോൾ സങ്കടം കൊണ്ട് പൊള്ളിപ്പോകുന്നു. ചീരു മരിച്ച ശേഷം ഞാനോർത്ത് മുഴുവൻ മേഘ്നയെയായിരുന്നു, സച്ചി മരിച്ച ശേഷം സേതുവിനെയും. സേതുവേട്ടാ, സച്ചിയുടെ സിനിമ കൂടെ ചെയ്യാൻ ഇനി നിങ്ങളേയുള്ളൂ. വേഗം മടങ്ങി വരൂ. അവസാനത്തെ പടത്തിൽ സച്ചിയുടെ അയ്യപ്പൻ നായർ കോശിയോട് പറയുന്നുണ്ട്, ''നീയല്ലേ നിർത്തിയത് - ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ'' എന്ന്. പഴയ സച്ചിസേതുവായി നിന്ന് അതിൻ്റെ കൗണ്ടർ ഡയലോഗ് നിങ്ങൾക്കെഴുതാൻ വിട്ടാണ് സച്ചി മടങ്ങുന്നത്. ''ഞാനേ നിർത്തിയുള്ളൂ - നീ തുടരൂ'' എന്നാണ് അതിൻ്റെ കൗണ്ടർ ഡയലോഗ്
COMMENTS