You are here

യു.എ.പി.എ ഒരു കരിനിയമമല്ല. മനോഭാവം കൂടിയാണ്

11:18 AM
05/11/2019
0 Comments

Shareef Sagar 2014 മെയ് 20ന് വൈകുന്നേരം നാലരയ്ക്ക് കടയിലേക്ക് പോകുമ്പോഴാണ് ശ്യാം ബാലകൃഷ്ണനെ മഫ്തിയിലെത്തിയ പൊലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത്. പിന്നീട് സായുധരായ തണ്ടർ ബോൾട്ടിന് കൈമാറി. അവർ തീവ്രവാദിയെ പെരുമാറുന്ന പോലെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു. ലാപ്‌ടോപ്പിലെ അരുന്ധതി റോയിയുടെ ലേഖനവും രാജ്യത്തെ കർഷക ആത്മഹത്യകൾ സംബന്ധിച്ച ഫയലുകളും കണ്ടതോടെ മാവോയിസ്റ്റാണെന്ന് ഉറപ്പിച്ചു. കർഷക ആത്മഹത്യകളിൽ നിനക്കെന്താണ് ഇത്ര താത്പര്യം എന്നു ചോദിച്ചു. സംശയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നീട്ടി വളർത്തിയ മുടിയും താടിയുമായിരുന്നു.

ആരാണ് ശ്യാം ബാലകൃഷ്ണൻ? ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ബാലകൃഷ്ണന്റെ മകൻ. കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ 2015ൽ ശ്യാമിന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി. വാദവും പ്രതിവാദവും തുടർന്നു. മാവോവാദിയെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാമെന്നും നിരപരാധിയാണെങ്കിലും നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസവും സുപ്രിംകോടതിയിൽ വാദിച്ചു. പാർട്ടി ഒന്നു തീരുമാനിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ യന്ത്രങ്ങൾ മറ്റൊന്ന് പറയുന്നത് എന്ന പോയിന്റ് പ്രത്യേകം ശ്രദ്ധിക്കുക.

ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം ശ്യാം ബാലകൃഷ്ണനെ കാണാനായി വയനാട്ടിലേക്ക് പോയി. ഒരു ഇന്റർവ്യൂ എടുക്കലായിരുന്നു ലക്ഷ്യം. നല്ല മഴയുള്ള ദിവസമായിരുന്നു. വണ്ടി റോഡിൽ ഒതുക്കി നിരവിൽപുഴയിലെ മുളകൊണ്ടുള്ള തൂക്കുപാലം കയറിയാണ് ശ്യാം പാർക്കുന്ന വീട്ടിലേക്ക് നടന്നത്. കാടും പടലും ചെളിയും ചവിട്ടി അവിടെയെത്തിയപ്പോൾ അഭിമുഖത്തിനോ ഫോട്ടോയെടുക്കാനോ താത്പര്യമില്ലെന്നു പറഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. ഒരു ഫോട്ടോ പോലും എടുത്തില്ല. എന്നാൽ പാടത്ത് നടന്നും മഴയത്തിരുന്നും ജീവിത ദർശനങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. നല്ല കപ്പ പുഴുങ്ങിയതും ചമ്മന്തിയും കട്ടൻ കാപ്പിയും തന്നു. മാവോ പ്രത്യയശാസ്ത്രത്തിന്റെ അപ്രായോഗികതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. രാവിലെ പത്തു മണിവരെ പുസ്തക വായനയും അതിനുശേഷം പാടത്തിറങ്ങിയുള്ള പണിയും പുസ്തകമെഴുത്തുമെല്ലാമായി അടിപൊളി ബദൽ ജീവിതം.

ഭരണകൂടം വിചാരിച്ചാൽ ആരെയും തീവ്രവാദിയാക്കാവുന്ന പരിസരം രാഷ്ട്രം എന്ന സങ്കൽപത്തിന്റെ തന്നെ ഭാഗമാണ്. ഇന്ത്യ ഒരു ഭൂരിപക്ഷ ആധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. എത്രയൊക്കെ മതേതരത്വത്തിന്റെ തൈലം പുരട്ടിയാലും ഹിന്ദുത്വ ദേശീയതയാണ് അതിന്റെ ആധാരം. ആരു ഭരിച്ചാലും അതിന്റെ യന്ത്രങ്ങൾ ഭൂരിപക്ഷ മനോഭാവത്തിന്റെ താത്പര്യ പ്രകാരമാണ് ചലിക്കുക. മുസ്‌ലിംകളും കമ്യൂണിസ്റ്റുകളും നേരത്തെ തന്നെ അതിന്റെ ശത്രുതാ ലിസ്റ്റിലാണ്. മുസ്‌ലിംകൾ കൂടുതൽ ശത്രുക്കളാണ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അതാണ് സ്ഥിതി. ശ്യാമിനും അലനും ലഭിച്ച പ്രിവിലേജുകൾ പോലും താഹക്കോ സക്കരിയക്കോ ലഭിക്കാതെ പോകുന്നത് അതുകൊണ്ടാണ്. ബ്രിട്ടീഷുകാർ ഭരിക്കുമ്പോഴും അവർ പോയപ്പോഴും ഈ അപരവൽകൃതരെ തേടി കരിനിയമങ്ങൾ വന്നുകൊണ്ടിരുന്നു. കരിനിയമങ്ങളാൽ വേട്ടയാടപ്പെട്ടവരിലെ നൂറിൽ 97 പേരും നിരപരാധികളായിരുന്നു. റൗലറ്റ് ആക്ടും മാപ്പിള ഔട്ട്‌റേജസ് ആക്ടും അതിന്റെ ഭാഗമായിരുന്നു. ആരെയും അറസ്റ്റ് ചെയ്യാം. ആരെയും വെടിവെച്ചിടാം.
അതുകൊണ്ട് യു.എ.പി.എ ഒരു കരിനിയമമല്ല. മനോഭാവം കൂടിയാണ്. ആ യാഥാർത്ഥ്യം തിരിച്ചറിയുക എന്നതും ഈ വിവാദങ്ങളുടെ രാഷ്ട്രീയമാണ്.

COMMENTS