You are here

അത്തിമുത്തുവിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി

17:22 PM
23/01/2019
0 Comments
MunavvarAli-Thangal

Sayyid Munavvar Ali Shihab Thangal കുവൈത്ത് ഗവൺമെന്റ് വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ് നാട് സ്വദേശി അർജ്ജുൻ അത്തിമുത്തുവിന്റെ ശിക്ഷ നാം നടത്തിയ ശ്രമങ്ങളുടെ ഫലമായി ജീവപര്യന്തമായി ഇളവ് ചെയ്തിരിക്കുന്നുവെന്ന കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ നിന്നുള്ള സന്തോഷ വാർത്തയാണ് ഇന്നത്തെ പുലരിയെ ധന്യമാക്കിയത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കുന്ന ഘട്ടത്തിലാണ് അർജ്ജുൻ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്.മണ്ണ് കുഴിച്ച് ജലം കണ്ടെത്തുന്നത് പോലെ കാരുണ്യത്തിന്റെ ഉറവ കണ്ടെത്തേണ്ട ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്.

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നൽകാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളാണ് മുമ്പിൽ..
എല്ലാം സർവ്വ ശക്തനിൽ ഭരമേല്പിച്ച് ഇറങ്ങി തിരിച്ചു. സങ്കീർണ്ണമെന്ന് തോന്നിയ കാര്യങ്ങളെല്ലാം അതിരുകളില്ലാത്ത മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ പ്രവാഹത്തിൽ നിന്നും അത്ഭുതകരമാം വിധം സാധ്യമായി.

ബ്ലഡ് മണി സ്വീകരിച്ചു മലയാളി കുടുംബവും അർജ്ജുന്റെ ഭാര്യയും പാണക്കാട് വെച്ച് പരസ്പരം കണ്ട, അത്യന്തം വൈകാരിക സാഹചര്യം ഉറവ പൊട്ടിയൊഴുകുന്ന മനസ്സുകളുടെ വിങ്ങലുകൾക്ക് വഴിമാറി. ദേശ, ഭാഷ, മത, ജാതി, വർഗ്ഗ വർണ്ണങ്ങൾക്കപ്പുറത്ത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ തുല്യതയില്ലാത്ത സന്ദർഭമായിരുന്നു അത്.

ഓർഹാൻ പാമുകിന്റെ നിരീക്ഷണം പോലെ കണ്ട നല്ല സ്വപ്നങ്ങളിലൊന്നെങ്കിലും സത്യമാകണമെന്ന നാം കാത്ത് സൂക്ഷിക്കുന്ന ആഗ്രഹം യാഥാർത്ഥ്യമാകുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഇപ്പോഴെനിക്ക്.. ഈ ദൗത്യം പൂർത്തിയാക്കാൻ എന്നോടൊപ്പം നിന്നവരേറെയുണ്ട്. നന്മയിൽ ചാലിച്ച ഹൃദയത്തിനുടമകൾ. പണം കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച പ്രിയ സുഹൃത്തുക്കൾ, സഹപ്രവർത്തകർ.ഒപ്പം നിന്ന മലപ്പുറത്തെ മാധ്യമ പ്രവർത്തകർ. ഈ വിഷയത്തെ ഫോളോ അപ് ചെയ്ത കുവൈത്ത് കെ എം സി സി ഭാരവാഹികൾ, മറ്റ് സംഘടനകൾ,വ്യക്തികൾ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
സ്തുതികളത്രയും സർവ്വശക്തന്!

COMMENTS