You are here

രാഹുൽ ഗാന്ധി ഇന്ന്​ ഇന്ത്യ നയിക്കാൻ പ്രാപ്​തനാണ്​

18:19 PM
12/01/2019
0 Comments
ashraf-23

Ashraf Ambalath: മോഡി സർക്കാരി​െൻറ പൊള്ളത്തരങ്ങളും, കൊള്ളത്തരങ്ങളും തുറന്ന് കാണിക്കുമ്പോൾ, തിരിച്ചു പറയാൻ വാക്കുകളില്ലാതാവുമ്പോൾ അവർ പപ്പു മോനെന്നും, അമുൽ ബേബിയെന്നും വിളിച്ചു പരിഹസിച്ചേക്കാം. ഇന്നും രാഹുൽ ഗാന്ധിയെന്ന നേതാവിനെയും അദ്ദേഹത്തിന്റെ വളർച്ചയെയും ഉൾകൊള്ളാൻ കഴിയാത്തവർ ആ വിളി ഏറ്റു വിളിക്കുകയും ചെയ്തേക്കാം. എന്നാൽ നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ഇന്ത്യയെ നയിക്കാൻ മാത്രം പ്രാപ്തനാണ്.

ആത്മ പ്രശംസയോ, ഞാനെന്ന ഭാവമോ, കുട്ടിക്കാലത്തെ ആരും കാണാത്ത ധീരതയുടെ കഥകളോ, കരളലിയിക്കുന്ന ത്യാഗങ്ങളുടെ വൈകാരികത നിറഞ്ഞ ഓർമ്മകൾ പുതുക്കലോ ആയിരുന്നില്ല ഇന്ന് ദുബായിൽ കേട്ടത്. മറിച്ച് മഹാ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ മനസ്സ് വായിക്കുകയായിരുന്നു.

'നിങ്ങൾക്ക് എന്ത് സഹായം എപ്പോൾ വേണമെങ്കിലും മരണം വരെ അത് ചെയ്ത് തരാൻ ഞാൻ തയ്യാറാണ്. നിങ്ങൾ സ്ത്രീയാണോ പുരുഷനാണോ ചെറിയവനാണോ വലിയവനാണോ എന്നതൊന്നും എനിക്ക് പ്രശ്നമേ അല്ല. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ സമീപിക്കാം.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ്‌ ഈ എമിറേറ്റിൽ ജോലി ചെയ്യുന്നത്. അതുപോലെ മറ്റു പല രാജ്യങ്ങളിൽ നിന്നുമുള്ള ലക്ഷ കണക്കിന് ആളുകൾ വേറെയും ഈ നാട്ടിൽ താമസിച്ചു ജോലി ചെയ്യുന്നുണ്ട്. എത്രയോ മനോഹരമാണ് ഈ നാട്. ഇന്ന് ഞാൻ ഈ നാട്ടിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാലമായിട്ടുള്ള കാഴ്ചപ്പാട് ഉള്ളവരും സഹിഷ്ണുതക്ക് പ്രാധാന്യം നൽകുന്നവരുമാണ് അവർ. സഹിഷ്ണുതാ വർഷമായി ആചരിക്കുകയാണ് അവർ ഇവിടെ. എന്നാൽ കഴിഞ്ഞ നാലര വർഷമായി ഇന്ത്യക്കാർ അസഹിഷ്ണുത അനുഭവിച്ച് കഴിയുകയാണ്. നമുക്ക് നമ്മുടെ ഗാന്ധിജിയുടെ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടതുണ്ട്. അത് കോൺഗ്രസ്സിന്റെ മാത്രം ബാധ്യതയല്ല, നിങ്ങൾ ഓരോരുത്തരുടേതുമാണ്'.

ആ വാക്കുകൾ നൽകുന്ന പ്രതീക്ഷ ചെറുതല്ല. എന്തൊരു തീക്ഷണതയാണ് ആ കണ്ണുകളിൽ കാണുന്നത്. എന്തൊരു വ്യക്തതയാണ് ആ വാക്കുകൾക്കും, കാഴ്ചപ്പാടുകൾക്കും. എന്തൊരു ആവേശമാണ് ആ ശബ്ദത്തിന്. നഷ്ടപ്പെടുമെന്ന് ഭയന്നിരുന്ന ഇന്ത്യയുടെ ആ മഹത്തായ ജനാധിപത്യം തീർച്ചയായും നമുക്ക് തിരിച്ചു പിടിക്കാൻ കഴിയും.

പ്രിയ രാഹുൽജി, അങ്ങ് ഇന്ന് പകർന്നു നൽകിയ ആ ഊർജ്ജവും വിളക്കുമുണ്ടല്ലോ, കെടാതെ തന്നെ സൂക്ഷിക്കും. തിരി നീട്ടി കത്തിച്ച് കഴിയുന്നവരിലേക്കെല്ലാം അത് പകർന്നു കൊണ്ടേ ഇരിക്കും, താങ്കൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തും വരെ. താങ്കൾ പറഞ്ഞത് പോലെ താങ്കളുടേയോ താങ്കളുടെ പ്രസ്ഥാനത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ല അത്, എന്റേതും കൂടിയാണ്‌.

COMMENTS