You are here

ഇത്തരം ഒരു സാഹചര്യത്തില്‍ നമ്മുടെ കുട്ടികളായിരുന്നെങ്കില്‍

12:09 PM
12/07/2018
0 Comments

Raheem Ponnad തായ്ലാന്‍ഡ്‌ സംഭവത്തില്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് ആ കുട്ടികളുടെയും കോച്ചിന്റെയും മനോബലമാണ്. ഗുഹയ്ക്കുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പിന്‍വലിയുന്നതിനു പകരം രക്ഷപ്പെടാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അവരിന്ന് ബാക്കിയുണ്ടാകുമായിരുന്നില്ല. ഫുട്ബോള്‍ കളി നല്‍കിയ ശാരീരിക/മാനസിക ക്ഷമത തന്നെയായിരിക്കണം കുട്ടികളെ പിടിച്ചു നില്ക്കാന്‍ സഹായിച്ചത്. ഒപ്പം കോച്ചിന്റെ നേതൃപാടവവും. 

അതിരിക്കട്ടെ, ഇത്തരം ഒരു സാഹചര്യത്തില്‍ നമ്മുടെ കുട്ടികളായിരുന്നെങ്കില്‍ അവര്‍ എന്തു ചെയ്യുമായിരുന്നു എന്നതാണ് നാം ചിന്തിക്കേണ്ടത്. ഒരഞ്ചു മിനിറ്റ് വാതില്‍ ലോക്കായി റൂമിനുള്ളിലകപ്പെട്ടാല്‍ത്തന്നെ അവര്‍ പേടിച്ച് പരാക്രമങ്ങള്‍ കാണിക്കും. അപകടങ്ങളെയും ദുരന്തങ്ങളെയും പറ്റി കുട്ടികളെ നാം നിരന്തരം ബോധവാന്മാരാക്കണം. അപകട സാഹചര്യങ്ങളില്‍ പതറാതിരിക്കാനും, അനാവശ്യ പരാക്രമങ്ങള്‍ കാണിച്ച് ഉള്ള ഊര്‍ജം കളയാതിരിക്കാനും അവരെ പരിശീലിപ്പിക്കണം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഭക്ഷണവും വെള്ളവുമൊക്കെ കരുതലോടെ ഉപയോഗിക്കെണ്ടതിനെപ്പറ്റി അവരെ പറഞ്ഞു മനസിലാക്കണം. 

ആത്മവിശ്വാസവും മനോബലവും വളര്‍ത്താനുതകുന്ന കഥകളും അനുഭവങ്ങളും അവര്‍ക്ക് പകര്‍ന്നു കൊടുക്കണം. കഴിയുന്നത്ര കായിക വിനോദങ്ങള്‍ അവരെ പരിശീലിപ്പിക്കണം. എല്ലാത്തിലുമുപരി, ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം എത്രയും പെട്ടെന്ന് നമ്മുടെ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി മാറേണ്ടിയിരിക്കുന്നു.
 

COMMENTS