You are here

നീതി കാട്ടേണ്ടത് ജവാഹർലാൽ നെഹ്രുവിനോട്

11:56 AM
16/04/2018
0 Comments

VT Balram ദീപക് ശങ്കരനാരായണന്റെ ഒരഭിപ്രായത്തെച്ചൊല്ലി അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്ത 31% ആളുകളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തു എന്ന മട്ടിൽ കുപ്രചരണവുമായി അദ്ദേഹത്തിന്റെ ജോലി കളയിക്കാൻ നോക്കുന്ന സംഘ് പരിവാർ ഹേറ്റ് ക്യാമ്പയിൻ അങ്ങേയറ്റം ഹീനവും അപകടകരവും അതുകൊണ്ടുതന്നെ ശക്തമായി ചെറുക്കപ്പെടേണ്ടതുമാണ്. അപ്പുറത്തുള്ള ആൾക്കൂട്ടം എത്ര വലുതായാലും നീതിയാണ് പുലരേണ്ടതെന്നും അതിനായി ആക്രമണോത്സുക ആൾക്കൂട്ടത്തെ തുടച്ചുനീക്കിയിട്ടാണെങ്കിലും നീതി അർഹിക്കുന്ന ആ ഒറ്റ മനുഷ്യന്റെ ഒപ്പം നിൽക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം എന്നുമാണ് ദീപക് പറയാനാഗ്രഹിക്കുന്നതെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാകേണ്ടതുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ ദീപക് ശങ്കരനാരായണനൊപ്പം ശക്തമായിത്തന്നെ നിലയുറപ്പിക്കുന്നു. മാപ്പ് പറഞ്ഞ് ആ പോസ്റ്റ് പിൻവലിക്കേണ്ടതുണ്ടായിരുന്നോ എന്ന് ദീപക് തന്നെയാണ് ചിന്തിക്കേണ്ടത്. തൊഴിൽപരവും വ്യക്തിപരവുമായ സമ്മർദ്ദങ്ങളാൽ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നുവെന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് ഒരു തിരിച്ചടി തന്നെയാണ്.

സാന്ദർഭികമായി പറയട്ടെ, അങ്ങേയറ്റം ഏകപക്ഷീയവും യുക്തിരഹിതവുമാണ് ദീപക് ശങ്കരനാരായണന്റെ പല പോസ്റ്റുകളും. അന്ധമായ കോൺഗ്രസ് വിരോധം ഓരോ വാക്കിലും മുഴച്ചു നിൽക്കുന്നതാണ് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകൾ. കോൺഗ്രസുകാർ മുഴുവൻ ഒറ്റുകാരും കമ്മീഷൻ ഏജന്റുമാരും അക്രമരാഷ്ട്രീയക്കാരുമൊക്കെയാണെന്ന അദ്ദേഹത്തിന്റെ പതിവു വാദങ്ങൾ അതിന്റെ പ്രഥമദൃഷ്ട്യാ ഉള്ള പരിഹാസ്യത കൊണ്ടുതന്നെ മറുപടി അർഹിക്കാത്തതാണ്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ജാതിശ്രേണീ വ്യവസ്ഥയുടേയും അതിൽ ഇൻബിൽറ്റായിരിക്കുന്ന വയലൻസിന്റേയും കാരണത്താൽ ഫാഷിസ്റ്റുവൽക്കരിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും തുടക്കം മുതലേ നിലനിന്നിരുന്ന ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിനെ എല്ലാ പരിമിതികൾക്കകത്തും ഒരു ലിബറൽ ജനാധിപത്യ രാഷ്ട്രമായി ഇക്കാലമത്രയും നിലനിർത്തിപ്പോന്നതിൽ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ നേതൃത്ത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര മൂല്യങ്ങളുടേയും പങ്ക് തീർത്തും എഴുതിത്തള്ളാൻ അദ്ദേഹമടക്കമുള്ള എല്ലാ അഭിനവ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം കൂടി ഉൾക്കൊള്ളുന്നതാണ് കോൺഗ്രസിന്റെ നിർണ്ണായക പങ്കിൽ ഇവിടെ വളർന്നുവന്ന ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്നും അദ്ദേഹത്തേപ്പോലുള്ളവർക്ക് വൈകിയെങ്കിലും തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തനിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജോലി തെറിപ്പിക്കുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം കേരളത്തിലെ മുഖ്യ ഭരണാധികാരിക്കുമുണ്ട് എന്ന് മനസ്സിലാക്കി ഇവിടത്തെ ഇരകൾക്കൊപ്പവും നിൽക്കാൻ ഭാവിയിലെങ്കിലും അദ്ദേഹത്തേപ്പോലുള്ളവർക്ക് കഴിയുമായിരിക്കും. മുൻപൊരിക്കൽ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ ഒരു മുസ്ലിം ചെറുപ്പക്കാരനെതിരെ യുഎപിഎ ഭീഷണി ഉയർത്തിയ ദീപക് ശങ്കരനാരായണന് സ്വന്തം സങ്കുചിത നിലപാടുകൾ പുനപരിശോധിക്കാനുള്ള ഒരവസരമായിക്കൂടി ഇത് മാറുന്നുണ്ട്.

സമാനമായ ഒരഭിപ്രായം ഷുഹൈബ് വധ വിഷയത്തിൽ ഞാനും പറഞ്ഞിരുന്നു. കേരളം കണ്ട നമ്പർ വൺ ക്രിമിനൽ രാഷ്ട്രീയക്കാരനായിരിക്കും മുഖ്യമന്ത്രിയായി വരാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്ത മുഴുവൻ മലയാളികൾക്കും ഷുഹൈബിന്റെ രക്തക്കറയിൽ നിന്ന് കൈകഴുകാൻ സാധിക്കുകയില്ല എന്ന്. എന്നാൽ അത്തരം ജനങ്ങൾ കാര്യങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തണമെന്നാണ് അതോടൊപ്പം കൂട്ടിച്ചേർത്തത്. ജനാധിപത്യം എന്നത് ചാപ്പയടിച്ച് മാറ്റിനിർത്തലിന്റേതല്ല, തിരിച്ചറിവുകളിലേക്ക് ഒരു സമൂഹത്തെ നയിക്കലിന്റേതാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അബദ്ധം കാണിച്ച ആ 31 ശതമാനത്തേക്കൂടി തിരിച്ചറിവിന്റെ പാതയിലേക്ക് നയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അങ്ങനെയാണ് പലരും കപട സ്വാതന്ത്ര്യം എന്നും ബൂർഷ്വാ ജനാധിപത്യം എന്നുമൊക്കെ എഴുതിത്തള്ളിയിടത്തു നിന്ന് ഇന്നത്തെ ശക്തമായ ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിനോട് നീതി കാട്ടേണ്ടത്.

COMMENTS