പോരിന് മുമ്പെ ചര്‍ച്ചയായത് സ്ഥാനാര്‍ഥി നിര്‍ണയം

07:12 AM
16/04/2016

ഇടത്തോട്ട് ചരിഞ്ഞുനില്‍ക്കുന്ന ഈ പാലത്തില്‍ ഇക്കുറി പോര് കനക്കും മുമ്പെ ചര്‍ച്ചയായത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. വികസന ജൈത്രയാത്രയുമായി ഒരു പതിറ്റാണ്ട് മണ്ഡലത്തില്‍ എം.എല്‍.എയായി നിറഞ്ഞുനിന്ന എം. ഹംസയെ രണ്ട് ടേമെന്ന കണിശ നിബന്ധനയില്‍നിന്ന് ഒഴിവാക്കാന്‍ സി.പി.എം വിസമ്മതിച്ചതും പലരെയും പരിഗണിച്ചതിനൊടുവില്‍ മുതിര്‍ന്ന നേതാവ് പി. ഉണ്ണിയെ കന്നിയങ്ക കച്ചകെട്ടിക്കാനുള്ള തീരുമാനവുമാണ് ആദ്യം തലങ്ങും വിലങ്ങും ചര്‍ച്ചയായത്. ഡി.സി.സി പ്രസിഡന്‍റിനെ പരിഗണിച്ച ശേഷം മഹിളാ കോണ്‍ഗ്രസ് നേതാവ് ശാന്താ ജയറാമിനെ സ്ഥാനാര്‍ഥിയാക്കുകയും ഹൈകമാന്‍ഡിനെ വിശ്വസിച്ച് പ്രചാരണം തുടങ്ങി ആറാം നാളില്‍ അവര്‍ക്ക് പകരം ഷാനിമോള്‍ ഉസ്മാനെ തീര്‍ച്ചപ്പെടുത്തുകയും അതുവഴി സമാന്തരയോഗങ്ങള്‍ നിരവധി നടക്കുകയും ചെയ്തതാണ് പിന്നീട് ചര്‍ച്ചയായത്.

പൊടിപ്പന്‍ ചര്‍ച്ചകളിലെ അപശബ്ദങ്ങള്‍ക്കൊടുവില്‍ അരക്കൊപ്പം കത്തുന്ന വഴിമരുന്നായാണ് പ്രചാരണം ഇരമ്പിത്തുടങ്ങിയത്. ഇടതുമുന്നണിക്ക് വേണ്ടി വി.സി. കബീര്‍ തുടര്‍ച്ചയായി ജയിച്ചുകയറുകയും കഴിഞ്ഞ രണ്ട് തവണ ഏതാണ്ട് അനായാസമെന്നോളം സി.പി.എം നേതാവ് എം. ഹംസ ജയിക്കുകയും ചെയ്ത മണ്ഡലത്തിന്‍െറ പൊതുസ്വഭാവം കമ്യൂണിസ്റ്റ് ചേരിക്കനുകൂലമാണ്. എന്നാല്‍, ഈ അവസ്ഥക്ക് വിരുദ്ധമായാണ് ഒറ്റപ്പാലം നഗരസഭയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിക്കുന്നത്. കേഡര്‍ സംഘടനയായ സി.പി.എമ്മിനെ വെല്ലുവിളിച്ച് പാര്‍ട്ടി വിമതരായി നഗരസഭയിലേക്ക് കഴിഞ്ഞ തവണ വിജയിച്ചത് അഞ്ചുപേരാണ്. 36 അംഗ നഗരസഭയില്‍ സി.പി.എം ഭരിക്കുന്നത് നറുക്കെടുപ്പിന്‍െറ ആനുകൂല്യത്തിലാണ്. ബി.ജെ.പി ഒറ്റക്ക് ഏഴുപേരെ നഗരസഭയിലേക്ക് വിജയിപ്പിക്കുകയും ചെയ്തു. യു.ഡി.എഫിനേക്കാള്‍ പാര്‍ട്ടി വിമതരെ നഗരത്തിലെങ്കിലും പേടിക്കേണ്ട ദുരവസ്ഥ സി.പി.എം പേറാന്‍ തുടങ്ങിയിട്ട് നാളേറെയായി.

നഗരസഭക്ക് പുറമെയുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ രണ്ടിടത്ത് മാത്രമേ യു.ഡി.എഫ് ഭരണമുള്ളൂ. കരിമ്പുഴയിലും തച്ചനാട്ടുകരയിലും. ഇതില്‍ കരിമ്പുഴ 2010ലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കൊപ്പമായിരുന്നു. യു.ഡി.എഫ് സ്വാധീനമേഖല തച്ചനാട്ടുകര പഞ്ചായത്താണ്. കടമ്പഴിപ്പുറം, ലക്കിടി പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, അമ്പലപ്പാറ എന്നീ പഞ്ചായത്തുകളാണ് ഇടത് സ്വാധീന മേഖലയായി തുടരുന്നത്. മലബാര്‍ സിമന്‍റുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് ചൂണ്ടിക്കാട്ടി പി. ഉണ്ണി എന്ന പരിചയ സമ്പന്നനായ നേതാവിനെതിരെ യു.ഡി.എഫ് പ്രചാരണത്തിന് കോപ്പുകൂട്ടുമ്പോള്‍ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കുടുങ്ങിയ കേസുകളാണ് ഇടത് മുന്നണി പരിചയാക്കുന്നത്. ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കിയത് മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരില്‍ ഒരുവിഭാഗത്തെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന വാദം യു.ഡി.എഫ് വക്താക്കള്‍ക്കുണ്ട്. മണ്ഡലത്തില്‍ മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള വിഭാഗമാണ് എന്നത് വസ്തുതയാണ്. എന്നാല്‍, സമുദായ വോട്ടുകള്‍ എങ്ങനെയെങ്കിലും തടുത്തുകൂട്ടാനുള്ള വൃഥാവ്യായാമമായി മാത്രമേ ഇടത് കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നുള്ളൂ.

വര്‍ഷങ്ങളോളം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന 69കാരനായ പി. ഉണ്ണി ആനക്കരക്കടുത്തുള്ള കുമ്പിടി സ്വദേശിയാണ്. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കബീര്‍ മാസ്റ്ററും എം. ഹംസയുമൊക്കെ ഒറ്റപ്പാലത്ത് നിന്ന് വിജയിക്കുമ്പോള്‍ അമരക്കാരനായി പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പി. ഉണ്ണി ഉണ്ടായിരുന്നു. കോയമ്പത്തൂരിലെ പോത്തന്നൂരില്‍ റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലഗ്രാഫ് വിഭാഗത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗം ഉപേക്ഷിച്ചാണ് കെ.എസ്.വൈ.എഫിലൂടെ ഉണ്ണി പൊതുരംഗത്തത്തെിയത്. ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു എന്നിവയുടെ ജില്ലാ സെക്രട്ടറിയായ അദ്ദേഹം 1998 മുതല്‍ 2012 വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു.

ആലപ്പുഴ പൂപ്പറമ്പില്‍ എ. മുഹമ്മദ് ഉസ്മാന്‍െറ ഭാര്യ ഷാനിമോള്‍ ഉസ്മാന്‍ 2006ല്‍ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത് രണ്ടാമത്തെ മത്സരമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലത്തെിയ ഈ 42കാരി കേരളത്തില്‍നിന്ന് ആദ്യമായി എ.ഐ.സി.സി വനിതാ സെക്രട്ടറിയായ നേതാവാണ്. തിരുവനന്തപുരം ലൊയോള കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എല്‍.എല്‍.ബി പാസായത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇവര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ എ.ഐ.സി.സിയിലും കെ.പി.സി.സി നിര്‍വാഹക സമിതിയിലും അംഗമാണ്.

നിയമസഭയിലേക്ക് രണ്ടാമത്തെ മത്സരമാണ് ബി.ജെ.പി സ്ഥാനാര്‍ഥി പി. വേണുഗോപാലന്‍േറത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് പാര്‍ട്ടി മധ്യമേഖല ജനറല്‍ സെക്രട്ടറിയായ ഈ 47കാരനാണ് മത്സരിച്ചത്. ആര്‍.എസ്.എസ് താലൂക്ക് പ്രചാരകനായിരുന്നു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

COMMENTS