കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. .  കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) പഴയ തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന മലബാർ , അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനംരൂപവത്കരിച്ചത്.

പ്രധാന നഗരങ്ങൾ: ഏറണാകുളം,തിരുവനന്തപുരം,കോഴിക്കോട്,തൃശൂർ, മലപ്പുറം,കണ്ണൂർ,,പാലക്കാട്‌. പാലക്കാട് കേരളത്തിലെ വലിയ ജില്ലയാണ്. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ , പാലക്കാട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി,ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

കാലാവസ്ഥ

ഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ്. രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. കാലവർഷവും തുലാവർഷവും. ശൈത്യകാലം, വേനൽക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.

ശൈത്യകാലം

ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ. ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോൾ ആകാറുണ്ട്. എന്നാൽ കൂടിയ താപനില 23 നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യിൽ താഴെയാണ്.

വേനൽക്കാലം

കേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിപ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്. കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ , മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ, പാലക്കാട് ജില്ല എന്നിവിടങ്ങളിൽ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ്.

മഴക്കാലം

ഇത് വ്യക്തമായ രീതിയിൽ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവർഷം. പിന്നെ വേനൽ മഴയും.

കേരളത്തിൽ ഒരു വർഷം ശരാശരി 3000മി.ലിറ്ററോളം മഴകിട്ടാറുണ്ട്. മഴവെള്ളത്തിന്റെ 70 ശതമാനത്തോളം കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു.

ഇടവപ്പാതി

ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം പൊതുവേ കാലവർഷം എന്ന പേരിലും പരാമർശിക്കപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവംപകുതിയിൽ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലിൽ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങൾ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവർഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെകുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.

കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വർഷത്തിൽ ശരാശരി 302.26 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റർ മാത്രമാണ്.

തുലാവർഷം

വടക്കു കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന ഇത് തുലാമാസത്തിലാണ് പെയ്തുതുടങ്ങുന്നത്. അതായത് ഒക്ടോബർ പകുതിയോടെ ആരംഭിച്ച് ഡിസംബർ വരെ കിട്ടുന്ന ഈ മഴ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ ആണ് ഇത് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് ഇടി മിന്നലിന്റെ അകമ്പടി ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂർ, കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് ഈ മഴ കൂടുതൽ ലഭിക്കുന്നത്.

സാംസ്കാരികരംഗം

മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ് കേരളം വളർന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്‌. പരകീയമായ നിരവധി പദങ്ങൾ മലയാളത്തിൽ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തിൽ വസിക്കുന്ന പരദേശികളുടെ സംഭാവനകൾ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയർന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ്‌ കേരളം വികസിച്ചത്. കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്‌. മതസഹിഷ്ണുത, ജാതി-മത-വർഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകൾ കേരളത്തിൽ പൊതുവെ വികസിച്ചുവരാൻ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാർവ്വലൗകികതയാണ്. കേരളത്തിൽ മൂന്നേകാൽ കോടിയിലേറെ വരുന്ന ജനങ്ങൾ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികൾ അല്ല എന്നതാണ് കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളിൽ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്. അപ്രധാനമായവരിൽ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്.

ഒരു മതമായി കേരളത്തിൽ കുടിയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദർ ആണ്. സിറിയൻ നാഗരികതയിൽ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേർന്നു. സിറിയൻ നാഗരികതയിൽ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേർന്നു. ക്രിസ്തുമതം ദർശനങ്ങളിലൂടെയും പരിവർത്തനത്തിലൂടെയും തെക്കൻകേരളത്തില് വ്യാപിച്ചപ്പോൾ ഇസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദർശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കൻ മേഖലയിൽ വ്യാപിച്ചു. എന്നാൽ ഇതിനേക്കാൾ വളരെ മുൻപേ തന്നെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു.

സാംസ്കാരിക സ്ഥാപനങ്ങൾ

കേരളത്തിൽ മലയാള ഭാഷ, കല, സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്. തൃശൂർ ആണ് ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട്. മികച്ച സാഹിത്യസൃഷ്ടികൾക്ക് അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 1968-ൽ നിലവിൽ വന്ന ഈ ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനം, ഭാഷാ നവീകരണ എന്നീ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഭൗതികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രകൃതിശാസ്ത്രം, സാങ്കേതികശാസ്ത്രം പ്രസിദ്ധീകരണവിഭാഗം എന്നിങ്ങനെ അഞ്ച് അക്കാദമിക വിഭാഗങ്ങൾ ഉണ്ട്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണ്. ചിത്ര-ശില്പകലകളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്. കേരള കലാമണ്ഡലമാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം മഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത്. ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ്. കഥകളിയാണ് പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്. സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ് സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ്.

ചരിത്രം

പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം.ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ്.

പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെഉപജ്ഞാതാക്കൾ ഇവരാണ്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂർവ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:


പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ (രണ്ടാം ശിലാശാസനം) നിന്നാണ് ലഭിച്ചിരിക്കുന്നത്. കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്രഎന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13-ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു. തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.

പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. സാമൂതിരി, കൊച്ചി രാജാവ്,തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കോയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്‌‌ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.

1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്

പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്. പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.

ഡച്ച് കമാന്ററായ ഡി. ലെനോയ്മാർത്താണ്ഡവർമ്മക്ക് മുൻപിൽ കുളച്ചൽ യുദ്ധത്തിനു ശേഷം പത്മനാഭകൊട്ടാരത്തിൽ വച്ച് കീഴടങ്ങുന്നു

ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർഎന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ്മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

ആഹാരരീതി

കേരളീയരുടെ മുഖ്യാഹാരം അരികൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ്. കാലാവസ്ഥയും മണ്ണും അനുയോജ്യമായതുകൊണ്ട് നെൽകൃഷി ഇവിടെ വ്യാപകമാണ്. പുഴകളിൽ നിന്നും കായലുകളിൽനിന്നും കടലിൽനിന്നും ധാരാളമായി ലഭിക്കുന്ന മത്സ്യവും മലയാളിയുടെ ഭക്ഷണത്തിന്റെ മുഖ്യഭാഗമാണ്. അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു. ഇവകൂടാതെ യൂറോപ്യന്മാരുടെ വരവോടെ പ്രചാരത്തിലായ കപ്പയും പിൽക്കാലത്ത് ഇവിടത്തുകാരുടെ ഭക്ഷണത്തിൽ പ്രധാനഭാഗമായിട്ടുണ്ട്. പണ്ടുകാലത്ത് ഏറെ വ്യാപകമല്ലാതിരുന്ന മാംസാഹാരങ്ങളും അടുത്തകാലത്തായി മലയാളിയുടെ പ്രധാനഭക്ഷണങ്ങളിൽ ഇടം നേടിയിട്ടുണ്ട്. കോഴിമാംസത്തിന്റെ ആളോഹരി ഉപഭോഗം ഇക്കാലത്ത് കേരളത്തിൽ വളരെയേറെ കൂടിയിട്ടുണ്ട്.

ഭക്ഷണപ്രിയരാണ് കേരളീയർ. അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ്. എങ്കിലും ഓണം, വിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത സദ്യ പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിയുടെ ചോറ്, സാമ്പാർ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, ഓലൻ, അവിയൽ, കൂട്ടുകറി, ഉപ്പേരി, അച്ചാർ, പുളി, പപ്പടം,പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ. വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ. അട, സേമിയ, ചെറുപയർ, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട്. പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം. മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ-മാംസവിഭവങ്ങളും ധാരാളമായി കാണാം. മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് ചിക്കൻ ബിരിയാണി ആണ്. മലബാറിലെ മുസ്ലിം മേഖലകളിൽ തയാറാക്കുന്ന ചിക്കൻ ബിരിയാണി വിശേഷിച്ചും പ്രസിദ്ധമാണ്. കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ്. ഇവ കൂടാതെ പുട്ട്, ദോശ, പലതരം പത്തിരികൾ, അപ്പം, ഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട്.

വിനോദസഞ്ചാരം

കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്, 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിക്കുന്നു . മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാർ , നെല്ലിയാമ്പതി,പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വർക്കല, ചെറായി ബീച്ചുകളും, പെരിയാര്, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായൽ മേഖലയും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും, വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട്ടെ കാപ്പാട് ബീച്ചും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു. ഇവ കൂടാതെ തീർത്ഥാടനവിനോദസഞ്ചാരവും ഇന്ത്യൻ വൈദ്യ സമ്പ്രദായമായ ആയുർവേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്. പ്രശസ്ത ആയുർവേദ ചികിൽസാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആര്യവൈദ്യ ശാല.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ വിനോദസഞ്ചാര വകുപ്പ് പ്രവർത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുമുള്ള 'ഉത്തരവാദിത്തവിനോദസഞ്ചാര വികസനം' എന്ന സമീപനമാണ് ഈ വകുപ്പിന്റേത്.വിനോദ സഞ്ചാര വികസന മേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തർദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ 2002ൽ പ്രസിദ്ധീകരിച്ച 'ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്' പ്രകാരം ആഗോള തലത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.

കടൽത്തീരങ്ങൾ

ഹിപ്പി കാലഘട്ടത്തിൽ ഹിപ്പികളുടെ ഇന്ത്യയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമായിരുന്ന കോവളം അതിനു മുമ്പേതന്നെ വിനോദ സഞ്ചാര സ്ഥലമെന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടിരുന്നു. ഇവിടെ ഇന്ന് വിദേശികളും സ്വദേശികളുമായി ധാരാളം പേർ വന്നു പോകുന്നു. ഇന്നും ഇത് അന്താരാഷ്ട്രതലത്തിൽത്തന്നെ ഖ്യാതിയുള്ള ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.  കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി, പൂവാർ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്. 

കായലുകൾ

കേരളതീരത്തെ കായലുകളിലെ വിനോദസഞ്ചാരസാദ്ധ്യതകൾ അടുത്തകാലത്തായി വളരെയേറെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കായലുകളിൽ കെട്ടുവള്ളങ്ങളിലുള്ള യാത്രയും താമസവുമാണ് ഇവിടത്തെ പ്രധാന സവിശേഷത - ഇക്കൂട്ടത്തിൽഅഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്‌ . ജലപ്പരപ്പിൽ ഇറങ്ങുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യാനാകുന്ന സീ പ്ലെയിൻ ഉപയോഗിച്ച് ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ഇയ്യിടെ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.

മലയോരകേന്ദ്രങ്ങൾ

നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻ‌മുടി, വയനാട്, പൈതൽ മല, വാഗമൺ എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ.കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു അതിരപ്പിള്ളി വെള്ളച്ചാട്ടം.തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേനരുവി"" വെള്ളച്ചാട്ടം. റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

തീർഥാടനകേന്ദ്രങ്ങൾ

ശബരിമല ധർമ്മശാസ്താക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം,കൊട്ടിയൂർ ക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം,വക്കുംനാഥ ക്ഷേത്രം,തൃശൂർ  തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളാണ്. ചേരമാൻ ജുമാ മസ്ജി- കേരളത്തിലെ ഒരു മുസ്ലീം തീർത്ഥാടന കേന്ദ്രമാണ്." -എടത്വ പള്ളി തീർത്ഥാടനം പുതിയതുറ കൊച്ചെടത്വാ തീർത്ഥാടനം മലയാറ്റൂരും ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ പ്രവർത്തനമേഖലകളായിരുന്ന പ്രദേശങ്ങളും ക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു.

വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 16 വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്.

ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം,മലബാർ എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.

(കടപ്പാട് - വിക്കിപീഡിയ)