Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
അവന്‍റെ കാഴ്ചകൾ ഇനിയും പൂക്കുന്നു
പഞ്ചേന്ദ്രിയങ്ങളെ തുറന്നുപിടിക്കുന്നവരുണ്ട്. അഥവാ, അവയെ സമർഥമായി ഉപയോഗപ്പെടുത്തുന്നവർ. പുതിയ കാറ്റ്, പുതുമയാർന്ന ശബ്‌ദം, അസ്വാഭാവിക പദവിന്യാസം, സുഖകരമോ അസുഖകരമോ ആയ മണങ്ങൾ, തേഞ്ഞുപോകുന്ന ഒരീരടി, കിളിർത്തു വരുന്ന നനുനനുത്ത ഒരു പാട്ടിന്‍റെ പല്ലവി, അതുമല്ലെങ്കിൽ അർഥഗർഭമോ കെട്ടിനിൽക്കുന്നതോ ആയ മിണ്ടാട്ടങ്ങൾ... ഇവയൊക്കെ അഞ്ച് ഇന്ദ്രിയങ്ങളുടെ ആഹാരങ്ങളാണ്. അതവരെ ത്രസിപ്പിക്കും, ഉന്മിഷത്തരാക്കും, അവരുടെ ഉറക്ക് കെടുത്തും... ചിലപ്പോൾ ഭ്രാന്തരാക്കും.
പ്രപഞ്ചത്തിന്‍റെ സൗന്ദര്യത്തിലേക്കും വൈകൃതങ്ങളിലേക്കും ദൃഷ്ടി അയക്കുകയോ അവയിൽ അത്ഭുതം കൂറുകയോ സംത്രാസമനുഭവിക്കുകയോ ചെയ്യാത്തവനെ സംബന്ധിച്ചിടത്തോളം പിന്നെ എന്ത് കണ്ണും കാതും? സന്ധ്യ ഇ. എഴുതിയ ‘കഭീ കഭീ മേരെ ദിൽ മെ’ എന്ന കഥ (ലക്കം 1498) അവ്വിധം ചില പരിതോവസ്ഥകളെ പുരസ്കരിക്കുകയാണ് അടിസ്ഥാനപരമായി.
താൻ റൂം ബോയ് ആയി ജോലി ചെയ്യുന്ന പാരഡൈസ് വ്യൂവിന്‍റെ ശ്യാമള കോമളമായ ചുറ്റുവട്ടങ്ങൾ മൂവാറ്റുപുഴക്കാരൻ കൈലാസിന്‍റെ കണ്ണും കരളും കക്കുന്നു. തഴച്ചുവളരുന്ന നയന മനോജ്ഞമായ ഹരിത പടർപ്പ്. പ്രകൃതി എത്രമേൽ മനോഹരമാന്നെന്നതിന്‍റെ നിറകാഴ്ച കൈലാസിനെ ആഴത്തിൽ ത്രസിപ്പിക്കുന്നുണ്ട്. ‘‘രാത്രികളിൽ കാണുന്ന കാഴ്ചയാണ് ഏറ്റവും ഭംഗി. നിലാവിൽ കുളിച്ചുകിടക്കുന്ന വഴിയും മലകളും നോക്കിയിരുന്നാൽ ഭൂമിയിലല്ല എന്നു തോന്നും. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ മനസ്സിലേക്ക് വരും.’’ കൈലാസിനു പാരഡൈസ് വ്യൂവിൽനിന്ന് പുറത്തേക്കു കണ്ണുകളയക്കുമ്പോൾ ഇങ്ങനെയൊക്കെ വിസ്തരിക്കാൻ സാധിക്കുന്നു. പക്ഷേ, തൊട്ടുശേഷം അവൻ പരിതപിക്കുന്നു: ‘‘കവികളൊക്കെ കവിതയെഴുതുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാവും. എനിക്കങ്ങനെയുള്ള കഴിവൊന്നുമില്ലാത്തതിനാൽ അതീവ ഭംഗിയുള്ള അത്തരം കാഴ്ചകൾ മൊബൈലിൽ എടുത്ത് പിന്നീട് നോക്കും.’’
‘‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി’’ എന്ന വരികളുള്ള പാട്ട് ഓർമ വരുന്നുവെന്നാണ് അവനയച്ച ഫോട്ടോ കണ്ടപ്പോൾ അച്ഛൻ പ്രകീർത്തിച്ചത്.
ഒരിക്കൽ, മുറിയിൽ ഒറ്റക്കായ ദിവസം നിലാവുള്ള രാത്രിയെക്കുറിച്ച് കൈലാസ് വാചാലനാവുന്നുണ്ട്: ‘‘എന്തു ഭംഗിയായിരുന്നു ആ രാത്രിക്ക്! പൂർണ ചന്ദ്രൻ മലകളെ ചന്ദനം ചാർത്തുന്നു.’’ അത്രമേൽ ഭാവനയുടെ ലാവണ്യം അവനെ ചുറ്റിപ്പറ്റി നിന്നിരുന്നെന്ന് സാരം. കവിതക്കുള്ള വസ്തു വഹകൾ അവന്‍റെ നെഞ്ചിൽ സഞ്ചിതം. അവന്‍റെ അണപൊട്ടുന്ന ആലോചനകളിൽ കവിയുടെ മുഴക്കം. എന്നിട്ടും താൻ കവിയെന്ന് പറയാനുള്ള ധൈര്യം അവൻ സംഭരിച്ചിട്ടില്ല.
വരിയുടക്കപ്പെട്ടവരെയാണ് മുതലാളിത്തത്തിന് ആവശ്യം. ചിന്തയിൽ അഗ്നി ആളാനേ പാടില്ല. സ്വത്വമെന്നോ സ്വയംകൃത സഞ്ചാരമെന്നോ അവകാശപ്പെടാൻ ഷണ്ഡീകരിക്കപ്പെട്ടവർക്ക് എന്ത് ന്യായം! ഹോട്ടൽ റിസപ്‌ഷനിസ്റ്റ് ജോബിച്ചേട്ടന്‍റെ വിരൽ ഞൊടികളിൽ കൂമ്പു ചീഞ്ഞുപോകുന്നു കൈലാസ് എന്ന പ്ലസ് ടുക്കാരൻ ചെക്കന്‍റെ തൃഷ്ണ. അവന്‍റെ അന്വേഷണത്വര. ഐഡന്‍റിറ്റിയുടെ തുറസ്സുകൾ.
കൈലാസിന്‍റെ കാതുകളിലേക്ക് പലപ്പോഴായി ശ്രുതി മധുരമായ പാട്ട് ഒഴുകിവരാറുണ്ട് എങ്ങുനിന്നോ. മലയാളം, തമിഴ്, ഹിന്ദി... അവനാ ഗാനാമൃതത്തിൽ ഉന്മത്തനായിപ്പോകും. ഒരിക്കൽ ‘‘ഉയിരേ ഉയിരേ... എന്നോട് കലന്തു വിട്...’’ എന്ന പ്രേമാതുരമായ പാട്ടിന്‍റെ പവിഴ മഴയിൽ അവൻ രാത്രിയുടെ അപായകരമായ വിജനതയിലേക്ക് നടന്നുനീങ്ങുന്നുണ്ട്. അവിടെ ജോബിച്ചേട്ടൻ അവനെ തിരികെ കൊണ്ടുപോകുന്നു. ‘‘ചേട്ടൻ പാട്ടൊന്നും കേട്ടിരുന്നില്ല.’’ ഇതുവരെ ഒരൊറ്റ വരിപോലും അയാളുടെ ചെവിയിലേക്ക് ഇറങ്ങി വന്നിട്ടില്ല. ‘‘നിന്‍റെ ഓരോ തോന്നലാവും. അല്ലെങ്കിൽ പ്രേതമാവും.’’
എന്ന് കൈലാസിനെ കളിയാക്കാറാണ് ജോബി. അയാൾ എന്തിനു രാഗ-താള-ലയത്തിനു കാതോർക്കണം? എന്തിന് അയാൾ റൊമാന്‍റിക് ആവണം? ഉപഭോക്താവിനെ സംപ്രീതിപ്പെടുത്തുക മാത്രമാണ് അയാളുടെ ഒരേയൊരു ചോയ്‌സ്. ഒരിക്കൽ ഒരു മനുഷ്യൻ വഴിവിട്ട രീതിയിൽ കൈലാസിനോട് പെരുമാറി. അയാൾ അവന്‍റെ വസ്ത്രങ്ങൾ ഒഴിച്ചുമാറ്റാൻ ശ്രമിച്ചു. അയാളെ തള്ളിമാറ്റി രക്ഷപ്പെട്ട കൈലാസ് പ്രതി പട്ടികയിൽ! പയ്യന്‍റെ പെരുമാറ്റം ശരിയ​െല്ലന്ന് റിസപ്‌ഷനിൽ പരാതി. ജോബി കൈലാസിനോട് ഒന്നേ പറഞ്ഞുള്ളൂ: ‘‘മര്യാദക്ക് നിന്നില്ലെങ്കിൽ പറഞ്ഞുവിടും!’’ അതെ, ജോബിച്ചേട്ടന് ഒരേ ഒരു ചോയ്‌സ്: ‘‘ഹിസ് മാസ്റ്റേഴ്സ് വോയ്‌സ്!’’
മധ്യവയസ്കരായ ഒരു പുരുഷനും സ്ത്രീയും താമസിക്കാൻ വരവെ രണ്ടു പേരുടെയും ആധാർ കാർഡ് നോക്കി അത് ഭാര്യാഭർത്താക്കന്മാരല്ലെന്ന് കണ്ടുപിടിക്കുന്നു കൈലാസ്. 40-45 വയസ്സ് കഴിഞ്ഞ സ്ത്രീ ഭർത്താവിനോട് പ്രേമപരവശമായി നോക്കാറില്ല എന്നതാണ് കൈലാസിന്‍റെ മതം! അവിടെ തുടങ്ങിയതാണ് അവന്‍റെ ഇൻവെസ്റ്റിഗേഷൻ!
നാലു ദിവസത്തേക്ക് മുറിയെടുത്ത മൂന്ന് തരുണീമണികൾ. അവർ ഒരു രാത്രി കറക്കം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൈലാസ് കാണുന്നത് രണ്ട് സ്ത്രീകളും ഒരു പുരുഷനും. മൂന്നാമത്തെ സ്ത്രീക്ക് എന്ത് സംഭവിച്ചു? ‘‘മടങ്ങിവരാത്ത ആൾ മഞ്ഞിൽ, തണുപ്പിൽ, ഇരുട്ടിൽ, താഴെ എന്തു ചെയ്യുകയാവാം ഒറ്റക്ക്!’’
എന്തിനാണ് താൻ അത്തരം കാര്യങ്ങൾ ആലോചിക്കുന്നത്? ആരെ നന്നാക്കാൻ? വിഗ്രഹഭഞ്ജകനായിട്ടെന്തു കാര്യം? ‘‘ശല്യക്കാരനായി’’ ചിത്രീകരിക്കപ്പെട്ടിട്ട് എന്തു പ്രയോജനം!
അന്തിമ വിധിപ്രസ്താവം കൈലാസ് തന്നെ നടത്തട്ടെ: ‘‘ഇല്ല. എനിക്കൊന്നും തോന്നിയിട്ടില്ല... പാട്ടും കേട്ടിട്ടില്ല, കാഴ്ചയും കണ്ടിട്ടില്ല. തോന്നലുമുണ്ടായിട്ടില്ല...’’ ചോദിക്കരുത്, അന്വേഷിക്കരുത്, കണ്ണും കാതും തുറക്കരുത്, നീട്ടിവെച്ചു തരുന്ന ഭക്ഷണ പ്പൊതിക്കപ്പുറത്തേക്ക് കൈവിരൽ നീളരുത്. പക്ഷേ, ഈ വിധി പ്രഖ്യാപനം ദുർബലപ്പെടുന്നു. കൊത്തി നുറുക്കിയ കൈലാസിന്‍റെ കാഴ്ചകൾ വീണ്ടും ആർഭാടമാകുന്നു. പാട്ടിന്‍റെ പാലാഴി അവന്‍റെ ഗർഭഗൃഹങ്ങളിലേക്ക് വീണ്ടും വിരുന്നു വരുന്നു: ‘കഭീ കഭീ മേരേ ദിൽ മേ...’
സലാം കരുവമ്പൊയിൽ
‘അമ്മിണി വിസ്കി’; ജാത്യാഭിമാനങ്ങൾ തച്ചുടക്കുന്ന കഥ
ഒരു കവി കഥാകാരനായാൽ കഥ എത്രത്തോളം സുന്ദരമാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ ‘അമ്മിണി വിസ്കി’ (ലക്കം 1494) എന്ന കഥ. നമ്മുടെ നാട്ടുപരിസരവും ഗ്രാമാന്തരീക്ഷവും ഇത്രയേറെ തനിമയോടെ നിറഞ്ഞുനിൽക്കുന്ന ഒരു കഥ ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. സ്ഥലനാമങ്ങൾ കഥയിൽ സൂചിപ്പിക്കുന്നില്ലെങ്കിലും, വായിക്കുമ്പോൾ ഒരുകാലത്ത് നമ്മുടെ ഗ്രാമത്തിലെ മാഹി ആയിരുന്ന ഒരിടത്തെക്കുറിച്ചാണ് എന്ന് തോന്നിപ്പോകും.
‘അമ്മിണി’ എന്ന നാട്ടുപദം തന്നെ നമ്മുടെ ഗ്രാമാന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ഒരു പ്രയോഗമാണ്. ആ നാടൻ സ്ത്രീയോടൊപ്പം ‘വിസ്കി’ എന്ന വിദേശമദ്യം എങ്ങനെ ചേരുന്നു എന്നതാണ് കൗതുകം. നാടൻ വാറ്റുചാരായത്തിന്റെ കാലം മാറി, ജാതി-മത ഭേദമില്ലാതെ എല്ലാവരും മദ്യത്തെ സ്വീകരിക്കാൻ തുടങ്ങിയ കാലം. ഊരുകളിലെ സ്ത്രീകളുടെ അടുത്തെത്തി മദ്യത്തിനായി തലകുമ്പിടുന്നതും തല ചൊറിയുന്നതും, ജാതി അഭിമാനങ്ങളെല്ലാം ഇല്ലാതായി തീരുന്നതിന്റെ നേർചിത്രമാണ് കഥാകാരൻ വരച്ചുകാട്ടുന്നത്. മിഥ്യാഭിമാനത്തിൽ രമിച്ച് നടന്നവർപോലും മദ്യത്തിനായി കാലുപിടിക്കുന്ന പഴയകാല കാഴ്ചയുടെ നേർചിത്രം.
ഈ കഥയിൽ അമ്മിണി എന്ന സ്ത്രീ അവളുടെ ശരീരത്തിനും ആത്മാഭിമാനത്തിനും എത്രയേറെ വില കൽപിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാകും. ജാതിമത ബോധങ്ങളുടെ യുക്തിയില്ലായ്മയെ തച്ചുടക്കുന്ന കഥകൂടിയാണിത്. പകലും രാത്രിയും സന്ധ്യയും സൂര്യനും ചന്ദ്രനും എല്ലാം വർണ മനോഹരമായ ചിത്രങ്ങളായി കഥയിൽ നിറയുന്നു.
അനിൽ പുളിക്കാൽ പുല്ലൂർ
‘ചെമ്മീനും’ മലയാളിയും മറക്കാനാവാത്ത ഒാർമകളും
‘ചെമ്മീൻ’ സിനിമയുടെ ചരിത്രവും വർത്തമാനവും വിവരിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ‘സ്റ്റിൽ ഫ്രഷ്’ (ലക്കം 1498) നല്ലൊരു വായനാനുഭവമാണ് തന്നത്. സിനിമയിലെ അഭിനേതാക്കളെക്കാളുപരി, കാലം മറക്കുന്ന നിർമാതാവിനെയും സംവിധായകനെയും പിന്നണിഗായകരെയും, മന്നാഡേയുടെ മലയാളം ഉച്ചാരണ പ്രശ്നം പരിഹരിച്ച സുലോചന മന്നാഡേയെയും മറ്റു പിന്നണി പ്രവർത്തകരെയും പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. രാമു കാര്യാട്ടിനെയും കൺമണി ബാബുവിനെയും കൂടുതൽ അറിയാൻ ലേഖനം സഹായിക്കുന്നുണ്ട്.
കൺമണി ബാബു ഇന്ദിര ഗാന്ധിയിൽനിന്ന് മികച്ച ചിത്രത്തിനുള്ള സ്വർണ മെഡൽ ഏറ്റുവാങ്ങുന്ന ചിത്രവും മലയാളത്തിന്റെ അഭിമാന നിമിഷങ്ങളെ ഒന്നുകൂടി ഓർത്തെടുക്കാൻ ഇടയാക്കി. മലയാള സിനിമയുടെ രജതജൂബിലി ആഘോഷ വേളയിലെ സത്യന്റെയും കെ. ബാലകൃഷ്ണന്റെയും വാക്പോര്, സിനിക്കിന്‍റെ പ്രവചനം ഇതെല്ലാം ഭംഗിയായി ഒാർത്തെടുത്തു നിരത്തുവാൻ ലേഖകനു കഴിഞ്ഞു.
കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് വായ്പ ലഭിച്ചില്ലെങ്കിലും, താലത്തിൽ പണവുമായി തക്കസമയത്തെത്തിയ കൺമണി ബാബുവിനോടും മലയാളി കടപ്പെട്ടിരിക്കുന്നു. ഒരു വാതിൽ അടയുമ്പോൾ പലവഴി തുറന്നുകിട്ടുമെന്നത് ഒരിക്കൽകൂടി വ്യക്തമായി. ഇനിയും ഇത്തരം നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ലേഖകന് അഭിനന്ദനങ്ങൾ.
ശാന്താ ജോൺ, പാപ്പനംകോട്
എ.വി.എം. നാരായണനെന്ന ഭാഷാ പരിജ്ഞാനി
കിട്ടുന്നതെല്ലാം വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും ശ്രീകൃഷ്ണ ആലനഹള്ളിയുടെ രചനകളിൽ ‘ഭുജംഗയ്യന്റെ ദശാവതാരങ്ങൾ’ മാത്രമേ വായിച്ചിട്ടുള്ളൂ എന്നത് എങ്ങനെ സംഭവിച്ചു എന്നറിയുന്നില്ല. പ്രസ്തുത നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കന്നടയിലുള്ള മൂലകൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് എന്നറിയാമായിരുന്നെങ്കിലും അതൊരു വിവർത്തിതകൃതിയാണെന്ന് അനുഭവപ്പെട്ടിരുന്നില്ല. അത്രക്കും മികച്ച മൂലകൃതിയോട് നൂറുശതമാനം നീതി പുലർത്തിയിരുന്ന രചനയായിരുന്നു അത്.
അതുകൊണ്ടുതന്നെ വിവർത്തകന്റെ പേര് ഓർമയിൽ സൂക്ഷിച്ചിരുന്നില്ല. ‘ആലനഹള്ളിയുടെ വിവർത്തകനെയും മറന്നോ?’ എന്ന വാസുദേവൻ കുപ്പാട്ടിന്റെ ലേഖനം (ലക്കം 1498) വായിച്ചപ്പോഴാണ് വിവർത്തകനെ ഓർക്കുന്നതും പരിചയപ്പെടുന്നതും. നമ്മുടേതല്ലാത്ത ഭാഷയിലും പശ്ചാത്തലത്തിലും എഴുതപ്പെട്ട ഒരു കൃതിയെ വിവർത്തനം ചെയ്യുമ്പോൾ മൂലകൃതിയോട് നീതി പുലർത്തണമെങ്കിൽ വിവർത്തകന് അസാമാന്യ ഭാഷാ പരിജ്ഞാനവും സർഗവാസനയും ഉണ്ടായിരിക്കണം. ഈ രണ്ട് സിദ്ധികളും സ്വായത്തമാക്കിയിരുന്ന വിവർത്തകനായിരുന്നു എ.വി.എം. നാരായണനെന്ന് ഉറപ്പിച്ചുപറയാൻ ഞാൻ വായിച്ച ആ ഒരു നോവൽതന്നെ മതി. അദ്ദേഹത്തെ ഓർക്കാനും പരിചയപ്പെടാനും അവസരം നൽകിയ ലേഖകനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ!
അബൂറമീസ് പുൽപറമ്പ്
വാഴ്ത്തുപാട്ടുകളുടെ ആരവമുയരുന്ന മാധ്യമങ്ങൾ
മീഡിയാസ്കാൻ പംക്തിയിൽ യാസീൻ അശ്റഫ് എഴുതിയ ‘സമ്മതി നിർമാണം, പ്രതിഛായാ നിർമാണം’ (ലക്കം 1495) എന്ന ലേഖനം വായിച്ചു. ജനസമ്മതി കൃത്രിമമായി പൊലിപ്പിക്കാനുള്ള സർവലക്ഷണയുക്തമായ മാധ്യമമായി നമ്മുടെ രാജ്യത്തെ ദിനപത്രങ്ങൾ മാറിയിരിക്കുന്നു. കഷ്ടംതന്നെ. സമഗ്രാധിപത്യശക്തികളുടെ അതിവിസ്തൃതമായിക്കൊണ്ടിരിക്കുന്ന ദുഷ്ടതകളുടെ ഇരുണ്ടലോകത്തേക്ക് വെളിച്ചം വീശുക എന്ന മഹത്തായ മാധ്യമസേവനം നിർവഹിക്കുന്നതിനു പകരം വാഴ്ത്തുപാട്ടുകളുടെ ആരവമാണ് ദിവസേന പത്രങ്ങളിൽനിന്ന് ഏറെ ഉച്ചത്തിൽ കേട്ടുകൊണ്ടിരിക്കുന്നത്. അനീതികളുടെയും അധർമങ്ങളുടെയും നേരെ ഭൂരിഭാഗം പത്രമാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ദൃഷ്ടി പതിയുന്നില്ല. അത്തരം ഒരു ധർമധീരതയാണ് ജനാധിപത്യ വിശ്വാസികൾ പത്രമാധ്യമങ്ങളിൽനിന്ന് എന്നും പ്രതീക്ഷിക്കുന്നത്. പക്ഷേ, ആപത്തില്ലാത്ത രാജമാർഗങ്ങളിലൂടെ സഞ്ചരിക്കാനാണ് മാധ്യമപ്രവർത്തകർ ഏറിയകൂറും ശ്രമിക്കുന്നത്.
പൗരന്മാരോടല്ല അധികാര കസേരകളിലെ ഛത്രാധിപതികളോടാണ് അവർക്ക് ഏറിയകൂറും വിധേയത്വവും. അവരുടെ തലയിൽ ജനസമ്മതിയുടെ കിരീടം മേടിയിറക്കാനാണ് അവർ ഏറെ പണിപ്പെടുന്നത്. മാധ്യമങ്ങളുടെ ഈ ദുഷ്പ്രവണതക്കെതിരെ എതിർ വിസ്താരത്തിനു തുനിഞ്ഞ യാസീൻ അശ്റഫിന് നന്ദി.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
നല്ല കളറ്ള്ള കഥ
ഇന്നത്തെ പ്രഭാതവായന വല്ലാതെ നൊമ്പരപ്പെടുത്തി. ഒരു പെൺകുട്ടിയുടെ അമ്മയായതുകൊണ്ടും ഗീതയോടൊപ്പം നടന്നതുകൊണ്ടും മാത്രമല്ല, സുദേവനൊപ്പം കരഞ്ഞതുകൊണ്ടുകൂടിയായിരുന്നു ആ നൊമ്പരം. രേഷ്മ സുദേവനെ നിങ്ങൾക്ക് അറിയാത്തതൊന്നുമല്ല. വാർത്തകളിലും കഥകളിലും നിങ്ങൾ രേഷ്മമാരെ കണ്ടിട്ടുണ്ട്. സുദേവന്മാരെയും ഗീതമാരെയും കണ്ടിട്ടുണ്ട്. എങ്കിലും സുദേവനും ഗീതയും നിങ്ങളെ നൊമ്പരപ്പെടുത്തും. ചുറ്റിവരിഞ്ഞു നൊമ്പരപ്പെടുത്തുന്ന വിധം വിസ്മയിപ്പിക്കുന്ന കഥയെക്കുറിച്ചാണ് പറഞ്ഞുവന്നത്. മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1493) നന്ദിനി മേനോൻ എഴുതിയ ‘നല്ല കളറ്ള്ള ഫോട്ടോ’ എന്ന കഥ അക്ഷരാർഥത്തിൽ നൊമ്പരപ്പെടുത്തുന്നതായി.
ആഖ്യാനതന്ത്രത്തിലാണ് ചെറുകഥകളുടെ വിജയമിരിക്കുന്നത്. ആഖ്യാനമികവിൽ ഒന്നാന്തരമൊരു ചെറുകഥ. അതാണ് നന്ദിനി മേനോന്റെ ‘നല്ല കളറ്ള്ള ഫോട്ടോ’. ചെറു സൂചനകളിലൂടെ തെളിയുന്ന ആഖ്യാന മികവ് നോക്കൂ. ‘ചുവന്ന കുപ്പായത്തിൽ കറുത്ത വലിയ ചിലന്തികൾ’ ‘അവന്റെ തുറിച്ച കണ്ണുകൾ കറുത്ത ചിലന്തികളായി.’
വലയിൽ കുടുങ്ങിപ്പോയൊരു പെൺകുട്ടിയെ കഥ ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. ടീച്ചർമാർ പറഞ്ഞത് നമ്മളവളെ നന്നായി ശ്രദ്ധിച്ചില്ലെന്നല്ലേ എന്ന ഗീതയുടെ വാക്കുകളിലുണ്ട്, വലയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ മാതാപിതാക്കൾ എങ്ങനെ ഒറ്റപ്പെടുത്തപ്പെടുമെന്ന സാമൂഹിക ചിത്രം.
‘ഷർട്ടിന്റെ കൈമടക്കിലൊളിപ്പിച്ച കത്തി’ൽ മരണശേഷവും മകൾക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ചുള്ള വേവലാതിയുണ്ട്. അത്താഴ മണവും എലി കടിച്ചമുറിവും അലുമിനിയപ്പെട്ടിയിലെ സമ്പാദ്യവുമെല്ലാം ‘നല്ല കളറ്ള്ള ഫോട്ടോ’യുടെ മേന്മയായി എടുത്തുപറയേണ്ടതാണ്. പ്രഭാത വായന നൊമ്പരപ്പെടുത്തിയെങ്കിലും നല്ല വായന തന്നെ. സാധാരണയായി വായിക്കാൻ കിട്ടുന്ന കഥകളുടെ കെട്ടുകാഴ്ചകളില്ലാത്ത, ഹൃദയത്തിൽ തൊടുന്നൊരു കഥ. മസ്തിഷ്ക വിചാരംകൊണ്ടും ഒരൽപവും താഴേക്ക് പതിക്കേണ്ടതില്ലാത്ത കഥയാണ് ‘നല്ല കളറ്ള്ള ഫോട്ടോ.’
ജയന്തി അരുൺ (ഫേസ്ബുക്ക്)
‘മങ്കടയുടെ അവൾ’
വിഖ്യാത ഛായാഗ്രാഹകനായിരുന്ന മങ്കട രവിവർമയെ കുറിച്ച് എഴുതുന്നവരൊന്നും അദ്ദേഹത്തിന് മലയാള സിനിമയിൽ ആദ്യമായി അവസരം കൊടുത്ത സംവിധായകനെക്കുറിച്ചോ പ്രസ്തുത സിനിമയെക്കുറിച്ചോ ഒന്നും പരാമർശിക്കുന്നത് കാണാറില്ല. ആഴ്ചപ്പതിപ്പിൽ (ലക്കം 1499) പി.എസ്. പ്രദീപ്‌ എഴുതിയ ‘പ്രകാശം പരത്തുന്ന രവിവർമ’ എന്ന ലേഖനത്തിലും അങ്ങനെ തന്നെ! മധു, അടൂർഭാസി, ഉഷാനന്ദിനി തുടങ്ങിയവർ അഭിനയിച്ച ‘അവൾ’ എന്ന സിനിമയിലൂടെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമ പഠിച്ചിറങ്ങിയ അസീസ് ആണ് രവിവർമക്ക് മലയാളത്തിൽ ആദ്യമായി അവസരം നൽകുന്നത്.
ശബ്ദലേഖകൻ ദേവദാസ് അടക്കം പല പ്രതിഭകളെയും അസീസ് സംഭാവന ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ‘മങ്കട’യെ പരിചയപ്പെട്ട പി.എ. ബക്കറാണ് ‘ഓളവും തീരവും’ സിനിമയിലേക്കും വഴി തുറന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അടൂർ ‘സ്വയംവരം’ എടുക്കുന്നത്. അടൂരിന്റെ 90 ശതമാനം ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചത് മങ്കട രവിവർമതന്നെയാണ്.
ജി. അരവിന്ദൻ, പി.എൻ. മേനോൻ എന്നിവരുടെ ഓരോ പടങ്ങളും എൺപതുകളുടെ മധ്യത്തിൽ ജോസഫ് മാടപ്പള്ളിയുടെ ‘തോരണം’ എന്ന സിനിമയുമായും അദ്ദേഹം സഹകരിച്ചു. സംവിധായകൻ എന്നനിലയിൽ തൃശൂർകാരനായ അസീസിന് ഉയർച്ചയിലെത്താൻ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുമില്ല. മുല്ലനേഴിയുടെ പ്രശസ്തമായ ‘‘കറുകറുത്തൊരു പെണ്ണാണ്...’’ എന്ന് തുടങ്ങുന്ന പാട്ടുള്ള ‘ഞാവൽപ്പഴങ്ങൾ’, ‘മാൻപേട’ എന്നിങ്ങനെ എഴുപതുകളിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഈ സംവിധായകന്റേതായി പുറത്ത് വന്നിട്ടുള്ളത്.
‘‘മൃണാളിനി...’’ അടക്കം വയലാർ, ജി. ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങളുള്ള ‘അവൾ’ എന്തായാലും പ്രേക്ഷക മനസ്സിലുണ്ട്. മങ്കട രവിവർമയുടെ ചരിത്രമെഴുതുന്നവർക്ക് ഓർമയില്ലെങ്കിലും!
കെ.പി. മുഹമ്മദ്‌ ഷെരീഫ്, കാപ്പ് പെരിന്തൽമണ്ണ