Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
1
ബസിൽ,
​െട്രയിനിൽ
പാർക്കിൽ,
മരണവീട്ടിൽ
ഒഴിവുള്ളൊരു കസേര കാണുമ്പോൾ
മറ്റൊന്നും ചിന്തിക്കാതെ
തിടുക്കത്തിൽ
ഞാൻ കയറി ഇരിക്കുന്നു
ഒരിന്ത്യക്കാരന് ഒഴിഞ്ഞ ഇരിപ്പിടം
സ്വപ്നത്തിൽ അടിക്കുന്ന ലോട്ടറി
ഒഴിവുകൾ
ഞങ്ങളെ ആനന്ദിപ്പിക്കുന്നതിന്
പരിധിയില്ല.
ഇരിക്കാനുള്ള ഒരിടം തന്നുനോക്കൂ
ഞങ്ങളവിടെക്കിടന്ന് ഉറങ്ങും
അത് മൂത്രപ്പുരയായാലും
എടിഎം ആയാലും
ഞങ്ങൾക്കൊരേ തണുപ്പ്
അത് അടുപ്പുങ്കൂടായാലും
കുത്തിമറച്ച ആലയായാലും
ഞങ്ങൾക്കൊരേ പുതപ്പ്
പ്രസവിക്കാൻപോലും
ഞങ്ങളവിടന്ന് മാറിക്കിടക്കില്ല.
2
ആശുപത്രിയിൽ
റെയിൽവേ സ്റ്റേഷനിൽ
ട്രാഫിക്കിൽ
ഹൈപ്പർ മാർക്കറ്റിൽ
ക്യൂ നിന്നു നിന്ന്
തയഞ്ഞുതീർന്ന
കാല്, ഞങ്ങൾ
വേഗത്തിൽ കയറിപ്പോകാനുള്ള
ഒഴിവ്
വട്ടമിട്ട് വട്ടമിട്ട്
ഞങ്ങളുടെ പരുന്താട്ടം
വരി തെറ്റിച്ചാലുള്ള തെറി
ഞങ്ങൾക്ക് മാതൃഭാഷ
സ്ഥാപനങ്ങളിൽ
ചന്തകളിൽ
അതിർത്തികളിൽ
രേഖകളിൽ
അടിഞ്ഞടിഞ്ഞ്
ഞങ്ങൾ പൊടിമാത്രമായിരിക്കുന്നു
കൂറകളെങ്കിലുമായിരുന്നെങ്കിൽ
ഓടകളിൽ ജീവിക്കാമായിരുന്നെന്ന്
ഞങ്ങൾ കൂർക്കം വലിക്കുന്നു.
3
എല്ലാവരും
ഞങ്ങളുടെ രാജ്യത്ത്
വരാൻ വൈകുന്നു
മഴ, വെളിച്ചം, ബോട്ട്, പാലം,
പരീക്ഷാഫലം, റേഷൻ
സബ്സിഡി, വിധി, നീതി,
വിവേകം…
ജീവിച്ചിരിക്കാനുള്ള
സർവ കാരണങ്ങളും
ഞങ്ങളുടെ മറവികളിൽ
തമ്പടിച്ച് താമസിക്കുന്നു
ഒരപകടം, ഒരു ദുരന്തം
ഒരു കൈയേറ്റം
ഞങ്ങൾ ജീവിച്ചിരിക്കുന്നെന്ന്
തെളിവ് തരുന്നു
അതിൽക്കൂടുതൽ ആഗ്രഹിക്കുന്നത്
ഞങ്ങളുടെ ദേശചരിത്രത്തിനുപോലും
ദഹിക്കുന്നില്ല.
ജീവിച്ചിരിക്കുന്ന രാജ്യത്തിലെ
ആത്മഹത്യ തൊഴിലാളികൾ
ഞങ്ങൾ
തീർച്ച
പൂർണമായും നിരോധിക്കപ്പെടും മുമ്പ്
ഞങ്ങളുടെ നമ്പർ വരും!
എല്ലാവരും കാറിലാണ്.
എഴുപത്തിയാറു വർഷത്തെ
യാത്രയെ ഒഴുക്കിക്കളയാൻ
പാപനാശത്തിലേക്ക്
ഒരു യാത്ര.
പലരും പലതും പറഞ്ഞ്
കരച്ചിൽ അടക്കാൻ പണിപ്പെടുകയായിരിക്കാം.
കടലെന്നു കേട്ടാൽ എനിക്ക്
അമ്പരപ്പാണ്.
ജലത്തിന്റെയൊരു വൃദ്ധരൂപം.
അച്ഛന് തിരകളിലേറി
ഇനിയും യാത്രചെയ്യാം.
ഒരാൾ മരിക്കുമ്പോൾ
ഓർമകൾക്ക് പിടിപ്പത് പണിയാണ്.
റീലുകൾ പോലവ വന്നുകൊണ്ടേയിരിക്കും.
ഓർമകൾ
റീലുകൾ
തിരകൾ.
ഞങ്ങൾ കാറിൽ യാത്രയിലാണ്.
പാപനാശം
ശരിക്കും പാപത്തെ നശിപ്പിക്കുമോ?
അല്ലെങ്കിലും പാപമെന്നതൊരു സങ്കൽപമല്ലേ?
കടൽക്കര മന്ത്രോച്ചാരണങ്ങളാൽ
മുഖരിതമായി.
കാക്കകൾ പാറിപ്പറക്കുന്നു.
അച്ഛനെ കടലിനു കൊടുത്ത്
ഞങ്ങൾ യാത്രയായി.
ചിലപ്പോൾ വീടുവെക്കാനുള്ള മണലിൽ
അച്ഛന്റെ ഒരു പൊടിയുണ്ടാകുമെന്ന്
വെറുതെ ആലോചിച്ചു.
മറ്റൊരവസരത്തിൽ
കോഴിക്കോട് ബീച്ചിൽ
കൂട്ടുകാരോടൊത്ത്
കടൽസന്ധ്യ അനുഭവിക്കുന്നു.
ഓർമകൾ
റീലുകൾ
തിരകൾ
ഒരു തിരവന്നെന്നെ ആകെ നനച്ചു.
കടലുമായ് കലരാനോ എന്തോ
ഞാൻ ഉറക്കെക്കരയാൻ തുടങ്ങി
പാറൂന്റെ കോലായിലെ
ചാണക നിലത്ത്
നിലവിളക്ക് കത്തിക്കുമ്പോ
ഉമ്മൂമ്മ വുളുവെടുക്കാനിറങ്ങും.2
പാറൂന്റെ കോലായില്
കിളികളെ ഓടിക്കാൻ കെട്ടിയ
കാക്കച്ചിറകിന്റെ ആട്ടത്തിൽ
വിളക്കിലെ വെളിച്ചത്തെ
മാഞ്ഞും തെളിഞ്ഞും കാണും.
എടി, പാറൂന്ന് ഞാനും
എടി, ആമീന്ന് അവളും
വിളിച്ച് മുഴുമിപ്പിക്കുന്നതോടൊപ്പം
വീടുകൾക്കിടയിലെ
വരമ്പിന്റെ നീളമളക്കും.
പെൺകുട്ട്യോള് അന്തി നേരത്ത്
കണ്ടത്തിലിറങ്ങാമ്പാടില്ലാന്ന്
പാറൂന്റമ്മയും, ഉമ്മൂമ്മയും
നിലവിളിക്കും.
നിലാവത്ത്,
കൊത്തങ്കല്ല് കളിക്കുന്നതും-
സ്വപ്നം കണ്ട്
ഞങ്ങളിരിക്കും.
മുയ്പോളം മുടിമുറിക്കണമെന്ന്
ആശ പറഞ്ഞ ദിവസം
മുഴപ്പിലിരിക്കുന്ന-
മലക്കുകളെ3 അറിയാവോന്ന്
ഉമ്മൂമ്മയുടെ മറുചോദ്യം വന്നു.
വലത് മുതുകിലിരുന്ന് ശരിയും
ഇടത് മുതുകിലിരുന്ന് തെറ്റും
എഴുതുന്ന മലക്കുകള്.
മുടി വെട്ടണോന്ന്,
ജീൻസ് പാന്റിടണോന്ന്,
ബുള്ളറ്റ് ഓടിക്കണോന്ന്,
സ്കൂളില് ഓട്ടമത്സരത്തില് നിക്കണോന്ന്,
എന്റെ ആശകളെല്ലാം,
എന്റെ സ്വപ്നങ്ങളെല്ലാം
മലക്കുകള്
ഇടത് മുതുകിലെഴുതുമെന്ന്
ഭീഷണിപ്പെടുത്തി.
ചുണ്ടിനു ലിപ്സ്റ്റിക്കിട്ടാ4
തുള്ളിച്ചിയാവുമെന്ന് പാറൂന്റമ്മ
കഴുത്തിറക്കമുള്ള കുപ്പായമിട്ടാ
ചുരിദാറിനു ഷോളിടാതിരുന്നാ
മലക്കുകള്
തെറ്റിന്റെ പുസ്തകത്തിലെഴുതുമെന്ന്
പാറൂനോട് ഉമ്മൂമ്മ.
വിമാനം പറപ്പിക്കണോന്ന്
പാറൂന് വല്യ ആശ
പോലീസാവണോന്ന് ആമിക്കും.
പെൺകുട്ട്യോൾക്ക്
പഠിപ്പ് വേണ്ട, ജോലിയും വേണ്ട.
ഒഴിച്ച് കൂട്ടാൻ ഉണ്ടാക്കണം
മത്തിക്കഷ്ണം കല്ലിലിട്ട് പൊരിക്കണം
കുട്ട്യോളെ പെറണം
അയിറ്റിയേളെ വളത്തണം
ആശാസ്വപ്നങ്ങളുടെ മൂട് വെട്ടി
മലക്കുകൾ കൽപിച്ചു.
പാറൂനെ കെട്ടിക്കൊണ്ടോയി,
ആമിക്ക് നിക്കാഹും ആയി.
സ്വപ്നങ്ങളെല്ലാം
അടുപ്പിലെ
വിറക് കൊള്ളിക്കൊപ്പം വച്ചോന്ന്
മുതുക് മറഞ്ഞ് ആരോ ചിരിച്ചു.
അടി വയറ്റില് കെട്ട്യോന്റെ
ചവിട്ട് കൊണ്ട രാത്രി
പാറുവും,
ഉമ്മൂമ്മാന്റെ മയ്യിത്ത്
കാണാൻ വിടൂലാന്ന്
കെട്ട്യോൻ പറഞ്ഞ രാത്രി
ആമിയും
തന്റേതല്ലാത്ത
വീട് കുപ്പായമൂരി വച്ച് നടന്നു.
നിലാവ് നോക്കി,
ചന്ദ്രന്റെ മുഖം നോക്കി,
നക്ഷത്രങ്ങളുടെ ദിശ നോക്കി
നടന്ന്  നടന്ന്
ആമിയും പാറുവും കണ്ടുമുട്ടി.
കാഴ്ചയുടെ ആഹ്ലാദത്തിൽ
ഒറ്റവീർപ്പിൽ
അവരിരുവരും പരസ്പരം
തോളുകളിൽ പിടിച്ചു നിന്നു.
ഓർമയുണ്ടോ,
മുയ്പില് പിടിച്ചാല്
മലക്കുകള് ദേഷ്യപ്പെടൂന്ന്
ഉമ്മൂമ്മ പറഞ്ഞിനേനും,
മുയ്പില് പിടിച്ചാല്
വളർച്ച നിന്ന് കുറ്തായി5 പോവൂന്ന്
പാറൂന്റമ്മയും പറഞ്ഞിനേനും.
കള്ളച്ചിരിയോടെ അവരിരുവരും
രണ്ട് വലത്, രണ്ട് ഇടതെന്ന്
നാല് മുതുകുകളിൽ മാറി മാറി കടിച്ചു.
മൂക്കും മൂക്കും, ചുണ്ടും ചുണ്ടും
ഉടലും ഉടലുമെന്ന് പറഞ്ഞ്
ആമിയും പാറുവും
മുതുകുകളിൽ
മാറി മാറി പിച്ചിയും
മാറി മാറി ചവിട്ടിയും
കെട്ടിപ്പുണർന്നു.
അപ്പോൾ വീശിയ പാതിരാക്കാറ്റിൽ
രണ്ട് പെണ്ണുങ്ങളുടെ
അലർച്ച കേട്ട് ഭയന്ന മലക്കുകൾ
മുതുകുകൾ വിട്ടിറങ്ങിയോടി.
മോഷ്ടിച്ചെടുത്ത് വച്ച
ഒളിച്ചു വച്ച
ഭയപ്പെടുത്തി മറച്ചു വച്ച
അഴുകാത്ത
ഒരു ചാക്ക് സ്വപ്‌നങ്ങൾ
വഴിയിൽ വീണ് ചിതറി...
1. മുയ്പ് –മുതുക്
2. വുളു –പ്രാർഥനക്ക് മുമ്പുള്ള ശരീരം വൃത്തിയാക്കൽ
3. മലക്കുകൾ –മാലാഖമാർ
4. തുള്ളിച്ചി –അഴിഞ്ഞാട്ടക്കാരി
5. കുറുതായി –ചെറുതായി, ഉയരമില്ലാതാവുക
പൂക്കളെ സ്നേഹിക്കരുത്
അവർ ചതിക്കില്ല.
ചതിക്കുന്നവരെ
അവർക്കു സഹിക്കാനാകില്ല.
പൂക്കൾ യഥാർഥത്തിൽ
കരയുന്നുവോ ചിരിക്കുന്നുവോ?
ഓരോ പൂവിനും ഓരോ
നിറം, ഭാവം, അർഥം.
പൂക്കളുണ്ടെങ്കിൽ വരും
ഒരായിരം വണ്ടുകൾ.
മൂളിമൂളി ഭ്രാന്തമായി ചുറ്റിലും
അപ്പോഴൊ മനം കൈവിട്ടുപോയത്?
സർവതും സമർപ്പണം ചെയ്തവൻ*
പ്രണയമില്ലെന്നു കൈവിട്ട മാത്രയോ?
പ്രണയിതന്നെ ചതിച്ചെന്റെയച്ഛനെ
കുത്തിവീഴ്ത്തിയ ക്രൂരനിമിഷമോ?
ഞാൻ ഒഫീലിയ.
പൂക്കളേ, നിങ്ങൾ മാത്രമേ
സത്യം പറയുന്നുള്ളൂ.
എപ്പോഴാണെന്റെ പാവം മനസ്സിന്റെ
ബോധസീമ നേർത്തില്ലാതെയായത്?
പൂക്കളെപ്പറ്റി പാട്ടുകൾ പാടി ഞാൻ
പൂക്കൾ കോർത്തു കിരീടവും ചൂടി ഞാൻ
ലോല ലോകത്തെ രാജ്ഞിയായ് മാറി ഞാൻ.
ഏറെ മോഹിച്ച പൂവു പറിക്കുവാൻ
ആഞ്ഞനേരം അടിതെറ്റി വീണതോ
പൂക്കൾ മാത്രം നിറയുന്ന ലോകത്ത്
ചായുറങ്ങുവാൻ വെള്ളത്തിലൂർന്നതോ?
ആരുമറിയില്ല
ഒരിക്കലുമറിയില്ല
ചങ്കുപൊട്ടിക്കരയുന്ന ജ്യേഷ്ഠനും
വൈകി പ്രണയം പുലമ്പുന്ന രാജനും.
നിങ്ങളാരുമറിയില്ല കളകളം
പാടുമരുവിയിൽ പാതികിടന്നു ഞാൻ
പൂക്കളോടു പറഞ്ഞതും, അതുകേട്ടു
പൂക്കളെന്നോടു ചൊന്ന രഹസ്യവും.
*ഹാംലെറ്റ്
ഷേക്സ്പിയറുടെ ‘ഹാംലെറ്റ്’ എന്ന നാടകത്തിലെ ദുരന്തനായികയാണ് ഒഫീലിയ. രാജകുമാരനായ ഹാംലെറ്റിനോടുള്ള പ്രണയത്തിനും, അച്ഛന്റെയും സഹോദരന്റെയും നിയന്ത്രണങ്ങൾക്കുമിടയിൽപെട്ട് വലയുന്ന ഒരു നിഷ്കളങ്കയായ യുവതിയാണവൾ. ഹാംലെറ്റ് തന്നെ സ്വന്തം അച്ഛനെ വധിച്ചു എന്ന് അറിയുന്നതോടെ അവളുടെ മനസ്സിന്റെ സമനില തെറ്റുന്നു. ഭ്രാന്തിയായ ഒഫീലിയ പൂക്കൾ പറിച്ചും പാട്ടുപാടിയും അലഞ്ഞുതിരിഞ്ഞ് ഒരു അരുവിയിൽ വീണു മരിക്കുന്നു. അത് അപകടമരണമാണോ അതോ ആത്മഹത്യയാണോ എന്നത് ദുരൂഹമായി നിലനിൽക്കുന്നു.
പോകവേ ഒരാൾ വഴിതടഞ്ഞു
പോകവേ ഞാനപ്രത്യക്ഷനായി
ഞാനെങ്ങനെ അപ്രത്യക്ഷനായി
ഞാനെന്നെ അപ്രത്യക്ഷനാക്കി
ഞാനെന്നെ തിരഞ്ഞ് പുറകോട്ട്നോക്കി
അടഞ്ഞമുറികൾ തുറന്നുനോക്കി
വരികൾക്കിടയിൽ പരതിനോക്കി
ഫോണുകൾ ശബ്ദിച്ചു
പരസ്പരം ശബ്ദിച്ചു
തരികളിൽ തരികളായി എന്നെ തിരഞ്ഞുനോക്കി
ലെൻസുകൾ വച്ച് തിരഞ്ഞുനോക്കി
പ്രതലങ്ങളിൽ തൊട്ടുനോക്കി
മണത്തുകൊണ്ട് തിരഞ്ഞുനോക്കി
രുചികളിൽ ഞാനെന്നെ തിരഞ്ഞു
പത്രവാർത്തകളിലെ കുനു കുനുത്ത അക്ഷരങ്ങളെ ഞാൻ പറഞ്ഞു വലുതാക്കി
വിസർജ്യങ്ങളിൽ മാലിന്യങ്ങളിൽ ശബ്ദങ്ങളിൽ ഞാനെന്നെ തിരഞ്ഞു
അനേകായിരം വായകളിൽ ഞാൻ തിരഞ്ഞുനോക്കി
വീടുകൾ കയറിയിറങ്ങി ഞാൻ ചോദിച്ചു
ശൂന്യതകളിൽ ഞാനെന്നെ തിരഞ്ഞു
പ്രാർഥനകളിൽ ഞാനെന്നെ തിരഞ്ഞു
കല്ലറകൾ തുറന്ന് കുരിശടയാളങ്ങളെ വകഞ്ഞുമാറ്റി
ഉയർന്നുനിൽക്കുന്നു പുണ്യവാളന്റെ
പിറകിൽ ഞാൻ തിരഞ്ഞുനോക്കി
അന്വേഷണത്തിൽ മരിച്ചുവെന്നും
കടലാസുരേഖയിൽ ആത്മഹത്യയെന്നും
വാമൊഴിയിൽ കൊലപാതകമെന്നും
ഇനി നടുവെട്ടി കുഴിയെടുത്തതാണോ
അതോ പക നീട്ടി കഴുത്തറത്തതോ
ചിലപ്പോൾ നീർവിഴുത്തി
കൊരലറുത്തതാകാം
അതുമല്ലെങ്കിൽ
ഞെരിച്ചമർത്തി നാക്കറുത്തതാകാം
നടപടിക്രമങ്ങൾ പൂർത്തിയാകാത്ത അളിഞ്ഞ
മൃതദേഹത്തിൽ ഞാനെന്നെ തിരഞ്ഞുനോക്കി
അലപോലെ പുഴുക്കൾ
ഞാൻ സൂക്ഷ്മതയോടെ തിരഞ്ഞുനോക്കി
കൈമടക്കിൽനിന്ന് വിരലുകളെ വേർപെടുത്തി
ഞാനെന്നെ തിരഞ്ഞു
ഞാൻ മുകളിലേക്ക് നോക്കി
ആകാശഗർത്തങ്ങളിൽ ഞാനെന്നെ തിരഞ്ഞു
പ്രളയപ്പെയ്ത്തിൽ ഞാൻ നടന്നു
വേഗത്തിൽ ചുറ്റും കണ്ണോടിച്ച്
തിരിഞ്ഞ്
ചുറ്റുംതിരിഞ്ഞ് ഞാൻ നടന്നു
ഞാൻ ഓടിയോടി
ഞാൻ മാഞ്ഞു
ശരീരത്തിന്റെ തെയ്യ്മാനത്തിൽ
ഞാനപ്രത്യക്ഷനായി
പിറ്റേന്ന് നടപ്പാതയിൽ ഒരാൾ പോകവേ
ഞാനൊരാളെ വഴിതടഞ്ഞു
അയാൾ അപ്രത്യക്ഷനായി
അയാളെങ്ങനെ അപ്രത്യക്ഷനായി.
കൊളോണിയൽ കാലത്ത് നടന്ന സെൻസസിനെ എട്ട് പതിറ്റാണ്ടിനുശേഷം ആശ്രയിക്കേണ്ടിവരുന്നു എന്നത് ഗതികേടാണ് –ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ. 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ മുതൽ 10 വർഷത്തെ ഇടവേളയിൽ കൃത്യമായി രാജ്യത്ത് സെൻസസ് നടത്തിയിരുന്നു. ഇപ്പോൾ പേരിനൊരു സെൻസസ് നടന്നു​െകാണ്ടിരിക്കുന്നുണ്ട്. ഒട്ടും സമഗ്രമല്ലാത്ത ജനസംഖ്യ കണക്കെടുപ്പ് മാത്രമാണ് അത്.
രാജ്യത്ത് സമഗ്രവും ശാസ്ത്രീയവുമായ ജാതി സെൻസസ് നടത്തണമെന്നാണ് കോൺഗ്രസ് അടക്കം വാദിച്ചത്. എന്നാൽ, ജാതിയെ ഉൾപ്പെടുത്താൻ ഭരണകൂടങ്ങൾ തയാറായില്ല. അതിന് കാരണം സുവ്യക്തമാണ്. അനർഹമായി അവകാശങ്ങൾ കൈവശം ​െവച്ചിരിക്കുന്ന സവർണ സമുദായങ്ങൾക്ക് അത് ദോഷകരമാകും. അർഹമായ ​പ്രാതിനിധ്യം ദുർബല-പിന്നാക്ക ജാതികൾക്ക് കൊടുക്കേണ്ടിവരും.
ഇന്ത്യയിലെ മുഴുവൻ ജാതികളെയും കുറിച്ചുള്ള സമഗ്രമായൊരു കണക്ക് ശേഖരിച്ചിട്ട് ഒരു നൂറ്റാണ്ടിനടുത്തായിട്ടുണ്ട്. 1931ലെ സെൻസസ് വിവരങ്ങളിലാണ്  ഇപ്പോഴും ജാതിയെപ്പറ്റിയ ഏത് ചർച്ചക്കും പഠനത്തിനും ആശ്രയം. 1941ലെ സെൻസസിലും ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തര സെൻസസുകളിൽ ജാതിയെക്കുറിച്ച് ചോദ്യങ്ങൾ ചടങ്ങുകൾ മാത്രമായിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവെങ്കിലും രാജ്യത്തെ മുഴുവൻ ജാതികളുടെയും സാമൂഹിക ഘടനയുടെയും സമഗ്രമായ ചിത്രം ഔദ്യോഗിക സെൻസസിലൂടെ പുറത്തുവന്നില്ല.
പാർലമെന്റിനകത്തും പുറത്തും  ജാതി സെൻസസ് മുദ്രാവാക്യം ഉയർന്നതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശരിക്കും സമ്മർദത്തിലായി. 2025 ഏപ്രിൽ 30ന് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി, നടപ്പു സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഭ​​വ​​ന സെ​​ൻ​​സ​​സ് ക​​ഴി​​ഞ്ഞ് രാ​​ജ്യം വ്യ​​ക്തി​​ഗ​​ത സെ​​ൻ​​സ​​സി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി, വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു​​ള്ള 40 ചോ​​ദ്യ​​ങ്ങ​​ൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാർ വി​​ജ്ഞാ​​പ​​നം ചെ​​യ്തു. അപ്പോൾ ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസി​ന്റെ ആത്യന്തിക ലക്ഷ്യ​ങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ സെൻസസിലും സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.
നിലവിലെ സെൻസസിൽ പേരിനൊരു ജാതി ചോദിക്കുന്നുണ്ട്. ആ നിലയിൽ ജാതി എണ്ണപ്പെടുന്നുണ്ട്; പക്ഷേ, അത് എങ്ങനെ എണ്ണുമെന്നതാണ് പ്രസക്തം. ഓ​​രോ സം​​സ്ഥാ​​ന​​ത്തു​​മു​​ള്ള വ്യ​​ത്യ​​സ്ത ജാ​​തി​​ക​​ളു​​ടെ​​യും ഉ​​പ​​ജാ​​തി​​ക​​ളു​​ടെ​​യും പ​​ട്ടി​​ക എ​​ന്യൂ​​മ​​റേ​​റ്റ​​ർ​​മാ​​ർ​​ക്ക് ന​​ൽ​​കാ​​തെ, പൗ​​ര​​ന്മാ​​രോ​​ട് ജാ​​തി​​ചോ​​ദി​​ച്ച് അ​​വ​​ർ പ​​റ​​യു​​ന്ന​​തെന്തോ അത് രേ​​ഖ​​പ്പെ​​ടു​​ത്താ​​നാണ് നിർദേശം. ഒരേ സാമൂഹിക വിഭാഗം ഒരോ സംസ്ഥാനങ്ങളിലും പല പേരുകളിലായിരിക്കും അറിയപ്പെടുക. ചിലയിടങ്ങളി​​ലെ ജാതി മറ്റു പ്രദേശങ്ങളിൽ ഉപജാതിയുടെ പേരായിരിക്കും; അത് മറ്റു സംസ്ഥാനങ്ങളിൽ കുടുംബപ്പേരുമാകാം.
ഭാഷയും ലിപിയും മാറുമ്പോൾ ഒരേ പേരിന് വിവിധ ഉച്ചാരണങ്ങളും വരാം. 140 കോടിയിലധികം മനുഷ്യരിൽനിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പിന്നീട് ഏകീകരിച്ച് വിശ്വസനീയമായ സാമൂഹിക സ്ഥിതിവിവര കണക്കാക്കി മാറ്റുക അത്യന്തം സങ്കീർണമാണ്. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽതന്നെ രാജ്യം തിരിച്ചറിഞ്ഞതാണ്. അന്ന് ജാതി രേഖപ്പെടുത്തിയപ്പോൾ 47 ലക്ഷം വ്യത്യസ്ത ജാതി പേരുകളും രൂപഭേദങ്ങളും അടയാളപ്പെടുത്തേണ്ടിവന്നുവെന്നതും ഓർക്കുക. അപ്പോഴാണ് പേരിനുള്ള ജാതി ചോദിക്കൽ. കാട്ടിക്കൂട്ടലുകളോ പ്രഹസനമോ അല്ല വേണ്ടത്. സമഗ്രമായ ജാതി സെൻസസാണ്. അതാണ് ചോദ്യവും ഉത്തരവും.
ഹൃദയത്തിന്റെ ഉൾത്തട്ടിൽനിന്നും പിറന്ന ഗാനങ്ങൾ
‘‘മേരെ നയ്‌നാ സാവൻ ഭാദോം...’’ എന്ന ‘മെഹബൂബ’ സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചുള്ള രവി മേനോന്റെ ലേഖനം (ലക്കം 1485) വായിച്ചു. ഈ ലേഖനത്തിന് അനുബന്ധമായി ചില കാര്യങ്ങൾകൂടി പറയാം. ഇതിൽ കഴിഞ്ഞ തലമുറയിലെ മുഹമ്മദ് റഫി, കിഷോർ കുമാർ എന്നീ രണ്ടു ഗായകർ തമ്മിലുള്ള അനശ്വര സൗഹൃദത്തിന്റെ കഥയുമുണ്ട്. മുഹമ്മദ് റഫിയേക്കാളും അഞ്ചു വയസ്സിന് ഇളപ്പമാണ് അബ്ഹാസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാറിന്. 1976ൽ, അടിയന്തരാവസ്ഥക്കാലത്ത്, എഴുപതുകളുടെ മധ്യത്തിൽ പിന്നണിഗാനരംഗത്ത് കിഷോർ കുമാറായിരുന്നു മുഹമ്മദ് റഫിയേക്കാളും മുന്നിട്ടുനിന്നത്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ സഞ്ജയ് ഗാന്ധിയും വാർത്താവിതരണ വകുപ്പ് മന്ത്രി വി.സി. ശുക്ലയും പാർട്ടി ഫണ്ടിന് പണം പിരിക്കാൻ ഗാനമേള നടത്താൻ കിഷോർ കുമാറിനെ ക്ഷണിച്ചു.
എന്നാൽ, പ്രതിഫലം തരാതെ താൻ പാടില്ലെന്ന് കിഷോർ കുമാർ നിബന്ധന വെച്ചു. അതിന്റെ ഫലമായി കിഷോറിന്റെ ഒരൊറ്റ ഗാനംപോലും ആകാശവാണി നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യരുതെന്ന് സഞ്ജയ് ഗാന്ധി ഉത്തരവിട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നുവെങ്കിലും നിയന്ത്രണം ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ കൈയിൽ ആയിരുന്നു. ഏതാനും ആഴ്‌ചകൾക്ക് ശേഷം മുഹമ്മദ് റഫി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ടു ഈ നിർദേശം പിൻവലിപ്പിച്ചു. താൻ പാർട്ടി ഫണ്ടിങ് നടത്താൻ വേണ്ടി സൗജന്യമായി ഗാനങ്ങൾ ആലപിക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കിഷോർ കുമാറിനെതിരെയുള്ള ആകാശവാണി ഉപരോധം അവസാനിച്ചു. ഇങ്ങനെ ഒരു സൗഹൃദവും ഇവർ തമ്മിലുണ്ട്.
‘മെഹബൂബ’യിലെ ആനന്ദ് ബക്ഷി എഴുതിയ അഞ്ചു ഗാനങ്ങളിൽ ഈ സൂചിപ്പിച്ച ഗാനം രണ്ടു വേർഷനിൽ ആയിരുന്നു. പക്ഷേ ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കർ പാടിയ ഈ ഗാനത്തേക്കാൾ അവർ തന്നെ പാടിയ ‘‘പർബത് കേ പീഛേ...’’ എന്ന യുഗ്മഗാനവും ‘‘മേരേ നയ്‌നാ സാവൻ ഭാദോം...’’ എന്ന ഗാനവുമാണ് സൂപ്പർ ഹിറ്റുകൾ. അനേകം പ്രാവശ്യം ശ്രമിച്ചിട്ടും തനിക്ക് പാടി പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഈ ഗാനം മുഹമ്മദ് റഫിയെക്കൊണ്ട് പാടിപ്പിക്കാനായിരുന്നു കിഷോർ കുമാർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്.
അത് ഗാനം ട്യൂൺ ചെയ്ത രാഹുൽ ദേവ് ബർമനോട് പറയുകയും ചെയ്തു. കാരണം, ഗാനം കിഷോർ കുമാറിന് പാടി പ്രതിഫലിപ്പിക്കാൻ കഴിയുമോ എന്ന് സംവിധായകൻ ശക്തി സാമന്തക്ക് പോലും സംശയമുണ്ടായിരുന്നു. അതേസമയം രാജേഷ് ഖന്നക്കാണെങ്കിൽ കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്ന് നിർബന്ധവും. ശക്തി സാമന്തയുടെ തന്നെ ‘ആരാധന’യിലൂടെയാണല്ലോ രാജേഷ് ഖന്ന-കിഷോർ കുമാർ കോംബോ പ്രശസ്‌തമായത്. അങ്ങനെ രാജേഷ് ഖന്നയുടെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും കൂടിയാലോചിച്ച് ഒരു നിർദേശം വെച്ചു. ആദ്യം ലതാജി പാടട്ടെ, പിന്നീട് താൻ പാടാം എന്നായി കിഷോർ. അങ്ങനെ ആദ്യം ലതാ മങ്കേഷ്‌കറെക്കൊണ്ട് പാടി റെക്കോഡ് ചെയ്യിപ്പിച്ചു. അത് കേട്ടു പഠിച്ചും വിലയിരുത്തിക്കൊണ്ടുമാണ് ഈ ഗാനം കിഷോർ കുമാർ ആലപിച്ചത്. അത് ചരിത്രം.
എന്നാൽ 1971ൽ, രാജേഷ് ഖന്നക്കുവേണ്ടി തന്നെ ഇതേ ശൈലിയിൽ ഒരു ഗാനം കിഷോർ കുമാർ പഠിച്ച പണി പതിനെട്ടെടുത്തിട്ടും പാടി യാഥാർഥ്യമാക്കാൻ പറ്റിയില്ല. ‘ഹാഥി മേരേ സാഥി’യിലെ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ...’’ എന്ന ക്ലൈമാക്‌സ് രംഗത്തിലെ ഗാനം. ലതാ മങ്കേഷ്‌കറോടൊപ്പമുള്ള അഞ്ച് യുഗ്മഗാനങ്ങൾ പാടി റെക്കോഡ് ചെയ്തിട്ടും ചിത്രത്തിലെ അവസാന ഗാനമായ മേൽപ്പറഞ്ഞ ഗാനം പലവട്ടം ശ്രമിച്ചിട്ടും കിഷോർ കുമാറിന് പാടാൻ കഴിഞ്ഞില്ല. കാര്യം ഇങ്ങനെയായപ്പോൾ രാജേഷ് ഖന്ന തന്നെ പറഞ്ഞു, എന്നാൽ നമ്മൾക്ക് ആ ഗാനം അങ്ങ് ഒഴിവാക്കാം. അപ്പോൾ പാട്ടെഴുതിയ ആനന്ദ് ബക്ഷി പറഞ്ഞത്, ഈ ഗാനം ചിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് താൻ എഴുതിയിട്ടുള്ളതാണ്, ഇതൊരിക്കലും ഒഴിവാക്കാൻ പാടില്ല എന്നാണ്. അങ്ങനെ എല്ലാവരും ചേർന്ന് കൂടിയാലോചിച്ചു എന്നാൽ മറ്റൊരാളെക്കൊണ്ട് പാടിക്കാം എന്ന് തീരുമാനിച്ചു.
പക്ഷേ, എന്നിട്ടും രാജേഷ് ഖന്ന സമ്മതിച്ചില്ല. തനിക്ക് കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്നായി. കിഷോറിനെക്കൊണ്ടായില്ലെങ്കിൽ ആ ഗാനമേ ചിത്രത്തിൽ വേണ്ടെന്നും പറഞ്ഞു. അപ്പോഴാണ് ആനന്ദ് ബക്ഷി തന്റെ അഭിപ്രായം പറഞ്ഞത്, ‘‘റഫി സാബിനെക്കൊണ്ട് നമുക്ക് പാടിക്കാൻ ശ്രമിക്കാം.’’ അങ്ങനെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ മുഹമ്മദ് റഫിയെ സമീപിച്ചു. സംഭവമെല്ലാം വിശദീകരിച്ചു കേട്ടതിനു ശേഷം മുഹമ്മദ് റഫി സമ്മതിച്ചു. റഫിയുടെ സ്ഥാനത്ത് മറ്റേതു ഗായകൻ ആണെങ്കിലും, താൻ പാടില്ലെന്ന് പറഞ്ഞു നിർബന്ധം പിടിക്കുമായിരുന്നു. അങ്ങനെ പാടി റെക്കോഡ് ചെയ്ത ഗാനമാണ് ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഹിറ്റായ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ പ്യാർ കി ദുനിയാ മേം ഖുശ് രഹനാ മേരേ യാർ...’’
ചിത്രത്തിലെ എല്ലാ ഗാനങ്ങളെയും പിന്നിലാക്കി ഈയൊരു ഗാനം സൂപ്പർ ഹിറ്റായി. ഈ ഗാനരംഗത്ത് രാജേഷ് ഖന്നയുടെ അഭിനയം കണ്ട് തിയറ്ററിൽ പൊട്ടിക്കരയാത്ത സ്ത്രീജനങ്ങൾ പ്രേക്ഷകരിൽ അപൂർവമായിരുന്നുവെന്ന് അമീൻ സയാനി പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ‘‘നഫ്രത് കി ദുനിയാ...’’ സൂപ്പർ ഹിറ്റായി മാറുന്നതും ആ വർഷത്തെ ബിനാകാ ഗീത് മാല ടോപ് ടെന്നിൽ ഉൾപ്പെടുന്നതും. ‘ഹാഥി മേരേ സാഥി’യിലെ മറ്റൊരു ഗാനവും ബിനാകാ ഗീത് മാലയിൽ ഉൾപ്പെട്ടിട്ടില്ല.  ഒരേ സോളോ ഗാനം തന്നെ രണ്ട് വേർഷനിൽ രണ്ടു ഗായകർ പാടുമ്പോൾ സൂപ്പർ ഹിറ്റാകുന്നത് എപ്പോഴും കിഷോർ കുമാറിന്റെ ഗാനമായിരിക്കും; അത് പുരുഷ ശബ്ദമായാലും സ്ത്രീ ശബ്ദത്തിൽ പാടിയാലും. ‘മെഹബൂബ’യിൽ സംഭവിച്ചതും ഇതുതന്നെയാണ്. കിഷോർ കുമാറിന്റെ, തന്റെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ തട്ടിയുള്ള ഗാനാലാപനത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഇതേ ഗാനം തന്നെ നിഷ്പ്രഭമായി എന്ന് പറയാം.
‘‘മേരെ നയ്‌നാ...’’ കൂടാതെ, 1962ലെ ‘രംഗോലി’ എന്ന ചിത്രത്തിൽ ‘‘ഛോട്ടീ സി യെ ദുനിയാ...’’ എന്ന് ആരംഭിക്കുന്ന ശങ്കർ-ജയ്കിഷൻ കമ്പോസ് ചെയ്‌ത ഒരു സോളോ ഉണ്ട്. യഥാക്രമം കിഷോർ കുമാറും, വൈജയന്തിമാലക്ക് വേണ്ടി ലതാ മങ്കേഷ്‌കറും പാടിയത്. പക്ഷേ ഹിറ്റായതും പഴയ തലമുറ ഓർക്കുന്നതുമായ ഗാനം കിഷോർ കുമാറിന്റേതാണ്. ദേവ് ആനന്ദിന്റെ ‘ഹരേ രാമ ഹരേ കൃഷ്‌ണ’യിൽ ‘‘ഫൂലോം കാ താരോം കാ...’’ എന്ന ഹിറ്റ് ഗാനം ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കറും മെയിൽ വേർഷനിൽ കിഷോർ കുമാറും പാടി. എന്നാൽ ഹിറ്റായത് കിഷോർ കുമാറിന്റേത്!
1979ലെ ‘മൻസിൽ’ എന്ന ചിത്രത്തിലെ ഒരു യഥാർഥ മഴക്കാലത്ത് അമിതാഭ് ബച്ചനും ജയാ ബച്ചനും കൂടി അഭിനയിച്ചു ഷൂട്ട് ചെയ്ത ഒരു ഗാനമുണ്ട്, ‘‘രിംഝിം ഗിരെ സാവൻ...’’ എന്ന് തുടങ്ങുന്നത്. ഇതേ ഗാനം മറ്റൊരു വേർഷൻ ലതാ മങ്കേഷ്‌കറുടേതുമായുണ്ട്. പക്ഷേ ഹിറ്റായത് കിഷോർ കുമാറിന്റേത് മാത്രം. എന്തിനധികം, ‘പ്യാർ കാ മൗസം’ എന്ന ചിത്രത്തിൽ ‘‘തും ബിൻ ജാവൂം കഹാം’’ എന്ന ഗാനം മുഹമ്മദ് റഫിയും കിഷോർ കുമാറും വെവ്വേറെ പാടിയിട്ടുണ്ട്. ശശി കപൂറിനു വേണ്ടിയായിരുന്നു മുഹമ്മദ് റഫി പാടിയത്; കിഷോർ കുമാർ പാടിയത് ഭാരത് ഭൂഷണു വേണ്ടി (കുറിപ്പിൽ ‘ഗുരുദത്തിന്’ എന്ന് നൽകിയത്). പക്ഷേ കിഷോർ കുമാറിന്റെ വേർഷനാണ് ഹിറ്റായത്.
അതേസമയം മുഹമ്മദ് റഫി തന്നെ ചില ഗാനങ്ങൾ തനിക്ക് പാടി ഫലിപ്പിക്കാൻ കഴിയാത്തത് കിഷോർ കുമാറിന് പാടാൻ വേണ്ടി തിരിച്ചുവിട്ടിട്ടുമുണ്ട്. ദുലാൽ ഗുഹ സംവിധാനം ചെയ്ത് 1974ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ദോസ്ത്’. ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയുമായിരുന്നു പ്രധാന നടന്മാർ. (ഈ ചിത്രം ‘പരിവർത്തനം’ എന്ന പേരിൽ 1976ൽ മലയാളത്തിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്). ഇതിന്റെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ (എൽ.പി.), ചിത്രത്തിലെ നാലു ഗാനങ്ങളും പാടാൻ തീരുമാനിച്ചത് റഫിയെക്കൊണ്ടും ലതാ മങ്കേഷ്‌കറെക്കൊണ്ടും ആയിരുന്നു. മൂന്നു ഗാനങ്ങളും റെക്കോഡ് ചെയ്തു കഴിഞ്ഞ് മുഹമ്മദ് റഫി, ‘‘ഗാഡി ബുലാ രഹീ ഹേ...’’ എന്ന സോളോയുടെ ട്യൂൺ കേട്ട മാത്രയിൽ തന്നെ എൽ.പിയോട് പറഞ്ഞു: ‘‘ഇത് കിഷോറിനെക്കൊണ്ട് പാടിക്കുന്നതാണ് നല്ലത്; നല്ലതെന്ന് മാത്രമല്ല കിഷോറിന് മാത്രമേ ഇത് പാടാൻ കഴിയൂ...’’  അൽപസമയത്തെ നിശ്ശബ്‌ദതക്കുശേഷം അവർ പറഞ്ഞു: ‘‘ശരി, കിഷോർദായോട് ചോദിച്ചു നോക്കാം.’’ കിഷോറിനെ സമീപിച്ചു ലക്ഷ്‌മികാന്ത്-പ്യാരേലാൽമാർ ഇത് പറഞ്ഞപ്പോൾ കിഷോർദാ അത്ഭുതപ്പെട്ടു. മൂന്നു വർഷം മുമ്പ് റഫി സാബിനെ ‘‘നഫ്രത് കി ദുനിയാ...’’ പാടാൻ അഡ്വൈസ് ചെയ്ത കാര്യം എൽ.പിമാരെ ഓർമിപ്പിച്ചു.
അങ്ങനെ അദ്ദേഹം പാടിയ ഗാനമാണ് ‘‘ഗാഡി ബുലാ രഹീ ഹേ സീറ്റീ ബജാ രഹീ ഹേ...’’. മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും പാടിയ ഗാനങ്ങളേക്കാളും ‘ദോസ്‌തി’ൽ ഏറ്റവും കൂടുതൽ ഹിറ്റായത് കിഷോർ കുമാർ പാടിയ ഈ ഗാനമായിരുന്നു. ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരത്തിന് വേണ്ടി നോമിനേഷൻ ലഭിച്ചത് കിഷോർ കുമാറിന്റെ ഈ ഒരു ഗാനത്തിനും ‘രജ്നിഗന്ധ’യിലെ ‘‘കയി ബാർ യുഹീ ദേഖാ ഹേ...’’ എന്ന ഗാനത്തിനുമായിരുന്നു (കുറിപ്പിൽ ‘കോരാ കാഗസ്’ എന്ന് പരാമർശിച്ചിരിക്കുന്നു). പക്ഷേ രണ്ടിനും ലഭിക്കാതെ, ‘രശ്മി ബന്ധൻ’/‘രജ്നിഗന്ധ’ തരംഗങ്ങൾക്കിടയിൽ ‘കഭീ കഭീ’യിലെ ടൈറ്റിൽ ഗാനം പാടിയ മുകേഷിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഫിലിം ഫെയർ പുരസ്‌കാര നോമിനേഷൻപോലും തങ്ങളൊരു അഭിമാനമായാണ് ഹിന്ദി സിനിമ വേദിയിലെ പ്രശസ്‌തർ കരുതുന്നത്. മുഹമ്മദ് റഫി, ഗായകനും നടനുമായ കിഷോർ കുമാറിനു വേണ്ടി പത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് വളരെ രസകരമായ ഒരു ചരിത്രമാണ്.
1956ലെ ‘ഭഗം ഭാഗ്’ എന്ന ചിത്രത്തിലെ ആറു ഗാനങ്ങളിൽ കിഷോർ കുമാറിനു വേണ്ടി പിന്നണി പറഞ്ഞിട്ടുള്ള നാലു ഗാനങ്ങളും മുഹമ്മദ് റഫിയാണ് പാടിയത്. അന്ന് പിന്നണിഗാനരംഗത്തും അഭിനയത്തിലും രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കുകയായിരുന്നു കിഷോർ കുമാർ.  1958ലെ ‘രാഗിണി’ എന്ന ചിത്രത്തിൽ കിഷോർ കുമാറും പത്മിനിയും ചേർന്ന് അഭിനയിച്ച രംഗങ്ങളിലെ ഒരു ഗാനം ഒഴിച്ച് ബാക്കിയെല്ലാം സ്വയം കിഷോർ കുമാർ ആയിരുന്നു പാടിയത്. ‘‘മൻ മോരാ ബാവ്രാ...’’ എന്ന ഠുമ്രി തനിക്ക് പാടാൻ കഴിയില്ലെന്നും, ആ ഗാനം മുഹമ്മദ് റഫിക്ക് മാത്രമേ പാടാൻ കഴിയുകയുള്ളൂ എന്നും കമ്പോസർ ഒ.പി. നയ്യാരോട് കിഷോർ കുമാർ അഭ്യർഥിച്ചു. കാരണം അത് ‘‘മധുബൻ മേം രാധികാ നാചേ റേ...’’ ടൈപ് ഠുമ്രിയായിരുന്നു.
അങ്ങനെ ആ ചിത്രത്തിലും കിഷോർ കുമാറിനു വേണ്ടി റഫി ഒരു പാട്ടു പാടി.  1959ൽ റിലീസ് ചെയ്‌ത ‘ശരാരത്ത്’ എന്ന ചിത്രത്തിൽ കിഷോർ കുമാറിനുവേണ്ടി കിഷോർ കുമാറിന്റെ നിർബന്ധത്താൽ തന്നെ മുഹമ്മദ് റഫിയെക്കൊണ്ട് ഒരു സോളോ പാടിപ്പിച്ചിട്ടുണ്ട്. ‘‘അജബ് ഹേ ദാസ്താൻ തേരി യേ സിന്ദഗി’’ എന്ന് തുടങ്ങുന്ന ഗാനം. വളരെ സെന്റിമെന്റലായി പാടേണ്ട ഈ ഗാനം, കമ്പോസർമാരായ ശങ്കർ-ജയ്കിഷന്മാരെ നിർബന്ധിച്ച് സ്വാധീനം ചെലുത്തിക്കൊണ്ടാണ് കിഷോർ കുമാർ റഫിയെക്കൊണ്ട് പാടിപ്പിച്ചത്.
സംഗീതപ്രേമികൾക്ക് ഒരു ഗായകൻ എന്ന നിലയിൽ കിഷോർ കുമാറിനോട് സഹതാപം തോന്നിയ ഒരു ഗാനമാണ് ‘കുദ്റത്’ (KUDRAT) എന്ന ചിത്രത്തിലെ രാജേഷ് ഖന്നക്കുവേണ്ടി പാടിയ ‘‘ഹമേം തുംസേ പ്യാർ കിത്നാ...’’ എന്ന ഗാനം. ‘‘മേരാ ജീവൻ കോരാ കാഗസ്...’’, ‘‘മേരേ നയ്‌നാ...’’ പോലെതന്നെ വളരെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ നിന്നും ആത്മാർഥമായി പാടിയ ഒരു ഗാനമാണ് ഇതും. പക്ഷേ ഇതിന്റെ ഫീമെയിൽ വേർഷനായ പർവീൺ സുൽത്താന പാടിയ ഗാനത്തിനാണ് അന്ന് ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. ഏതൊരാളും പ്രതീക്ഷിച്ചത് കിഷോർ കുമാറിന് തന്നെയായിരിക്കും പുരസ്‌കാരം എന്നായിരുന്നു. കാരണം ‘കുദ്റത്തി’ലെ ഈ രണ്ടു ഗാനങ്ങളും മത്സരത്തിന് അയച്ചിരുന്നു.
കരീംലാല പി.കെ, കൈപ്പമംഗലം
സഹജീവി സ്നേഹമില്ലാത്ത മാധ്യമങ്ങൾ
‘മീഡിയാസ്കാനി’ൽ യാസീൻ അശ്റഫ് എഴുതിയ ‘പച്ചക്കുതിരക്ക് ഒരു സ്ട്രെസൻഡ്  ബോണസ്’ എന്ന കുറിപ്പ്  (ലക്കം 1477) വായിച്ചു. കേരളത്തിലെ പത്രമാധ്യമങ്ങൾക്ക് സഹജീവികളായ മറ്റു മാധ്യമങ്ങളോട് ഒരുവിധ സ്നേഹമോ പരിഗണനയോ കരുതലോ ഇല്ലെന്നതിന്റെ ഒരു തെളിവാണ് ‘പച്ചക്കുതിര’ മാസികയുടെ പേര് ഒഴിവാക്കിയുള്ള ഈ രീതിയിലുള്ള എഴുത്ത്. ഈ ശീലക്കേട് മാധ്യമങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. ഈ തെറ്റായ മാധ്യമശൈലി ഒഴിവാക്കാൻ മാധ്യമങ്ങൾ തയാറാകേണ്ടതുണ്ട്. കൂട്ടത്തിൽ പറയട്ടെ,  പ്രമുഖ വ്യക്തികളുടെ ചരമവാർത്തയിൽ ‘ഒരു സ്വകാര്യ ആശുപത്രിയിൽ ​െവച്ചായിരുന്നു അന്ത്യം’ എന്ന് റിപ്പോർട്ട് ചെയ്യുന്നതാണ് പതിവുരീതി.
കേരളത്തിൽ സ്വന്തമായി പേരില്ലാത്ത സ്വകാര്യ ആശുപത്രി ഉള്ളതായി കേട്ടിട്ടില്ല. പിന്നെയെന്തിനാണ് മരണം നടന്ന സ്വകാര്യ ആശുപത്രിയുടെ പേര് മാധ്യമങ്ങൾ സ്വകാര്യമാക്കി വെക്കുന്നത്. മരിച്ചയാളുടെ ഇതിനേക്കാൾ അപ്രധാനമായ പല വിവരങ്ങളും വളരെ വിശദമായിതന്നെ ചരമവാർത്തകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സ്വകാര്യ ആശുപത്രികളോടുള്ള ഭയം പത്രമാധ്യമങ്ങൾക്ക് ഒഴിവാക്കി കിട്ടാൻ ഫലപ്രദമായ ചികിത്സ അനിവാര്യമാണ്.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ