റാങ്ക്​ പട്ടികയിൽ നിന്ന്​ ഒഴിവാകൽ; മനുഷ്യാവകാശ കമീഷൻ ഉത്തരവ്​ പി.എസ്​.സി പാലിക്കുന്നില്ല

  • ഉദ്യോഗാർഥിക്ക്​ വിലങ്ങുതടിയായി കാലഹരണപ്പെട്ട നിരവധി നൂലാമാലകൾ​

പി.എ.എം ബഷീർ
09:31 AM
04/07/2020
psc kerala

തൃശൂർ: പി.എസ്​.സിയുടെ ഒന്നിലേറെ റാങ്ക്​ പട്ടികകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് അനുയോജ്യമായ ഉയർന്ന തസ്​തിക നിലനിർത്തി ഇതര പട്ടികകളിൽനിന്നും ഒഴിവാകാനുള്ള പ്രക്രിയയിൽ സങ്കീർണത തുടരുന്നു. ഒന്നിൽ കൂടുതൽ പട്ടികയിലുള്ളവർക്ക്​ താൽപര്യമില്ലാത്ത ജോലി അടുത്ത റാങ്കുകാരന് നൽകുന്നതിന് വിരോധമില്ലെന്ന്​ എഴുതി നൽകുന്ന പ്രക്രിയക്ക്​ ‘ഡിലീഷൻ’ എന്നാണ്​ സാ​േങ്കതിക പേര്​. 

റാങ്ക് പട്ടികയിൽനിന്ന്​ ഒഴിവാകുന്നതിന്​ കാലഹരണപ്പെട്ട നിരവധി നൂലാമാലകൾ​ ഉദ്യോഗാർഥിക്ക്​ വിലങ്ങുതടിയാവുകയാണ്​. പി.എസ്​.സി വെബ്​സൈറ്റിലെ പ്രൊഫൈലിൽ ഇതിന്​ സൗകര്യം നൽകണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​ നടപ്പാക്കാത്തതിനാൽ​  ഉദ്യോഗാർഥികൾ വലയുകയാണ്​. സത്യവാങ്​മൂലം, സമ്മതപത്രം എന്നിവ ഗസറ്റഡ് ഓഫിസറുടെ മുന്നിൽ ഒപ്പിട്ട്​ നോട്ടറി സാക്ഷ്യപ്പെടുത്തി പി.എസ്​.സി ഓഫിസിൽ സമർപ്പിച്ചാലേ നിലവിൽ പ്രക്രിയ പൂർത്തിയാവൂ.

ഇതിന് ചുരുങ്ങിയത് 1,000 രൂപ വരെ ചെലവു വരും. 50, 100 രൂപ വിലവരുന്ന മുദ്രപത്രങ്ങൾ ആവശ്യമാണ്. ഇവ ഇല്ലെങ്കിൽ 500 രൂപയുടെയും ചിലപ്പോൾ വാങ്ങേണ്ടിവരും. മാത്രമല്ല, മറ്റു ജോലിയുള്ള ഉദ്യോഗാർഥിയെ കണ്ടെത്തി അവരിൽനിന്ന്​ സമ്മതപത്രം, മുദ്രപത്രം എന്നിവ ഒപ്പിട്ടുവാങ്ങണം. മുദ്രപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്താൻ 300 രൂപ മുതലാണ്​ ചെലവ്. ചുരുക്കത്തിൽ ഒരു ഡിലീഷന്​ 700 മുതൽ 1000 രൂപ വരെ തൊഴിൽ രഹിത ഉദ്യോഗാർഥി ചെലവാക്കണം. പലതവണ യാത്രയും വേണം.

പി.എസ്​.സിക്ക് വെബ്​പ്ലാറ്റ്​ഫോം ഉണ്ടായിട്ടും ഉദ്യോഗാർഥിക്ക്​ ഒാൺലൈനിലൂടെ റാങ്ക് പട്ടികയിൽനിന്ന്​ ഒഴിവാകാൻ സൗകര്യം ഒരുക്കാത്തത്​ വിരോധാഭാസമാണ്. ഓരോ ഉദ്യോഗാർഥിക്കും പാസ്​വേഡ്​ സംരക്ഷണമുള്ള പ്രൊഫൈലാണ് ​സൈറ്റിലുള്ളത്. അതിനാൽ പ്രയാസമില്ലാതെ പട്ടികയിൽനിന്ന്​ വിടുതൽ തേടാൻ സാധിക്കും. 

ഒാൺലൈനിലൂടെ പട്ടികയിൽനിന്ന്​ ഒഴിവാകാൻ പി.എസ്​.സിയിൽ രജിസ്​റ്റർ ചെയ്ത മൊബൈൽ ഫോണിൽ രണ്ടുതവണ ഒ.ടി.പി നൽകി അത് ടൈപ്പ് ചെയ്താൽ നടപടി പൂർത്തിയാവുംവിധം ഒപ്​ഷൻ കൊണ്ടുവന്നാൽ മതി. ഇതിനൊന്നും മുതിരാത്തതിനാൽ നോട്ട്​ ജോയിനിങ്​ ഡ്യൂട്ടി (എൻ.ജി.ഡി) ഒഴിവുകൾ യഥാസമയം റിപ്പോർട്ട്​ ചെയ്യാനാവാത്ത സാഹചര്യമാണ്​. ഇത്​ പട്ടികയിലുള്ളവരുടെ അവസരം​ നഷ്​ടപ്പെടുത്തുന്നു​.

Loading...
COMMENTS