പ്രൈമറികുട്ടികള്‍ക്ക് ഐ.ടി പഠനത്തിന് ‘കളിപ്പെട്ടി’ ഒരുങ്ങി

23:36 PM
09/10/2016
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പുതിയ ഐ.ടി പാഠപുസ്തകങ്ങള്‍ തയാറായി. ‘കളിപ്പെട്ടി’ എന്ന പേരില്‍ കളികള്‍ പോലും അര്‍ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന ‘എജുടെയിന്‍മെന്‍റ്’ രീതിയിലാണ് പുസ്തകം. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് നേടാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തേ പ്രൈമറിതലത്തില്‍ പുസ്തകമുണ്ടായിരുന്നെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം നിര്‍ത്തി. പ്രൈമറി തലത്തില്‍ ഐ.ടി പഠനം ശക്തമാക്കാന്‍ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചിരുന്നു. ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതിയാണ് പുസ്തകം തയാറാക്കിയത്. നവംബര്‍ മുതല്‍ സ്കൂളുകളില്‍ വിതരണം ചെയ്യുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിനുപകരം സ്വയംപ്രവര്‍ത്തനത്തിലൂടെയും കളികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും രസകരമായ കണ്ടത്തെലുകള്‍ നടത്തുകയാണ് ലക്ഷ്യം.

പ്രൈമറിയിലെ ഗണിതപുസ്തകത്തില്‍ അവതരിപ്പിച്ച ചതുഷ്ക്രിയകളുടെ പരിശീലനത്തിന് പ്രയോഗിക്കാവുന്ന കളികള്‍, മറ്റ് പാഠപുസ്തകങ്ങളിലെ വായന, ചിത്രവായന, കഥാചിത്രം, അടിക്കുറിപ്പ് തയാറാക്കല്‍, സംഖ്യാവ്യാഖ്യാനം, സമഭാഷണം, നിറങ്ങളെക്കുറിച്ച അവബോധം തുടങ്ങി ഓരോ ഘട്ടത്തിലും കുട്ടികള്‍ ആര്‍ജിക്കേണ്ട നൈപുണികള്‍ ഉറപ്പുവരുന്ന രീതിയിലാണ് പുസ്തകത്തിലെ കളികള്‍. അധ്യാപകര്‍ക്ക് പാഠാവതരണത്തിലെ പ്രവേശിക, പ്രചോദനം, മൂല്യനിര്‍ണയം എന്നിവക്കും പുസ്തകത്തിലെ പ്രവര്‍ത്തനം ഉപയോഗിക്കാം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി പഠനം സാധ്യമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു.
രണ്ടുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന വിദ്യാഭ്യാസകളികളുടെ കൂട്ടായ്മ ജികോംപ്രിസ്, യുക്തിചിന്ത, പരസ്പരബന്ധം, ഓര്‍മശക്തി തുടങ്ങിയവ പരിപോഷിപ്പിക്കുന്ന പൈസിയോ ഗെയിം, ഓംനിടക്സ്, ടക്സ്പെയിന്‍റ്, പദകേളിക്കായി ഉപയോഗിക്കാവുന്ന അനഗ്രാമരമ, മലയാളം ടൈപ്പിങ് പരിശീലിപ്പിക്കുന്ന കെടെച്ച് തുടങ്ങിയ ഗെയിമുകളും പുസ്തകത്തിലുണ്ട്. കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിദ്യാഭ്യാസ സോഫ്റ്റ്വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തി ഐ.ടി @സ്കൂള്‍ തയാറാക്കിയ ഓപറേറ്റിങ് സിസ്റ്റവും അധ്യാപകര്‍ക്ക് നല്‍കും. നൂറുകണക്കിന് അഭ്യാസങ്ങള്‍ ഈ സോഫ്റ്റ്വെയറില്‍ നിന്ന് ലഭിക്കും.
Loading...
COMMENTS