അതിസമ്പന്നരുടെ ടോപ് 10 ക്ലബിൽ മുകേഷ് അംബാനി 

12:55 PM
22/06/2020

ന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരുടെ ടോപ് 10 പട്ടികയിൽ ഇടംനേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫോർബ്സ് തയാറാക്കിയ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് ഒന്നാംസ്ഥാനത്ത്. ഈ പട്ടികയിൽ ഒമ്പതാമതാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി. 

64.6 ബില്യൺ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ സമ്പത്ത്. 5.3 ബില്യൺ ഡോളറിന്‍റെ വർധനവാണുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതയില്ലാത്ത കമ്പനിയായി ചെയർമാൻ പ്രഖ്യാപിച്ചത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. 58 ദിവസത്തിനുള്ളിൽ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണു കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറ‍ഞ്ഞു.

160.1 ബില്യൺ ഡോളറിന്‍റെ സമ്പത്താണ് ലോക കോടീശ്വരനായ ജെഫ് ബെസോസിനുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (108.6 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, എൽ.വി.എം.എച്ച് ചെയർമാൻ ബെർനാർഡ് ആർനോൾട്ട് (102.8 ബില്യൺ ഡോളർ) മൂന്നാം സ്ഥാനത്തുമാണ്. 

ഫേസ്ബുക്ക് സി.ഇ.ഒ മാർക് സുക്കർബർഗ് 87.9 ബില്യൺ ഡോളർ സമ്പത്തുമായി നാലാം സ്ഥാനത്തുണ്ട്. 

82ാം സ്ഥാനത്തുള്ള ഡി-മാർട്ട് ഹൈപർ മാർക്കറ്റ് സ്ഥാപകൻ രാധാകിഷൻ ധമാനിയാണ് അംബാനിക്ക് ശേഷം ഇന്ത്യയിൽനിന്നുള്ള സമ്പന്നൻ. 16.2 ബില്യൺ ഡോളറാണ് സമ്പാദ്യം. ആദ്യ 100 സ്ഥാനക്കാരിൽ മറ്റ് ഇന്ത്യക്കാർ ഇല്ല. 

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (105ാം സ്ഥാനം), അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി (121), ഭാരതി എയർടെൽ സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ (160) എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റ് സമ്പന്നർ. 

ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. 1.8 ബില്യൺ ഡോളറാണ് സമ്പാദ്യം. കോവിഡ് ലോക്ഡൗൺ കാലത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ സ്ഥാപനങ്ങളിലൊന്നാണ് ബൈജൂസ്. 

കോവിഡ് വ്യാപനം കോടീശ്വരന്മാർക്ക് വൻ തിരിച്ചടിയാണുണ്ടാക്കിയതെന്ന് ഫോർബ്സ് പറയുന്നു. ലോകമാകമാനം 1062 ശതകോടീശ്വരന്മാർക്കാണ് കോവിഡിനെ തുടർന്ന് സമ്പത്തിൽ ഇടിവുണ്ടായത്. 

Loading...
COMMENTS