ജനീവ: ജീവനക്കാരുടെ വിവരങ്ങൾ കൈമാറിയിട്ടില്ലെങ്കിൽ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന സഹായ ഗ്രൂപ്പുകളെ നിരോധിക്കുമെന്ന ഇസ്രായേലിന്റെ പുതിയ നിയമത്തിനെതിരെ 20 രാജ്യങ്ങൾ. ഇസ്രായേലിന്റെ പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ "അങ്ങേയറ്റം ആശങ്കാജനകമാണ്" എന്ന് 18 യൂറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും ജപ്പാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച ഇസ്രായേലിന്റെ സുപ്രീം കോടതി നിയന്ത്രണങ്ങൾ ശരിവച്ചിരുന്നു. സന്നദ്ധ സംഘടനകൾ ഫലസ്തീൻ, അന്താരാഷ്ട്ര ജീവനക്കാരുടെ പട്ടിക ഇസ്രായേൽ സർക്കാരിന് കൈമാറണമെന്നാണ് ഇസ്രായേലിന്റെ പുതിയ നിയമം. ജീവനക്കാരുടെ വിവരം നൽകാത്തതിനാൽ 37 സഹായ ഗ്രൂപ്പുകളെ നിരോധിക്കുകയും ചെയ്തിരുന്നു.
പുതിയ നിയമങ്ങൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് 20 രാജ്യങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലേക്കെത്തുന്ന സഹായം അളവിലും ഗുണനിലവാരത്തിലും പര്യാപ്തമല്ല, അതേസമയം ഏതാണ്ട് മുഴുവൻ ജനങ്ങളും ജീവൻ രക്ഷാ സേവനങ്ങളെ ആശ്രയിച്ചിരിക്കുന്നവരാണെന്നും രാജ്യങ്ങൾ പറഞ്ഞു.
രജിസ്ട്രേഷൻ നിയമം നടപ്പാക്കുന്നതിൽ നിന്ന് ഇസ്രായേൽ പിൻമാറണമെന്നും രാജ്യങ്ങൾ അഭ്യർഥിച്ചു. പുതിയ നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ച ഡസൻ കണക്കിന് സഹായ ഗ്രൂപ്പുകളെ ഇസ്രായേൽ നിരോധിച്ചിട്ടുണ്ട്. ഓക്സ്ഫാം, സേവ് ദി ചിൽഡ്രൻ, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇസ്രായേലി വംശഹത്യക്കിടെ ഗാസയിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതും സന്നദ്ധ സംഘടനകൾക്കിടയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.