യൂറോപ്യന്‍ തീവ്ര വലതുപക്ഷം  ട്രംപിനൊപ്പം

ബ്രസല്‍സ്: മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോഴും യൂറോപ്പിലെ തീവ്ര വലതുപക്ഷം യു.എസ് പ്രസിഡന്‍റിന്‍െറ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്പില്‍ അടുത്തകാലത്തായി കരുത്താര്‍ജിച്ചുവരുന്ന വിവിധ വലതുപക്ഷ കക്ഷികള്‍ ട്രംപിന്‍െറ നടപടിയെ സ്വാഗതംചെയ്തു. ബ്രിട്ടനില്‍ ബ്രെക്സിറ്റ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ‘ധീരമായ’ നടപടി സ്വീകരിച്ച ട്രംപിനെ അഭിനന്ദിച്ചു. 

അമേരിക്കന്‍ മാതൃകയില്‍ ബ്രിട്ടനിലും പ്രവേശന നിരോധനം ഏര്‍പ്പെടുത്തണമെന്ന് യു.കെ.ഐ.പിയുടെ മുന്‍ നേതാവ് നിഗര്‍ ഫറാഷ് പറഞ്ഞു. 2011ല്‍തന്നെ ഒബാമ ഇത്തരത്തിലൊരു നീക്കം നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. പോളണ്ടിലെ ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസും ട്രംപിന് പിന്തുണ അറിയിച്ചു. ഒരു പ്രസിഡന്‍റ് എന്ന നിലയില്‍ ട്രംപിന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അവകാശമുണ്ടെന്ന് പാര്‍ട്ടി നേതാവും പോളിഷ് വിദേശകാര്യ മന്ത്രിയുമായ വിതോല്‍ഡ് വാഷിസ്കോവ്സ്കി പറഞ്ഞു. നെതര്‍ലന്‍ഡ്സിലെ പാര്‍ട്ടി ഫോര്‍ ഫ്രീഡം നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്സും സമാന പ്രസ്താവനയുമായി രംഗത്തത്തെി. മുസ്ലിംകളെ ഒഴിവാക്കുകയാണ് സുരക്ഷിത ജീവിതത്തിനുള്ള ഏക പോംവഴി. സൗദി ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ട്രംപ് ഈ നയം തുടരുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഇറ്റലിയിലെ നോര്‍ത്തേണ്‍ ലീഗ് തുടങ്ങിയ കക്ഷികളും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പില്‍ കുടിയേറ്റത്തിനെതിരെ കടുത്ത പ്രചാരണം നടത്തുന്ന കക്ഷികളാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍. അടുത്തിടെ, പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ നിര്‍ണായക ശക്തിയായിരുന്നു.

News Summary - Trump immigration ban some applause across

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.