തിബത്തന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങി

ധര്‍മശാല: ചൈനീസ് സര്‍ക്കാര്‍ നാടുകടത്തിയ തിബത്തുകാരുടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച ആരംഭിച്ചു. 45 അംഗ പാര്‍ലമെന്‍റ് സീറ്റിലേക്ക് 94 പേരാണ് മത്സരിക്കുന്നത്. ഏപ്രില്‍ 27ന് ഫലം പ്രഖ്യാപിക്കും. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട തിബത്തന്‍ അഭയാര്‍ഥികള്‍ക്ക് ധര്‍മശാല, ബംഗളൂരു, ഡാര്‍ജീലിങ്, ബൈലാകുപ്പെ, ഡറാഡൂണ്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ധര്‍മശാലയിലെ കേന്ദ്രത്തില്‍ നിരവധി തിബത്തന്‍ സന്യാസിമാരും സന്യാസിനിമാരും വോട്ടുചെയ്യാനത്തെി.

ലോകത്താകമാനം 90,000ത്തോളം രജിസ്റ്റര്‍ ചെയ്ത തിബത്തന്‍ അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇന്ത്യക്കു പുറമെ, യു.എസ്, റഷ്യ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ 30 രാജ്യങ്ങളില്‍ തിബത്തന്‍ അഭയാര്‍ഥികളുണ്ട്. പ്രധാനമന്ത്രി (സിക്യോങ്) സ്ഥാനത്തേക്ക് രണ്ടുപേരാണ് മത്സരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രിയായ ലോബ്സാങ് സാങ്ഗായും തിബത്തന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ പെന്‍പ സെറിങ്ങുമാണ് മത്സരാര്‍ഥികള്‍. നിലവിലെ പാര്‍ലമെന്‍റ് കാലാവധി അടുത്തമാസം അവസാനിക്കും. 2015ല്‍ നടന്ന പ്രാഥമിക തെരഞ്ഞെടുപ്പില്‍ സാങ്ഗായി വിജയിച്ചിരുന്നു. പ്രാഥമിക തെരഞ്ഞെടുപ്പില്‍ 47,105 പേരാണ് വോട്ട് ചെയ്തത്. പൊതു തെരഞ്ഞെടുപ്പില്‍ 90,377 പേര്‍ക്ക് വോട്ടവകാശമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. 2011ല്‍ ദലൈലാമ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയശേഷം തിബത്തന്‍ അഭയാര്‍ഥി സമൂഹത്തില്‍ നടക്കുന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്. ദലൈലാമ ചികിത്സയിലാണെന്നാണ് വിവരം.

ധര്‍മശാലയിലെ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നതെന്ന് തിബത്തന്‍ ഭരണകൂടവൃത്തങ്ങള്‍ പറഞ്ഞു.
തിബത്തുകളുടെ തെരഞ്ഞെടുപ്പിനെയും പ്രധാനമന്ത്രിയെയും ചൈന അംഗീകരിക്കാറില്ല. ചൈനയുമായി സമാധാനനീക്കങ്ങള്‍ക്ക് ശ്രമിക്കുമെന്നും ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്നു സാങ്ഗായ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.