എന്‍.എസ്.ജി: ഇന്ത്യയെ തടയുന്നത് ചൈന –അമേരിക്ക

വാഷിങ്ടണ്‍:  ആണവദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനം തടയുന്നത് ചൈനയാണെന്ന് അമേരിക്ക. കൂട്ടത്തില്‍നിന്ന് മാറിനടക്കുന്ന സ്വഭാവമാണ് ചൈനക്കെന്നും അമേരിക്ക കുറ്റപ്പെടുത്തി. യു.എസില്‍  അധികാരമാറ്റത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെയാണ് ദക്ഷിണ-മധ്യേഷ്യ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് ഇങ്ങനെ പറഞ്ഞത്.

ഈ മാസം 20നാണ് ഒബാമ പ്രസിഡന്‍റ് പദവിയൊഴിഞ്ഞ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്. സുപ്രധാന ആണവരാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം കിട്ടാത്തത് ചൈനയുടെ കടുത്ത എതിര്‍പ്പുമൂലമാണ്. ഇന്ത്യ എന്‍.എസ്.ജി അംഗത്വത്തിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന്  പ്രസിഡന്‍റ് ഒബാമ നേരത്തെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  ഇതുവരെ  ഈ വിഷയത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാര കൈമാറ്റം നടന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ടുതന്നെ മുന്നോട്ട് പോകണം.

ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും ബിസ്വാള്‍ പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കരുതെന്ന നിലപാടുയര്‍ത്തിയാണ് ചൈന ഇന്ത്യയെ എതിര്‍ക്കുന്നത്. എന്നാല്‍, എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത പാകിസ്താനെ പിന്തുണച്ചുകൊണ്ട് വിവേചനപരമല്ലാത്ത നിലപാടാണ് ചൈന കൈക്കൊള്ളുന്നതെന്നും ബിസ്വാള്‍ കൂട്ടിച്ചേര്‍ത്തു.

News Summary - america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.