ഒളിമ്പിക്​ ഫുട്​ബോൾ: അർജൻറീന വീണു, ബ്രസീൽ വിറച്ചു

റിയോ ഡെ ജനീറോ: മഹാമേളയുടെ കൊടിയേറ്റത്തിനു മുമ്പേ ബ്രസീലിലെ ഫുട്ബാള്‍ സ്റ്റേഡിയങ്ങളില്‍ ആവേശത്തിന്‍െറ തിരയിളക്കം. നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബ്രസീല്‍ ജനതയെ കാല്‍പന്തിനോളം ത്രസിപ്പിക്കാന്‍ മറ്റൊരു കളിക്കും സാധ്യമല്ളെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. ആദ്യ ദിവസം കണ്ട ആവേശക്കുറവ് വ്യാഴാഴ്ച ബ്രസീലും അര്‍ജന്‍റീനയും മൈതാനത്തിറങ്ങിയതോടെ മാറി. വ്യാഴാഴ്ച നടന്ന ബ്രസീല്‍- ദക്ഷിണാഫ്രിക്ക, അര്‍ജന്‍റീന- പോര്‍ചുഗല്‍ മത്സരവും കാണാന്‍ ജനം ഇരമ്പിയത്തെി.

ഇത്തവണ കന്നി ഒളിമ്പിക് സ്വര്‍ണം സ്വന്തം മണ്ണില്‍ തന്നെ സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ ബ്രസീലിയയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് പിന്തുണയുമായി ഗാലറി നിറച്ചവര്‍ അവസാനം നിരാശരായി. ദക്ഷിണാഫ്രിക്കയോട് ഗോള്‍രഹിത സമനില. ഗ്രൂപ് ‘എ’യില്‍ ഡെന്മാര്‍ക്കും ഇറാഖുമാണ് മറ്റു ടീമുകളെന്നത് നെയ്മറിനും സംഘത്തിനും ആധി കുറക്കുന്നുണ്ടെങ്കിലും സ്വന്തം മണ്ണിലെ പരാജയ ചരിത്രങ്ങള്‍ അവരെ തുറിച്ചുനോക്കുന്നു. അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിന്‍െറ വരുതിയില്‍ ഇതുവരെ വഴങ്ങാത്തതാണ് ഒളിമ്പിക് വിജയം.

റിയോ ഡെ ജനീറോയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന പോര്‍ചുഗല്‍-അര്‍ജന്‍റീന മത്സരം ആദ്യവസാനം ആവേശകരമായിരുന്നു. നിലക്കാത്ത പന്തിന് നിറഞ്ഞ ഗാലറി നിര്‍ത്താതെ ആരവംമുഴക്കി പിന്തുണ നല്‍കി. രണ്ടു തവണ ജേതാക്കളായ അര്‍ജന്‍റീനയെക്കാള്‍ ആദ്യ സ്വര്‍ണം തേടിയിറങ്ങിയ പോര്‍ചുഗലിനായിരുന്നു പിന്തുണ കൂടുതല്‍.പോര്‍ചുഗല്‍ രണ്ടു ഗോളിന് ജയിക്കുകയും ചെയ്തു. അതേസമയം, നിലവിലെ ജേതാക്കളായ മെക്സികോയും ജര്‍മനിയും തമ്മിലുള്ള മത്സരം 2-2ന് സമനിലയിലായി. സ്വീഡനും കൊളംബിയയും തമ്മിലുള്ള മത്സരവും ഇതേ സ്കോറിലാണ് അവസാനിച്ചത്.

എന്നാല്‍, അമസോണിയ അറീനയില്‍ നടന്ന നൈജീരിയ-ജപ്പാന്‍ മത്സരത്തില്‍ ഗോളുകളുടെ പെരുമഴയായി. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ ആഫ്രിക്കക്കാര്‍ ആദ്യ വിജയം വരവുവെച്ചു. വിമാനം വൈകിയതിനാല്‍ റിയോയില്‍ മത്സരത്തിന് തൊട്ടുമുമ്പത്തെിയ നൈജീരിയക്കാര്‍ ആ ദേഷ്യമെല്ലാം ജപ്പാന്‍ വലയില്‍ അടിച്ചുകയറ്റി. 2-5ന് പിന്നിലായിരുന്ന ജപ്പാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വൈകിപ്പോയിരുന്നു.
രാജ്യത്തെ ആറു നഗരങ്ങളിലായാണ് 16 ടീമുകള്‍ മത്സരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.