യൂറോ യോഗ്യതാ റൗണ്ടില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍

ആംസ്റ്റര്‍ഡാം: പുതിയ നായകന്‍, പുതിയ കോച്ച്. മുന്നിലുള്ള ലക്ഷ്യത്തിന് വന്‍മലയോളം വലുപ്പവും. അതു നേടിയെടുക്കാനാകട്ടെ ആവശ്യമായ സമയവുമില്ലതാനും. ഡച്ചുകാരുടെ യൂറോകപ്പ് യോഗ്യതാമോഹങ്ങള്‍ തുലാസ്സിലായതോടെയാണ് പരിശീലക സ്ഥാനത്തുനിന്ന് ഗസ് ഹിഡിങ്കിനെ പുറത്താക്കിയതും പുതിയ കോച്ചായി ഡാനി ബ്ളിന്‍ഡിനെ നിയമിച്ചതുമെല്ലാം. മൂന്നുവര്‍ഷമായി ഡച്ച് പടയുടെ സഹപരിശീലകനായിരുന്ന ബ്ളിന്‍ഡിന് ഹിമാലയന്‍ ലക്ഷ്യം വെട്ടിപ്പിടിക്കാന്‍ ഇനി രണ്ടേ രണ്ടു മത്സരം. അവയിലൊരു മത്സരത്തില്‍ തലസ്ഥാനനഗരിയായ ആംസ്റ്റര്‍ഡാമില്‍ ഡച്ചുപടയെ വെല്ലുവിളിക്കാന്‍ ഐസ്ലന്‍ഡ് ബൂട്ടണിഞ്ഞിറങ്ങും.
ഫിനിഷിങ് പോയന്‍റിനോടടുക്കുന്ന യൂറോകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങളില്‍ ഇന്ന് ശ്രദ്ധേയമാകുന്നത് ഗ്രൂപ് ‘എ’യിലെ നെതര്‍ലന്‍ഡ്സ്-ഐസ്ലന്‍ഡ് പോരാട്ടമാകും.
കടലാസിലും കളത്തിലും കരുത്ത് നെതര്‍ലന്‍ഡ്സിനാണെങ്കിലും കണക്കുകളില്‍ ഐസ്ലന്‍ഡാണ് മുന്നില്‍. ഗ്രൂപ്പില്‍ ആറില്‍ അഞ്ച് ജയവും ഒരു തോല്‍വിയുമായി 15 പോയന്‍റുള്ള ഐസ്ലന്‍ഡ് ഒന്നാം സ്ഥാനത്ത്. 13 പോയന്‍റുള്ള ചെക് റിപ്പബ്ളിക് രണ്ടാം സ്ഥാനത്തും. 10 പോയന്‍റുമായി നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനത്തുമാണ്.
ആറ് ടീമുകളുള്ള ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമാണ് യൂറോയില്‍ പന്തുതട്ടാന്‍ നേരിട്ട് യോഗ്യത. മൂന്നാമന്മാരിലെ ആദ്യ സ്ഥാനക്കാരനും നേരിട്ടു കടക്കാം. ശേഷിച്ചവര്‍ പ്ളേഓഫില്‍കൂടി ജയിച്ചെങ്കിലോ യൂറോയിലേക്ക് ടിക്കറ്റ് ലഭിക്കൂ. ഈ ഭാഗ്യപരീക്ഷണമൊഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് ഡച്ച് കോച്ച് ഡാനി ബ്ളിന്‍ഡ്. ആഗസ്റ്റ് ഒന്നിന് ഹിഡിങ്കിന്‍െറ പിന്‍ഗാമിയായി സ്ഥാനമേറ്റ നാള്‍ മുതല്‍ മുന്‍ ഡച്ച് സെന്‍റര്‍ബാക് കൂടിയായ ബ്ളിന്‍ഡ് തീവ്ര ശ്രമത്തിലുമാണ്. ടീമും കളിക്കാരും അപരിചിതരല്ളെന്നു മാത്രമാണ് ബ്ളിന്‍ഡിന് ആശ്വാസമാകുന്നത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഐസ്ലന്‍ഡും ശേഷിച്ച മൂന്ന് മത്സരങ്ങളില്‍ തുര്‍ക്കി, കസാഖ്സ്താന്‍, ചെക് റിപ്പബ്ളിക് എന്നിവരുമാണ് നെതര്‍ലന്‍ഡ്സിന്‍െറ എതിരാളികള്‍. മൂന്ന് മത്സരങ്ങളെങ്കിലും ജയിച്ചാലേ ടീമിന് പരീക്ഷണങ്ങളില്ലാതെ യോഗ്യത നേടാനാകൂ.
ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്ന് മൂന്ന് പോയന്‍റുമാത്രം നേടാന്‍ കഴിഞ്ഞതാണ് ഹിഡിങ്കിന് തിരിച്ചടിയായത്. തുടക്കത്തിലെ വീഴ്ചയില്‍നിന്ന് തിരിച്ചുകയറാന്‍ പണിപ്പെട്ടതോടെ നില പരുങ്ങലിലുമായി.
റോബിന്‍ വാന്‍പെഴ്സിയെ മാറ്റി ആര്‍യെന്‍ റോബനാണ് ടീം ക്യാപ്റ്റന്‍. റോബിന്‍ ഉപനായകനും. പരിചയസമ്പന്നരായ സീനിയര്‍ തരങ്ങളെയെല്ലാം അണിനിരത്തിതന്നെയാണ് ഡച്ചുകാര്‍ രണ്ടും കല്‍പിച്ചിറങ്ങുന്നത്. ഗ്രൂപ്പില്‍ എട്ടു പോയന്‍റുള്ള തുര്‍ക്കി ഇന്ന് ലാത്വിയയെ നേരിടും.
ഗ്രൂപ് ‘ബി’യില്‍ വെയ്ല്‍സിനു പിന്നിലായ ബെല്‍ജിയം ഇന്ന് ബോസ്നിയ ഹെര്‍സഗോവിനയെ നേരിടും. ആറ് കളിയില്‍ മൂന്ന് ജയമുള്ള ബെല്‍ജിയത്തിന് 11 പോയന്‍റാണ് സമ്പാദ്യം. ഒന്നാമതുള്ള വെയ്ല്‍സിന് 14 പോയന്‍റും.
ഗ്രൂപ് ‘എച്ചി’ല്‍ ക്രൊയേഷ്യ ഒന്നും (13), ഇറ്റലി (12) രണ്ടും സ്ഥാനത്താണ്. ഒക്ടോബര്‍ 13ഓടെ ഗ്രൂപ് റൗണ്ടിലെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാകും.

ഇന്നത്തെ മത്സരങ്ങള്‍
ബെല്‍ജിയം x ബോസ്നിയ
ബള്‍ഗേറിയ x നോര്‍വേ
സൈപ്രസ് x വെയ്ല്‍സ്
ചെക് റിപ്പബ്ളിക് x  കസാഖ്സ്താന്‍
ഇസ്രായേല്‍ x അന്‍ഡോറ
ഇറ്റലി x മാള്‍ട്ട
നെതര്‍ലന്‍ഡ്സ് x ഐസ്ലന്‍ഡ്
തുര്‍ക്കി x ലാത്വിയ
ജോര്‍ജിയ x സ്കോട്ലന്‍ഡ്
അസര്‍ബൈജാന്‍ x ക്രൊയേഷ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.