ലണ്ടൻ: 400 മീറ്റ൪ ഓട്ടത്തിൽ ലോക ചാമ്പ്യൻ കിരാനി ജെയിംസിൻെറ വിജയഗാഥ. ഒളിമ്പിക്സിൽ മൂന്നു പതിറ്റാണ്ടുകാലം അമേരിക്കക്കാ൪ കുത്തകയാക്കിയ ഇനത്തിൽ 43.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വ൪ണം നേടിയ 19കാരൻ കരീബിയൻ രാജ്യമായ ഗ്രാനഡക്ക് ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡൽ വാങ്ങിക്കൊടുത്തു. തുട൪ന്നുള്ള സ്ഥാനങ്ങളിലെത്തിയ ഡൊമിനിക്കൻ റിപ്പബ്ളിക്കിൻെറ ലുഗുവെലിൻ സാൻറോസിനും (44.46) ട്രിനിഡാഡ്-ടുബേഗോയുടെ ലാലോൻഡെ ഗോ൪ഡനും (44.52) കിരാനിക്ക് കാര്യമായി വെല്ലുവിളി ഉയ൪ത്താനായില്ല.
400 മീറ്റ൪ 44 സെക്കൻഡിൽ താഴെ പൂ൪ത്തിയാക്കുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത അത്ലറ്റാണ് കിരാനി. 1999ൽ യു.എസ് താരം മൈക്കൽ ജോൺസൺ കുറിച്ച 43.18 സെക്കൻഡാണ് ഈ ഇനത്തിൽ ലോക റെക്കോഡ്. 44.60ൽ ഫിനിഷ് ചെയ്ത് 2011ലെ ദേഗു ലോക ചാമ്പ്യൻഷിപ്പിൽ ഒന്നാമനായ ഗ്രാനഡക്കാരൻ തിങ്കളാഴ്ച വൈകീട്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്വന്തം പേരിലേക്ക് എഴുതിച്ചേ൪ത്തത് കരീബിയൻ റെക്കോഡ് കൂടിയാണ്.
ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായി അറിയപ്പെടുന്ന ജമൈക്കൻ താരം ഉസൈൻ ബോൾട്ടിനേക്കാൾ കേമൻ പ്രകടനമാണ് 400 മീറ്ററിൽ കിരാനിയുടെത്. 16ാം വയസ്സിൽ 45.35 സെക്കൻഡിലാണ് ബോൾട്ട് ഈ ദൂരം ഓടിയതെങ്കിൽ ഇതേ പ്രായക്കാരനായിരിക്കെ 45.24ൽ പൂ൪ത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 400 മീറ്ററിൽ 13, 14, 15 വയസ്സിലുള്ളവരുടെ ലോക റെക്കോഡും മറ്റാരുടെയും പേരിലല്ല.
ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ 200, 400 മീറ്ററുകളിൽ സ്വ൪ണം നേടിയിട്ടുണ്ടെങ്കിലും 200ലേക്ക് മാറാൻ പരിപാടിയില്ലെന്ന് അലബാമ സ൪വകലാശാല വിദ്യാ൪ഥിയായ കിരാനി പറഞ്ഞു. 400 ലെ തൻെറ റെക്കോഡ് തക൪ക്കാൻ ഏറ്റവും സാധ്യത ഈ യുവാവിനുതന്നെയാണെന്നാണ് ജോൺസൻെറ പക്ഷം. ആദ്യ ഒളിമ്പിക് മെഡൽ, അതും സ്വ൪ണത്തിൻെറ രൂപത്തിൽ ലഭിച്ചതോടെ ഒരു ലക്ഷത്തിനു മുകളിൽ മാത്രം ജനസംഖ്യയുള്ള ഗ്രാനഡ ആഘോഷത്തിലാണ്. കിരാനി രാജ്യത്തിൻെറ അഭിമാനമുയ൪ത്തിയതിൽ താൻ അതീവ സന്തോഷവാനാണെന്ന് മത്സ്യത്തൊഴിലാളിയായ പിതാവ് ജെയിംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.